എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: പെരുമ്പാവൂരില ജിഷയുടെ കൊലപാതകം ആദ്യംഅന്വേഷിച്ച ഡി.വൈ.എസ്.പിയ്ക്ക് ഇത്തരം കേസുകള്‍ അന്വേഷിച്ച് വേണ്ടത്ര പരിചയമില്ല. ക്രൈംബ്രാഞ്ച് ഓഫീസില്‍ സി.ഡി ഫയലുകള്‍ പരിശോധിക്കുന്ന ചുമതലയായിരുന്നു ഇദ്ദേഹത്തിന്. നിയമസഭാ രെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ഇദ്ദേഹത്തെ പെരുമ്പാവൂരിലേയ്ക്ക് സ്ഥലംമാറ്റിയത്.
തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം പെരുമ്പാവൂരുമായി പരിചയപ്പെട്ടുവരുന്നതേയുണ്ടായിരുന്നുള്ളു. ഇതിനിടെയാണ് ജിഷയുടെ കൊലപാതക കേസിന്റെ അന്വേഷണ ചുമതല ഇദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്നത്. അടുത്ത കാലത്തൊന്നും ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതലയില്‍ ഇല്ലാതിരുന്നതിനാല്‍ ഇത്തരം കേസുകള്‍ അന്വേഷിച്ചുള്ള പരിചയം ഇദ്ദേഹത്തിനില്ലായിരുന്നുവെന്നാണ് പോലീസില്‍ നിന്നു തന്നെ ലഭിക്കുന്ന വിവരം.
ഇദ്ദേഹത്തിന്റെ പരിചയക്കുറവ് കേസന്വേഷണത്തെ ബാധിച്ചിട്ടുണ്ടാകുമെന്നും പോലീസ് സേനയിലുള്ളവര്‍ തന്നെ പറയുന്നു. കേസിലെ പ്രതികളെ പിടികൂടാന്‍ പ്രാഥമികമായി ശേഖരിക്കുന്ന തെളിവുകളാണ് ഏറെ നിര്‍ണായകമാകുന്നത്. ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ പരിചയക്കുറവ് തിരിച്ചടിയായിട്ടുണ്ടോയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് ഇന്നലെ രാത്രി ആദ്യം അന്വേഷിച്ച ഡിവൈ.എസ്.പിയെ മാറ്റി ആലുവ ക്രൈം ഡിറ്റാച്ചുമെന്റ് ഡി.വൈ.എസ്.പി ജിജിമോനെ ഏല്‍പ്പിച്ചു.
പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പറയുമ്പോഴും ഇത്തരം കേസുകളില്‍ സ്വീകരിക്കേണ്ട പല കാര്യങ്ങളും ചെയ്തിട്ടില്ലെന്ന് ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇതു കാരണമാണ് ഡി.വൈ.എസ്.പിയെ കേസന്വേഷണത്തില്‍ നിന്ന് മാറ്റിയതെന്ന വിവരമാണ് ലഭിക്കുന്നത്.