വി.ശ്രീകാന്ത്
“”എന്താന്നറിയില്ല, ഏത് ലൊക്കേഷനില്‍ ചെന്നാലും എന്നെ എല്ലാവര്ക്കും ഭയങ്കര കാര്യാണ്… ഞാന്‍ ഭയങ്കര സംഭവമായത് കൊണ്ടാല്ലാട്ടോ അത്. കോഴിക്കോടന്‍ ഭാഷ ഞാന്‍ പറഞ്ഞുകേള്‍ക്കുന്നതിലെ ഇഷ്ടം കൊണ്ടാണ്. ദൈവം അനുഗ്രഹിച്ച് തന്നെയാവും എന്നെ കോഴിക്കോട്ടുകാരനാക്കിയത്. അതുകൊണ്ടല്ലേ കുഞ്ഞുനാളിലെ സ്വപ്നം കണ്ട് നടന്ന സിനിമ ലോകത്തേക്ക് കോഴിക്കോടന്‍ ശൈലിയിലുള്ള ഭാഷ എനിക്ക് വഴി തുറന്നു തന്നത്.”- ഒപ്പത്തിലും വെല്‍കം ടു സെന്‍ട്രല്‍ ജയിലിലും ചുള്ളന് കൗണ്ടറുകള്‍ കൊണ്ട് തിയറ്ററില്‍ ചിരിമയം തീര്‍ത്ത ഹരീഷ് കണാരന് തന്റെ സിനിമ വിശേഷങ്ങള്‍ രാഷ്്ട്രദീപികയോട് പങ്കുവെയ്ക്കുന്നു.
ലാലേട്ടനെ കാണാനുള്ള ഓട്ടത്തിനിടയില്‍
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അദൈ്വതം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് അച്ഛന്റെ കൈയും പിടിച്ച് ലാലേട്ടനെ കാണാന്‍ ഓടിപ്പിടിച്ച് പോയിട്ടുണ്ട്. എന്നാല്‍ അന്ന് ലാലേട്ടനെ കാണാന്‍ പറ്റിയില്ല. അന്ന് എന്നേക്കാളേറെ വിഷമമായത് അച്ഛനായിരുന്നു. പിന്നീട് കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ ലൊക്കേഷനില്‍ ലാലേട്ടനെ കാണാന്‍ സുഹൃത്തുക്കളോടൊപ്പം തിക്കിത്തിരക്കി ചെന്നെങ്കിലും അന്നും നിരാശ തന്നെയായിരുന്നു ഫലം. പിന്നീട് സ്റ്റേജ് ഷോകളിലും മറ്റും ലാലേട്ടന് വരുന്നുണ്ടെന്നറിഞ്ഞാല്‍ പിന്നെ അങ്ങോട്ടായി ഓട്ടം. എന്നാല്‍ ഓടിയത് മാത്രം മിച്ചം. അടുത്ത് നിന്ന് പോയിട്ട് അകലെ നിന്നുപോലും ലാലേട്ടനെ ഒരുനോക്ക് കാണാന്‍ പറ്റിയിട്ടില്ല. ലാലേട്ടനെ കാണാന്‍ ഇത്രയെക്കെ ഓടിയത് കൊണ്ടാവാം ദൈവം ഒടുവില്‍ ഒപ്പം സിനിമയിലേക്കെത്തിച്ചത്.
ഒപ്പം
ശരിക്കും പറഞ്ഞാല്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഓണത്തിന് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ലാലേട്ടനൊപ്പമുള്ള ഒപ്പം. ലൊക്കേഷനില്‍ വന്ന് ആദ്യം കണ്ടപ്പോള്‍ എന്താണ് പറയേണ്ടതെന്നോ, ചിരിക്കണോ വേണ്ടയോ എന്നൊന്നും അറിയാത്തൊരു അവസ്ഥ. പക്ഷേ എന്റെ മുഖത്തെ ചിരി കണ്ടതോടെ ലാലേട്ടന് എനിക്കുമൊരു ചിരിസമ്മാനിച്ചു. പിന്നെ പരിചയപ്പെടലായി, ചറപറാന്നുള്ള സംസാരമായി, ലാലേട്ടനെ കാണാന്‍ ഓടി നടന്ന സംഭവങ്ങളെല്ലാം പറഞ്ഞപ്പോള്‍ ലാലേട്ടന് എന്നെ കെട്ടിപിടിച്ച് കുറച്ചുനേരം നിന്നു. ഇതൊന്നും സ്വപ്നമല്ലാന്ന് വിശ്വസിക്കാന്‍ കുറച്ചു സമയമെടുത്തു. പെരുത്ത് സന്തോഷം തന്ന അന്നത്തെ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല.
ഒപ്പത്തില്‍ വീരന്
വീരന് എന്ന സെക്യൂരിറ്റിക്കാരന്റെ വേഷമാണ് ഒപ്പത്തിലെനിക്ക്. ലൊക്കേഷനില്‍ ഉണ്ടായിരുന്ന സ്വാതന്ത്ര്യം കൊണ്ടു തന്നെ നല്ല രീതിയില്‍ അഭിനയിക്കാന്‍ പറ്റി. ചിത്രം തിയറ്ററിലെത്തി നിറഞ്ഞസദസില്‍ ഓടുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. പണ്ട് ലാലേട്ടന്റെ സിനിമ കാണാന്‍ ടിക്കറ്റെടുക്കാന്‍ എത്ര ഇടികൊണ്ടിട്ടുണ്ടെന്നോ ഇന്നിപ്പോള്‍ ലാലേട്ടനൊപ്പം അഭിനയിച്ച ഒപ്പം കാണാന്‍ തിയറ്ററില്‍ പ്രേക്ഷകര്‍ ഇടികൂട്ടുന്നത് കാണുമ്പോള്‍ പഴയ ഓര്‍മകളാണ് മനസിലേക്ക് ഓടിയെത്തുന്നത്. പ്രിയദര്ശന് സാര്‍ ടു കണ്ട്രീസിലെ എന്റെ വേഷം ഇഷ്ടപ്പെട്ടിട്ടാണ് ഒപ്പത്തിലെ സെക്യൂരിറ്റി വേഷം എനിക്കു തന്നത്. ഇതൊക്കെ ഒരു ഭാഗ്യമാണ് ആ ഭാഗ്യത്തിനൊപ്പമുള്ള ഓട്ടത്തിലാണ് ഞാന്‍.
വെല്‍കം ടു സെന്‍ട്രല്‍ ജയില്‍
ഓണത്തിന് രണ്ടു ചിത്രങ്ങള്‍ അതും രണ്ടു ജനപ്രിയ താരങ്ങളോടൊപ്പം. ഇതില്‍പ്പരം സന്തോഷം വേറൊന്നുമില്ല. ദിലീപേട്ടനോടൊപ്പമുള്ള മൂന്നാമത്തെ ചിത്രമാണ് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍. ടു കണ്ട്രീസിലും കിംഗ് ലയറിലും ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ പ്രേക്ഷകര്‍ നന്നേ രസിച്ചിരുന്നു. വെല്‍കം ടു സെന്‍ട്രല്‍ ജയിലും തിയറ്ററുകളില്‍ ചിരി ഉണര്‍ത്തുന്നുണ്ടെന്നാണ് കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. ജയില്‍പുള്ളിയുടെ വേഷമാണ് ഈ ചിത്രത്തില്‍ എന്റേത്. ഒപ്പത്തിനൊപ്പം ദിലീപ് ചിത്രവും പ്രേക്ഷകരുടെ മനം കവരുന്നു എന്നറിയുമ്പോള്‍ ചെറിയ വേഷങ്ങളാണെങ്കിലും ഞാനും ആ ചിത്രങ്ങളുടെ ഭാഗമായതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
കോഴിക്കോടന്‍ ഭാഷാ ശൈലി പ്രശ്നക്കാരനാകുമോ…
ഇതുവരെ ഈ ശൈലിയാണ് എനിക്ക് ഭാഗ്യം സമ്മാനിച്ചത്. ഈ ശൈലിയില്ലെങ്കില്‍ പിന്നെങ്ങനെ എന്റെ സ്വപ്നം സഫലമാകും. എനിക്കായി വേഷങ്ങള്‍ ഉണ്ടാകുന്നതും ഒരു സിനിമയില്‍ നിന്നും മറ്റൊരു സിനിമയിലേക്ക് എന്നെ എത്തിക്കുന്നതും ഈ ശൈലി തന്നെയാണ്. കൂടപ്പിറപ്പിനെ പോലെ കൂടെയുള്ള ഈ ഭാഷ ശൈലി ഇതുവരെ എനിക്കൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. മറിച്ച് കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ തന്നിട്ടേയുള്ളു. സിനിമയില്‍ തന്നെ ഒരുപാട് സുഹൃത്തുക്കളുണ്ടായത് ഈ ശൈലി അവര്‍ക്ക് ഏറെ ഇഷ്ടമായത് കൊണ്ടാണ്. ഇതുവരെ പ്രശ്നംഉണ്ടാക്കാത്ത കോഴിക്കോടന്‍ ശൈലി ഇനിയങ്ങോട്ടും ഒരു പ്രശ്നക്കാരനാകില്ലായെന്നാണ് മനസ് പറയുന്നത്.
അടിച്ചുപൊളി മനുഷ്യര്‍
മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് വന്നതോടെ പ്രമുഖരായ പല താരങ്ങളും നല്ല സുഹൃത്തുക്കളായി. സൗഹൃദം വേര്തിരിക്കാനുള്ളതല്ലാലോ… അതുകൊണ്ടു തന്നെ ആരോടാണ് കൂടുതല്‍ ഇഷ്ടമെന്നു ചോദിച്ചാല്‍ എല്ലാവരേയും ഒരുപോലെ ഇഷ്ടമാണെന്നേ പറയാന്‍പറ്റൂ. ബിജുവേട്ടന്റെ(ബിജു മേനോന്) കൂടെ സാള്‍ട്ട് മാംഗോ ട്രീയില്‍ അഭിനയിച്ചപ്പോള്‍ തന്നെ നല്ല കമ്പനിയായി. അതിനു ശേഷം മരുഭൂമിയിലെ ആനയിലും അഭിനയിച്ചു. ഡയലോഗ് പ്രസന്റേഷനില്‍ എന്തെങ്കിലും കുറവ് കണ്ടാലോ മാറ്റം വരുത്തണമെങ്കിലോ ബിജുവേട്ടന് പറഞ്ഞുതരാറുണ്ട്. ദിലീപേട്ടന് പിന്നെ ജോളി ടൈപ്പാണ്്. ദിലീപേട്ടന്റെ കൂടെ ഉള്ള കോമ്പിനേഷന്‍ രംഗങ്ങളെല്ലാം ജോറായിട്ട് അഭിനയിക്കാന്‍ പറ്റിയതും അദ്ദേഹം തന്ന പിന്തുണകൊണ്ടു തന്നെയാണ്. പിന്നെ ലാലേട്ടന്റെ കൂടെ ആദ്യമായിട്ടല്ലേ… ഒപ്പത്തില്‍ ഒപ്പം അഭിനയിക്കാന്‍ പറ്റിയത് തന്നെ വലിയ കാര്യമാണ്. പ്രേക്ഷക ഹൃദയങ്ങളില്‍ എന്നും സ്ഥാനമുള്ള ഇവരെല്ലാരും തന്നെ മലയാള സിനിമയിലെ അടിപൊളി മനുഷ്യരല്ലേ.അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കിട്ടുന്ന അവസരം ഞാനും അടിപൊളിയാക്കാന്‍ ശ്രമിക്കാറുണ്ട്.
ഒരേ ശൈലിയില്‍ തന്നെ മുഴുവന്‍ ചിത്രങ്ങളും
2014-ല്‍ ഉത്സകമ്മിറ്റിയില് തുടങ്ങി വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ വരെ അഭിനയിച്ച എല്ലാ ചിത്രങ്ങളിലും കോഴിക്കോടന്‍ ശൈലിയിലുള്ള ഭാഷ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരേ ശൈലിയാണന്നേയുള്ളു എന്നേ തേടിയെത്തുന്നതെല്ലാം വ്യത്യസ്തമായ കോമഡി വേഷങ്ങള്‍ തന്നെയാണ്. ഇതുവരെ മോശം അഭിപ്രായം വന്നിട്ടില്ല അത് സംവിധായകര്‍ എനിക്കായി തരുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നതു കൊണ്ടല്ലേ. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്.ഭാഷ ശൈലി ഒന്നാണെങ്കിലും കിട്ടുന്ന വേഷങ്ങള്‍ നല്ലരീതിയില്‍ അവതരിപ്പിക്കണമെന്നു തന്നെയാണ് ആഗ്രഹം.
ശൈലി മാറ്റിയുള്ള അഭിനയം
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ജാലിയന്‍ കണാരന് എന്ന കഥാപാത്രമാണ് എന്നെ സിനിമയിലെത്തിച്ചത്. അന്നു മുതല്‍ ഇന്നുവരെ തേടിയെത്തിയ ചിത്രങ്ങള്‍ അത്രയും എന്നോട് ഇതേ ശൈലി ആവര്‍ത്തിക്കാനാണ് പറഞ്ഞത്. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ടാവാം അത്തരത്തിലുള്ള വേഷങ്ങള്‍ എനിക്കായി സംവിധായകര്‍ തരുന്നത്. ഇനി അങ്ങനെയല്ല മറ്റൊരു രീതിയില്‍ അവതരിപ്പിക്കാന്‍ പറഞ്ഞാലും ഞാന്‍ ചെയ്യും. സിനിമ എന്റെ സ്വപ്നമാണ് അതിലേക്ക് എത്തപ്പെട്ടപ്പോള്‍ മുതല്‍ ഇങ്ങോട്ട് കിട്ടിയ വേഷങ്ങള്‍ അത്രയും നന്നാക്കാന്‍ ശ്രമിച്ചിട്ടേയുള്ളു. ഇനിയും അതുപോലെയായിരിക്കും. ഏതു തരത്തിലുള്ള വേഷങ്ങള്‍ വന്നാലും ചെയ്യാന്‍ ഞാന്‍ റെഡിയാണ്.
കെട്ടിപ്പിടിച്ചൊരു ഉമ്മ
കോഴിക്കോടെന്നു മാത്രമല്ല ഏതു ജില്ലയില്‍ ഷൂട്ടിംഗിന് ചെന്നാലും പലരും അടുത്തുവെന്ന് ഫോട്ടോ എടുക്കാനും സംസാരിക്കാനും വരാറുണ്ട്. എല്ലാവരും എന്നെ ഇഷ്ടപ്പെടുന്നുവെന്നു പറയുന്നത് തന്നെ സന്തോഷം തരുന്ന കാര്യമല്ലേ. തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുന്ന അവസരത്തില്‍ ഒരാള്‍ പെട്ടെന്ന് വന്ന് കെട്ടിപ്പിടിച്ചൊരു ഉമ്മ തന്നു. ശരിക്കും പറഞ്ഞാല്‍ ഞെട്ടിപ്പോയി. എന്താണ് സംഭവം എന്ന് അറിയില്ലല്ലോ… പിന്നെ കക്ഷി പറഞ്ഞു എന്നെ ഭയങ്കര ഇഷ്ടാണ്, സിനിമ നന്നായി ചെയ്യുന്നുണ്ടെന്നെല്ലാം… തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എവിടെ ഷൂട്ടുണ്ടേലും അവിടെ ചെല്ലുമ്പോളെല്ലാം പരിസരവാസികളും മറ്റും അടുത്തുവന്ന് സംസാരിക്കാറുണ്ട്.ഇതൊക്കെ തന്നെ വലിയ കാര്യമല്ലേ.
നാട്ടിലും വീട്ടിലും താരമല്ല
നാട്ടിലൊക്കെ എന്ത് താരമെടോ… അന്നും ഇന്നും ഞാന്‍ അവരുടെ ഹരീഷ് തന്നെയാണ്. റിയാലിറ്റി ഷോ ചെയ്യാന്‍ തുടങ്ങിയത് മുതല്‍ ഇങ്ങോട്ട് അവര്‍ എനിക്ക് തരുന്ന പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പിന്നെ വീട് അവിടുത്തെ അന്തരീക്ഷം… അഭിനയിച്ച ഓരോ കഥാപാത്രത്തിലേയും കുറ്റവും കുറവുമെല്ലാം ഒരു നിരൂപകയെ പോലെ ഭാര്യ സന്ധ്യ കൃത്യമായി എനിക്കു പറഞ്ഞു തരാറുണ്ട്.
മകന് ധ്യാന്‍ കുട്ടിയാണെങ്കിലും ടിവിയില്‍ എന്നേക്കാണുമ്പോള്‍ അവന്റെ മുഖത്ത് വിരിയുന്ന ചിരി ഒന്നു കാണേണ്ടതു തന്നെയാണ്. വീട്ടിലായാലും നാട്ടിലായാലും അന്നും ഇന്നും ഞാനൊരു സാധാരണക്കാരനാണ്.
കൈനിറയെ ചിത്രങ്ങള്‍
അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം ബിജു ചേട്ടനോടൊപ്പമുള്ള സ്വര്‍ണക്കടുവയാണ്. പിന്നെ സംവിധായകന് ബേസില്‍ ജോസഫിന്റെ ഗോദ. ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലാണ്. ദൈവഭാഗ്യം കൊണ്ട് ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങള്‍ എന്നെ തേടിയെത്തുന്നുണ്ട് സിനിമയാണ് എന്റെ ലോകം അതാണ് എന്റെ ജീവിതവും. പ്രേക്ഷകര്‍ തുടക്കം മുതല്‍ തരുന്ന പിന്തുണ തുടര്‍ന്നുമുണ്ടാകുമെന്നു തന്നെയാണ് വിശ്വാസം.