ഫീസ്റ്റര്‍വില്ലയിലെ വീടിന്റെ നീല വാതില്‍ തുറന്നെത്തിയ കുറ്റാന്വേഷകനെ കണ്ട് അവിടെ ഉണ്ടായിരുന്ന കുട്ടികള്‍ ചിതറിയോടി. ചില കുട്ടികള്‍ വീടിനു പിറകു വശത്തുള്ള കോഴിക്കൂടിനു പിന്നിലൊളിച്ചു. കേപ്-കോഡ് രീതിയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട ആ വീട്ടില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ പതിനെട്ടുകാരി ഉള്‍പ്പെടെ 12 പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തി. അങ്ങനെയാണ് കാപ് ലാന് എന്ന കിരാതന്റെ പീഡനകഥകള്‍ പുറംലോകമറിഞ്ഞത്.
സംശയത്തിന്റെ നിഴലില്‍
വടക്കന്‍ പെന്സില്വാനിയയിലാണ് ഫീസ്റ്റര്വില്ല. പോലീസിനൊപ്പമുണ്ടായിരുന്ന കുറ്റാന്വേഷകന് ഈ വീടും പരിസരവുമെല്ലാം വളരെ പരിചിതമായിരുന്നു. പുല്ലും കളകളും നിറഞ്ഞ മുറ്റമുള്ള ഈ വീട്ടില്‍ രണ്ടു വര്‍ഷം മുമ്പ് ഒരു സംശയത്തിന്റെ പുറത്ത് എത്തിയതായിരുന്നു അദ്ദേഹം. അന്ന് കുട്ടികളെ അവിടെ കണ്ട കുറ്റാന്വേഷകന് വീട്ടുടമസ്ഥനായ കാപ് ലാനോട് അവരേപ്പറ്റി അന്വേഷിച്ചിരുന്നു. കുട്ടികളുടെ വീട് നവീകരിക്കുന്ന സാഹചര്യത്തില്‍ അവര്‍ ഇവിടെ വന്നു താമസിക്കുകയായിരുന്നെന്നായിരുന്നു അന്നു കാപ് ലാന് നല്കിയ വിശദീകരണം.
രണ്ടു വര്‍ഷത്തിനു ശേഷവും ഇവിടെ കുട്ടികളെ കണ്ട കുറ്റാന്വേഷകന്റെ മനസില്‍ സംശയങ്ങള്‍ മുളപൊട്ടി. അങ്ങനെയിരിക്കുമ്പോള്‍ കാപ്ലാന്റെ അയല്‍വാസിയായ ജെന്‍ ബെറ്റ്സ് ചൈല്‍ഡ് ഹെല്പ് ലൈനിലേക്ക് വിളിച്ച ഫോണ്‍ കോളാണ് പോലീസിനെ കാപ്ലാന്റെ വീട്ടിലെത്തിച്ചത്. ഈ വീട്ടില്‍ കുട്ടികളുണ്ട് എന്നു തനിക്ക് പണ്ടേ തോന്നിയിരുന്നെന്നും ജെന്‍ പറയുന്നു. പിന്നീട് പലപ്പോഴും കുട്ടികളേയും ഒരു മുതിര്‍ന്ന ആളിനെയും വീടിന്റെ മുമ്പിലെ മരച്ചുവട്ടില്‍ കാണാറുണ്ടായിരുന്നെന്നും എന്നാല്‍ ഒരിക്കല്‍പ്പോലും അയാളുടെ ഭാര്യയെ കാണാഞ്ഞതാണ് തന്നില്‍ സംശയമുണ്ടാക്കിയതെന്നും അവര്‍ പറയുന്നു. കുട്ടികളെ താന്‍ കണ്ടില്ലായിരുന്നില്ലെങ്കില്‍ ഒരിക്കലും ഇവിടെ പോലീസെത്തുമായിരുന്നില്ലെന്നും ജെന്‍ പറയുന്നു. കുറേ വര്‍ഷങ്ങളായി ഈ വീട്ടില്‍ എന്തൊക്കെയോ അസ്വഭാവിക കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നു സംശയിച്ചിരുന്നതായി മറ്റ് അയല്‍വാസികളും പറഞ്ഞു. മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാത്ത അയല്‍ക്കാരുള്ള നാടായതിനാല്‍ സംഭവം പുറത്തറിയാന്‍ നാലുവര്‍ഷമെടുത്തു എന്നു പറയുന്നതു തന്നെ ലജ്ജാകരമായ യാഥാര്‍ഥ്യമാണ്.
നിരവധി പെണ്‍കുട്ടികള്‍
ഇവിടെ നിന്നു കണ്ടെത്തിയ പതിനെട്ടുകാരിയായ പെണ്‍കുട്ടിയും 51കാരനായ കാപ്ലാനും കഴിഞ്ഞിരുന്നത് ഭാര്യാ ഭര്ത്താക്കന്മാരെപ്പോലെയായിരു ന്നു. ബാക്കിയുള്ള 11 പെണ്‍കുട്ടികളി ല്‍ ഒമ്പതു പേര് സഹോദരങ്ങളാണെ ന്നും രണ്ടു പേര് കാപ്ലാന് ജനിച്ച മക്കളാണെന്നും പെണ്‍കുട്ടി കുറ്റാന്വേഷകന്റെ മുന്നില്‍ വെളിപ്പെടുത്തി.
പതിനെട്ടുകാരിയുള്പ്പെടെ പത്തു കുട്ടികളുടെ മാതാവായ സാവില്ല സ്റ്റോള്സ്ഫസും പിതാവായ ഡാനിയേലും ഇതേ വീട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഇവരേയും പോലീസ് അറസ്റ്റു ചെയ്തു. നാലു വര്‍ഷം മുമ്പ് ഉണ്ടായ ഒരു സാമ്പത്തിക ബാധ്യതയില്‍ നിന്നും ഇവരെ രക്ഷിച്ചതിനു പ്രതിഫലമായി ഇവര്‍ പതിനാലുകാരിയായ പെണ്‍കുട്ടിയെ കാപ്ലാനു സമ്മാനിക്കുകയായിരുന്നു. നിരന്തരമായ ലൈംഗികപീഡനത്തിന്റെ ഫലമായി പെണ്‍കുട്ടി 15-ാം വയസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി. ആ കുഞ്ഞിന് ഇന്ന് മൂന്നു വയസായി. പെണ്‍കുട്ടിയുടെ രണ്ടാമത്തെ മകള്‍ക്ക് ആറുമാസമാണ് പ്രായം. വീടിന്റെ നിലവറയിലായിരുന്നു പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരുന്നത്. അവിടെവച്ചുതന്നെയായിരുന്നു പീഡനവും.
പീഡിപ്പിക്കുന്നത് തെറ്റൊന്നുമല്ലത്രേ
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന പ്രവൃര്‍ത്തികളാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഭാഗത്തു നിന്നുണ്ടായത്. കാപ്ലാന് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു കൊണ്ടിരുന്നത് മാതാപിതാക്കളുടെ അറിവോടു കൂടിയായിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ ക്രൂരത. ഇങ്ങനെ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ലെന്ന് കാപ് ലാനും അമ്മയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി പെണ്‍കുട്ടി ബക്ക്സ് കൗണ്ടി അറ്റോര്‍ണി ഡേവിഡ് ഹെക്ലറിനു മുമ്പാകെ മൊഴി നല്കി.
ബ്രിട്ടനിലെ ലങ്കാസ്റ്റര്‍ കൗണ്ടിയില്‍ നിന്നുള്ള അമീഷ് സഭാ വിഭാഗത്തില്‍പ്പെട്ടവരാണ് കുട്ടികളെല്ലാവരും എന്ന് പോലീസ് കണ്ടെത്തി. ഈ വിഭാഗത്തില്‍പ്പെട്ട ഒരാളുടെ സഹായത്തോടെയാണ് പോലീസ് ഇവരില്‍ നിന്നും കാര്യങ്ങള്‍ മനസിലാക്കിയത്. സാവില്ലയും ഡാനിയേലും കുട്ടിയുടെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ സാമൂഹിക സുരക്ഷാ കാര്‍ഡുകളോ ഇല്ലാത്തത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു.
ഇവരുടെ വസ്ത്രധാരണത്തില്‍ നിന്നാണ് ഇവര്‍ അമീഷ് വിഭാഗക്കാരാണെന്ന് തനിക്ക് മനസിലായതെന്ന് ജെന്‍ ബേറ്റ്സ് പറയുന്നു. ഇത്തരക്കാര്‍ മുടി നീട്ടിവളര്ത്തിയിരിക്കും. നീളന്‍ വസ്ത്രങ്ങളായിരിക്കും ഇത്തരക്കാര്‍ ധരിക്കുകയെന്നും ജെന്‍ പറയുന്നു. എന്നാല്‍ ഈ പ്രദേശത്ത് ഈ വിഭാഗക്കാരില്ലാഞ്ഞതു തന്നെ സംശയത്തിനിടയാക്കിയെന്നും വീട്ടിനുള്ളില്‍ നിന്നു സംഗീതം കേട്ടിരുന്നതായും ജെന്‍ പറയുന്നു. കുട്ടികളെ പതിവായി പുറത്തു കാണാത്തതും ഇത്രയധികം കുട്ടികളുടെ കൂടെ ഒരു മനുഷ്യനെ മാത്രം കണ്ടതിലും അസ്വാഭാവികത തോന്നിയതിനേത്തുടര്ന്നാണ് പോലീസിനെ വിളിക്കുന്നതെന്നും അവര്‍ പറയുന്നു.
പോലീസ് വീട്ടിനുള്ളിലെത്തിയപ്പോള്‍
വീട്ടിനകത്തു കടന്ന പോലീസിന്റെ കണ്ണില്‍ ആദ്യം പെടുന്നത് വായു നിറയ്ക്കുന്ന കുറേ മെത്തകളാണ്. സംഗീതഉപകരണങ്ങള്‍, പഠനോപകരണങ്ങള്‍, ഹീബ്രുഭാഷാ പഠന സഹായി, വിളക്കിന്റെ വെളിച്ചത്തില്‍ വളരുന്ന ഒരു അവക്കാഡോ മരം എന്നിവയായിരുന്നു. കാപ് ലാനെയും പെണ്‍കുട്ടികളേയും നഗരത്തില്‍ വച്ചു കണ്ടിട്ടുണ്ടെന്നും, പെണ്‍കുട്ടികളേയും കൂട്ടി കാപ് ലാന് ചിലപ്പോഴൊക്കെ വീടിനടുത്തുള്ള റസ്റ്ററന്റില്‍ പോകാറുണ്ടായിരുന്നെന്നും സാവില്ലയുടെ കുടുംബ സുഹൃത്തായ ആരോണ്‍ സ്റ്റോള്ഫസ് പറയുന്നു. 2001ല്‍ സാവില്ലയുടേയും ഡാനിയേലിന്റെയും കൂടെ ലങ്കാസ്റ്ററിലെ ഇവരുടെ വീട്ടില്‍ കാപ് ലാന് താമസിച്ചിരുന്നതായും ആരോണ്‍ പറയുന്നു.
ആത്മീയവാദിയും ദൈവവിശ്വാസിയും
ആത്മീയവാദിയും ദൈവ വിശ്വാസിയുമായ ഒരു മനുഷ്യനാണ് കാപ്ലാനെന്നും കുട്ടികളെ പിശാചുക്കളില്‍ നിന്നു രക്ഷിക്കാനാണ് ഇവിടെ പാര്‍പ്പിച്ചതെന്നും വീട്ടുടമസ്ഥനായ വെയ്ന്‍ നാപ്പ് പറയുന്നു. താന്‍ കണ്ടതില്‍ ഏറ്റവും സ്മാര്‍ട്ടായ മനുഷ്യനും കാപ് ലാനാണെന്നും നാപ്പ് പറയുന്നു. കാപ് ലാനെതിരായ ആരോപണങ്ങളെയും നാപ്പ് നിഷേധിച്ചു.
എപ്പോഴും വൃത്തിയായ വസ്ത്രം ധരിച്ചായിരുന്നു കാപ് ലാന്റെ നടത്തം. എന്നാല്‍ പെണ്‍കുട്ടികളുടെ വേഷം അലസമായിരുന്നു. പുറത്തിറങ്ങുമ്പോള്‍ പെണ്‍കുട്ടികള്‍ പരസ്പരം സംസാരിക്കാറില്ലായിരുന്നു. കാപ് ലാന് ഒരു ശല്യ
ക്കാരനായിരുന്നുവെന്നാണ് ചില അയല്‍ക്കാര്‍ പറയുന്നത്. നാലു വര്‍ഷത്തെ ക്രൂര പീഡനത്തില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍ ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ്.
കേസെടുത്തത് ഇങ്ങനെ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ അതിക്രമം, ഗൗരവമേറിയതും ആഭാസകരവുമായ പെരുമാറ്റം, പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയുമായി നിയമം അനുശാസിക്കാത്ത രീതിയിലുള്ള ബന്ധം എന്നീ വകുപ്പുകളാണ് കാപ്ലാനു മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുക, ഗൂഢാലോചന, ലൈംഗിക പീഡനം എന്നീ കുറ്റങ്ങളാണ് ഡാനിയേലിനും സാവില്ലയ്ക്കും മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. മൂവരും ചേര്‍ന്ന് ജാമ്യത്തുകയായി 6.5 കോടി രൂപ കെട്ടിവയ്ക്കുകയും വേണം. എന്തായാലും അമേരിക്കന്‍ ശിക്ഷാരീതി അനുസരിച്ച് കാപ് ലാന് ശേഷിക്കുന്ന കാലം അഴിയെണ്ണാം.
മുമ്പും ഉണ്ടായിട്ടുണ്ട്
ഇത്തരം സംഭവങ്ങള്‍ ലോകത്ത് ആദ്യമല്ല. മുന്‍പും ഇത്തരം സംഭവങ്ങള്‍ അമേരിക്കയില്‍ത്തന്നെ ഉണ്ടായിട്ടുണ്ട്. ഇന്ന് മാതാപിതാക്കളെന്നവകാശപ്പെടുന്നവരുടെ പിന്തുണയോടു കൂടി അന്യനായ വ്യക്തിയാണ് പീഡനം നടത്തിയതെങ്കില്‍ മുമ്പു നടന്ന പല സംഭവങ്ങളിലും പീഡകര്‍ പെണ്‍കുട്ടികളുടെ പിതാക്കന്മാര് തന്നെയായിരുന്നു. ഇത്തരം സംഭവങ്ങളെല്ലാം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അയല്‍ക്കാര്‍ പോലുമറിയുന്നത്.
മറ്റുള്ളവരുടെ സ്വകാര്യതയെ അമിതമായി മാനിക്കുന്ന വികസിത രാഷ്ട്രങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്നത് ലജ്ജാകരമാണ്. അടുത്ത വീട്ടില്‍ നിന്നു കേള്‍ക്കുന്ന നിലവിളി സ്വകാര്യതയെ മാനിച്ച് അവഗണിക്കുമ്പോള്‍ വാടിപ്പോകുന്നത് ഇത്തരം കുറേ ജീവിതങ്ങളാണെന്ന സത്യം ഓര്‍ക്കേണ്ടിയിരിക്കുന്നു.