തൃശൂര്‍: സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഗീത ഗോപിനാഥ് ഇന്ത്യക്കാരിയാണോ അമേരിക്കക്കാരിയാണോയെന്നു പരിശോധിക്കുന്നത് നല്ലതാണെന്ന് അമേരിക്കയിലെ പ്യൂട്ടോറിക്ക യൂണിവേസ്റ്റി ഗ്രാജുവേറ്റ് സ്കൂള്‍ ഓഫ് ബിസിസനസിലെ പ്രഫസറും പ്രമുഖ മാനേജുമെന്റ് വിദഗ്ധനും മലയാളിയുമായ ജസ്റ്റിന്‍ പോള്‍ അവിട്ടപ്പിള്ളി.
കേരളത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവാകുന്നയാള്‍ കേരളത്തില്‍ ജീവിച്ചു വളരുകയും കേരളത്തിന്റെ സ്വഭാവങ്ങളും ആവശ്യകതകളും മനസിലാക്കുകയും ചെയ്യുന്ന ആളാകുന്നതാണ് ഉചിതം. കേരളത്തില്‍ ഇടക്കിടെ സന്ദര്‍ശനം നടത്തുന്ന ഒരാളാണെങ്കിലും പ്രയോജനകരമാകും. എന്നാല്‍ കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്ന് ഡല്‍ഹിയില്‍ പഠനം നടത്തി അമേരിക്കയില്‍ ജീവിക്കുന്ന ഒരാള്‍ക്കു കേരളത്തിന്റെ സാമ്പത്തിക ആത്മാവിനെ തൊട്ടറിയാന്‍ കഴിയുമോയെന്നു പരിശോധിക്കേണ്ടതുണ്ട്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യയില്‍നിന്ന് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഗീത ഗോപിനാഥ് അമേരിക്കന്‍ പൗരത്വം നേടിയിട്ടുണ്ടെങ്കില്‍ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാകുമോ? ഇത്തരം ഗൗരവമുള്ള സ്ഥാനങ്ങളില്‍ അമേരിക്ക വിദേശ പൗരത്വമുള്ളവരെ നിയോഗിക്കാറില്ല. ഗീത ഗോപിനാഥ് മാസ്റ്റേഴ്‌സ് ബിരുദം നേടിയ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണില്‍ നേരത്തെ പ്രഫസറായിരുന്ന ഡോ. ജസ്റ്റിന്‍ പോള്‍ ധനതത്ത്വശാസ്ത്രം, ബിസിനസ് മാനേജുമെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ഏഴു ടെക്‌സ്റ്റ് പുസ്തകങ്ങളുടെ രചയിതാവാണ്.