നാഗമ്പടം റെയില്‍വേ നടപ്പാലം : നടത്തിപ്പു ചെലവ് പുനഃപരിശോധിക്കുമെന്ന് റെയില്‍വേ പ്രതിനിധികള്‍;അശ്രദ്ധമായി പാളം മുറിച്ചുകടക്കരുത്

KTM-RAILNAGAMPADOMകോട്ടയം: അപകടാവസ്ഥയിലുള്ള നാഗമ്പടം റെയില്‍വേ നടപ്പാലം സഞ്ചാരയോഗ്യമാക്കുന്നതിനു റെയില്‍വേ നിശ്ചയിച്ച നടത്തിപ്പു ചെലവ് പുനഃപരിശോധിക്കുമെന്ന് റെയില്‍വേ പ്രതിനിധികള്‍.  പാലത്തിന്റെ നിര്‍മാണച്ചെലവായ 15 ലക്ഷം രൂപ അടച്ചുകഴിഞ്ഞതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന അറിയിച്ചു. നടത്തിപ്പു ചെലവായി റെയില്‍വേ ആവശ്യപ്പെടുന്ന 13.5 ലക്ഷം രൂപയുടെ കാര്യത്തിലാണ് തീരുമാനമുണ്ടാകേണ്ടത്. ഇതില്‍ ടിആര്‍ഡി ചെലവായ അഞ്ചു ലക്ഷം രൂപയാണ് പുനഃപരിശോധിക്കുമെന്ന് റെയില്‍വേ പ്രതിനിധികള്‍ അറിയിച്ചത്. സ്ലാബുകളും പാലത്തിന്റെ അടിയിലുള്ള ഇരുമ്പു ചാനലുകളും പൂര്‍ണമായും മാറ്റി സ്ഥാപിക്കണമെന്നും റെയില്‍വേ പ്രതിനിധികള്‍ അറിയിച്ചു.

പാലം നിര്‍മിക്കാനായി നഗരസഭ റെയില്‍വേയ്ക്ക് നല്‍കിയ 45 ലക്ഷം രൂപയില്‍ ഏഴു ലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഈ തുക നടത്തിപ്പു ചെലവില്‍ കുറവു ചെയ്യാന്‍ കഴിയുമോ എന്നും പരിശോധിക്കും. എസ്റ്റിമേറ്റ് തുക മുഴുവന്‍ അടച്ചാല്‍ മാത്രമേ ടെണ്ടര്‍ നടപടികളമായി മുന്നോട്ടു പോകാന്‍ കഴിയൂ എന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. പാലത്തിലെ പ്രവേശനം പൂര്‍ണമായി അടച്ചിട്ടുണ്ടെന്ന് റെയില്‍വേ ഉദ്യോഗസ്ഥരും വെളിച്ച ക്രമീകരണം പുനസ്ഥാപിച്ചതായി നഗരസഭയും അറിയിച്ചു.

പാലത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍  നേരത്തെ എസ്റ്റിമേറ്റ് എടുത്തിരുന്നു.
എഡിഎം അജന്താ കുമാരിയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജെയിംസ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ ജോസ് പുലിക്കുന്ന്, ഷൈലജ, കൗണ്‍സിലര്‍മാരായ റ്റി.സി റോയി, എസ്. ഗോപകുമാര്‍, സാബു പുളിമൂട്ടില്‍, ജോബി ജോണ്‍സണ്‍, ആര്‍ഡിഒ രാമദാസ്, ഡെപ്യൂട്ടി കളക്ടര്‍ ജയമോഹന്‍, റെയില്‍വേ ഡിവിഷണല്‍ സീനിയര്‍ എന്‍ജിനിയര്‍ ചന്ദ്രശേഖര്‍, മറ്റ് ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

റെയില്‍വേ പാളം മുറിച്ചുകടക്കരുത്
കോട്ടയം: നാഗമ്പടം റെയില്‍വേ നടപ്പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്നു അടച്ച പശ്ചാത്തലത്തില്‍ യാത്രക്കാര്‍ റെയില്‍വേ പാളം മുറിച്ചു കടന്നുപോകുന്നത് അപകടത്തിനിടയാക്കും. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാരാണ് റെയില്‍വേ പാളം മുറിച്ചു കടന്നു നടന്നുപോകുന്നത്.   പല യാത്രക്കാരും ട്രെയിന്‍വരുന്നത് ശ്രദ്ധിക്കാതെയാണ് നടക്കുന്നത് പോലും.

Related posts