
എസ്.ആർ.സുധീർകുമാർ
കൊല്ലം: ജില്ലയിൽ കോവിഡ് സമ്പർക്ക വ്യാപനം പിടിവിട്ട് പായുന്നു. ഒദ്യോഗിക കണക്ക് പ്രകാരം കൊല്ലത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത് 69 പേർക്കാണ്.
ഇതിൽ 51 പേരും സമ്പർക്ക രോഗബാധിതരാണ്. വിദേശത്ത് നിന്ന് എത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന ആറു പേർക്കും കോവിഡ് ബാധിച്ചു.
ആരോഗ്യ വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1852 ആയി. ഇന്നലെ 168 പേർ രോഗമുക്തരായി എന്നത് അൽപ്പം ആശ്വാസത്തിന് വക നൽക്കുന്നതാണ്.
ഇത്രയും പേർ ഒറ്റ ദിവസം രോഗം ഭേദമായി ആശുപത്രി വിടുന്നത് ഇതാദ്യമാണ്. അതേ സമയം കൊല്ലം ജില്ലാ ജയിലിൽ 57 പേർക്ക് രോഗം സ്ഥിരീകരിച്ച ു.
പക്ഷേ ഇന്നലത്തെ ആരോഗ്യ വകുപ്പിന്റെ കണക്കിൽ ജയിലിൽ രോഗം ബാധിച്ചവരുടെ എണ്ണം 13 ആണ്. ജില്ലാ ജയിലിലെ രോഗബാധിതരായ മൂന്നു പേരെ പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
36 ജയിൽ ഉദ്യോഗസ്ഥരുടെ പരിശോധന ഫലം നെഗറ്റീവാണ്. ജയിൽ സൂപ്രണ്ടടക്കം 36 ഉദ്യോഗസ്ഥരും ജയിലിൽ തന്നെ നിരീക്ഷണത്തിൽ കഴിയും. 141 തടവുപുള്ളികളുടേയും ആന്റിജൻ പരിശോധന പൂർത്തിയായി.
കോവിഡ് സ്ഥിരീകരിച്ചവരിൽ 54 പേരെ ചന്ദനത്തോപ്പ് ഐറ്റിഐയിലെ കോവിഡ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവിടെ സുരക്ഷ വർധിപ്പിച്ചു. ജില്ലാ ജയിൽ ഉൾപ്പെടുന്ന തേവള്ളി ഡിവിഷൻ ക്ലസ്റ്ററാക്കി കണ്ടെയിൻമെന്റ് സോണാക്കിയേക്കും.
ഈ സാഹചര്യത്തിൽ ജയിലിലെ ഒരു ഭാഗം പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഡോക്ടർമാരുടെ പ്രത്യേക സംഘത്തെയും ജയിലിൽ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ഇന്ന് കൂടുതൽ തടവുകാരിൽ കോവിഡ് പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. കൊട്ടാരക്കര നഗരസഭാ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതും ഗുരുതര സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മുനിസിപ്പൽ ഓഫീസ് ഇന്ന് അടച്ചിട്ട് അണുവിമുക്തമാക്കും. നാൽപ്പതോളം ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാനും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭാ ഓഫീസ് സന്ദർശിച്ചവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ ശേഖരിച്ച് വരികയാണ്.
ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 8548 പേരാണ്. ഇന്നലെ 523 പേരെ വീട്ടു നിരീക്ഷണത്തിലും 30 പേരെ ആശുപത്രി നിരീക്ഷണത്തിലും പ്രവേശിപ്പിച്ചു.
ഇതു വരെ 24624 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിൽ 7153 പേരും രണ്ടാം സമ്പർക്കത്തിൽ 1988 പേരും ഉണ്ടന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.ശ്രീലത പറഞ്ഞു.
കൊല്ലം സിറ്റിയിൽ പോലീസ് നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേരളാ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം 97 കേസുകൾ രജിസ്റ്റർ ചെയ്തു.
ശുചീകരണസംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് 88 കടയുടമകൾക്കെതിരേയും നടപടി സ്വീകരിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 285 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്തതിനും നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനുമായി 246 പേരിൽനിന്നും പിഴ ഈടാക്കി.
പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.