തിരുനക്കര മഹാദേവക്ഷേത്രത്തില്‍ ഇന്നു വലിയവിളക്ക്; ക്ഷേത്രവും പരിസരവും ഇന്നു ദീപാലങ്കൃതമാകും

ktm-templeകോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ ഇന്നു വലിയവിളക്ക്. ക്ഷേത്രവും പരിസരവും ഇന്നു ദീപാലങ്കൃതമാകും. രാത്രി 11മുതലാണ് വലിയവിളക്ക്.    തുടര്‍ന്ന് ക്ഷേത്രസന്നിധിയില്‍ നെന്മാറ ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന നാദസ്വര കച്ചേരിയും അരങ്ങേറും. രാത്രി 10ന് സിനിമാ താരങ്ങളായ ശ്രുതി ബാലയും ഐശ്വര്യ രാജീവും അവതരിപ്പിക്കുന്ന ആനന്ദനടനം നടക്കും.  താളമേളങ്ങളുടെയും നിറപ്പകിട്ടാര്‍ന്ന മുത്തുകുടയുടെയും കാഴ്ചയുടെ പുത്തന്‍ വസന്തമായി തിരുനക്കരയില്‍ ഇന്നലെ പൂരം നടന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരും ആലവട്ടവും വെഞ്ചാമരവും വര്‍ണക്കുടകളും ആല്‍ത്തറമേളവും ഒത്തുചേര്‍ന്ന ക്ഷേത്രസന്നിധി ജനസമുദ്രമായി മാറി.

തിരുനക്കര തേവരുടെ തിരുമുറ്റത്ത് ഇന്നലത്തെ സായാഹ്നപ്രഭയിലായിരുന്ന പൂരക്കാഴ്ച. തൃക്കടവൂര്‍ ദേവസ്വം ശിവരാജു തേവരുടെ തിടമ്പേറ്റി.  മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും അറുപതില്‍പ്പരം കലാകാരന്‍മാരും തീര്‍ത്ത ആല്‍ത്തറമേളത്തിന്റെ നാദപ്രപഞ്ചത്തില്‍ മതിമറന്നു നിന്ന പുരുഷാരം വര്‍ണംവാരി വിതറിയ കുടമാറ്റം ആസ്വദിച്ച് ആരവം മുഴക്കിയാണ് മടങ്ങിയത്. തിരുനക്കരയിലും ചുറ്റുവട്ടത്തുമുള്ള ക്ഷേത്രങ്ങളില്‍നിന്ന് രാവിലെ എഴുന്നള്ളിയ ചെറുപൂരങ്ങള്‍ ഉച്ചയോടെ ക്ഷേത്രത്തിലെ വടക്കുംനാഥ ഉപദേവസന്നിധിയിലെത്തി കരിക്ക് അഭിഷേകം നടത്തി. തിരുനക്കരക്കു ചുറ്റുമുള്ള ക്ഷേത്രങ്ങളില്‍നിന്നും ചെറുപൂരങ്ങള്‍ രാവിലെ പതിനൊന്നോടെ തേവരുടെ ക്ഷേത്രനടയെ ലക്ഷ്യമാക്കി താളമേളവും താലപ്പൊലിയുമായി പുറപ്പെട്ടു.

നാഗമ്പടം, തളിക്കോട്ട, പുത്തനങ്ങാടി, എരുത്തിക്കല്‍, മള്ളൂര്‍കുളങ്ങര, പാറപ്പാടം, കൊപ്രത്ത്, പള്ളിപ്പുറത്തുകാവ്, പുതിയ തൃക്കോവില്‍, അമ്പലക്കടവ്, തിരുനക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രം എന്നീ ക്ഷേത്ര ങ്ങളില്‍നിന്നാണു ചെറുപൂരങ്ങള്‍ എഴുന്നള്ളിയത്. ശ്രീകോവിലിനു മുന്നി ലെ കൊടിമരച്ചുവട്ടില്‍ കൊമ്പന്‍മാരെ തീര്‍ഥം തളിച്ച് ചന്ദനക്കുറി തൊടുവിച്ച് തന്ത്രിയും മേല്‍ശാന്തിയും പൂരത്തിനായി അണിനിരത്തി. ഇതിനുശേഷമായിരുന്നു ക്ഷേത്ര ഗോപുരം കടന്നു മൈതാനത്തേക്ക് ആനകളുടെ എഴുന്നള്ളത്ത്.

മേളകുലപതിയുടെ നേതൃത്വത്തില്‍ ആല്‍ത്തറമേളം കൊട്ടിക്കയറിയപ്പോള്‍ പൂരപ്രേമികളും ആവേശത്തോടെ താളം പിടിച്ചു നൃത്തം ചെയ്തു. മേളപ്പെരുക്കത്തിനൊപ്പം കൈയുയര്‍ത്തിയും തോര്‍ത്തുകള്‍ വീശിയും പുരപ്രേമികള്‍ താളത്തിനൊത്ത് ചുവടുവച്ചു. സന്ധ്യമയങ്ങിയതോടെ തീവെട്ടികളും അണിനിരന്നു. ഇതോടെ പൂരത്തിനു പൊന്‍പ്രഭയായി. മേളകലാശക്കൊട്ടിനു ശേഷം മാനത്ത് വെടിക്കെട്ടിന്റെ വര്‍ണകാഴ്ചയും കണ്ടാണ് ഏവരും പൂരപറമ്പില്‍ നിന്ന് മടങ്ങിയത്.

Related posts