തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിൽ മൂന്നാഴ്ചയോളമായി തുടരുന്ന ലോക്ക്ഡൗൺ ഒഴിവാക്കാതെ നഗരസഭ പരിധിയിലെ കൃഷിഭവൻ മുഖേന പച്ചക്കറി വിപണനം നടത്തുന്നതും സഹകരണ നെയ്ത്ത് സൊസൈറ്റിയുടെ നേതൃത്വത്തിൽ തുണിത്തരങ്ങൾ വിപണനം നടത്താൻ അനുമതി നൽകിയതും ഇരട്ടനീതിയാണെന്നും ഉടൻ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എസ്. റിയാസ്, ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, ട്രഷറർ ടി. ജയരാജ് എന്നിവർ ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കൂവോട് കൃഷിഭവനിൽ നിന്ന് ഇന്ന് മുതൽ 30 വരെ പച്ചക്കറി വിൽപന നടത്തുന്നുണ്ട്. തളിപ്പറമ്പിലെ സഹകരണ നെയ്ത്ത് സൊസൈറ്റി (വീവേഴ്സ്) ജീവനക്കാർ ഇന്ന് രാവിലെ മുതൽ കൂവോട് സിഐടിയു ഓഫിസ് പരിസരത്ത് വച്ച് തുണിത്തരങ്ങളുടെ വിൽപനയും ആരംഭിച്ചിട്ടുണ്ട്.
ഇതിനെല്ലാം അനുമതി നൽകിയ പോലീസും ആരോഗ്യ വകുപ്പും വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകാതെ വ്യാപാരികളെ പീഡിപ്പിക്കുകയാണ്. കൃഷിഭവൻ പച്ചക്കറി വിപണനം നടത്തുന്നതിനും നെയ്ത്ത് സൊസൈറ്റി തുണിത്തരങ്ങൾ വിൽപന നടത്തുന്നതിനും വ്യാപാരികൾ എതിരല്ല.
എന്നാൽ ഒരു വിഭാഗത്തിന് എന്തിനും അനുമതി നൽകുകയും ലൈസൻസുള്ള വ്യാപാരികളെ കച്ചവടം നടത്താൻ അനുവദിക്കുകയില്ലെന്ന ഇരട്ടനീതിയെയാണ് തങ്ങൾ ചോദ്യം ചെയ്യുന്നതെന്ന് ഏകോപന സമിതി നേതാക്കൾ പറഞ്ഞു.
ഇവർക്ക് കോവിഡ് മാനദണ്ഡം വേണ്ടേ? ഇവർ കൊറോണ വൈറസ് വാഹകർ ആവില്ലേ എന്നും നേതാക്കൾ ചോദിക്കുന്നു.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നിയന്ത്രണങ്ങൾക്ക് വിധേയമായി ഇനിയും കടകൾ തുറക്കാൻ അനുമതി നൽകിയില്ലെങ്കിൽ തളിപ്പറമ്പിലെ 2000 ഓളം വ്യാപാരികൾ ആത്മഹത്യയിലേക്ക് പോകേണ്ടി വരുമെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് വ്യാപാരി നേതാക്കൾ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാർ, സിഐ സത്യനാഥ് എന്നിവർക്ക് പരാതി നൽകി.
അതേ സമയം തളിപ്പറമ്പിലെ ലോക്ക് ഡൗൺ ചർച്ച ചെയ്യാൻ രാവിലെ 11. 30 ന് സബ് കളക്ടർ എസ്. ഇലാക്യ യോഗം വിളിച്ചിട്ടുണ്ട്. ജയിംസ് മാത്യു എംഎൽഎ, നഗരസഭ ചെയർമാൻ അള്ളാംകുളം മഹമൂദ്, ഡിവൈഎസ്പി ടി.കെ. രത്നകുമാർ, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കോവിഡ് വ്യാപനം വർധിച്ചതോടെ കഴിഞ്ഞ ഏഴിനാണ് ജില്ലാ കളക്ടർ ടി.വി. സുഭാഷ് തളിപ്പറമ്പ് നഗരസഭ പരിധിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.