കണ്ണൂര്‍: സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ക്രമസമാധാനപാലത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ വളരെ പിന്നിലാണ്. ഡിജിപി തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്നും പിണറായി പറഞ്ഞു. ധര്‍മടത്ത് എല്‍ഡിഎഫ് കുടുംബസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം.
പാവപ്പെട്ടവര്‍ക്കുനേരേ എന്തുമാകാമെന്ന സ്ഥിതിയാണുള്ളത്. പെണ്‍കുട്ടികള്‍ക്കു സമാധാനത്തോടെ ജീവിക്കാനാകുന്നില്ല. ക്രമസമാധാന നിലതകര്‍ന്നതിന് ഇതിലും വലിയ തെളിവില്ല. പെരുമ്പാവൂരില്‍ ജിഷയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം വഴിതിരിച്ചുവിടുന്നതിന് ഉന്നതതല ഇടപെടലുണ്ടായിട്ടുണ്ട്. കേസന്വേഷണത്തില്‍ പോലീസിന്റേതായ രീതികളെല്ലാം ഒഴിവാക്കുകയായിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലാണ് ഈ രീതിയില്‍ നീങ്ങാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. ഇതേക്കുറിച്ചും അന്വേഷിക്കണമെന്നും പിണറായി പറഞ്ഞു.