പരവൂര്‍ വെടിക്കെട്ട് ദുരന്തം : പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് സിപിഎം

ekm CPIMപരവൂര്‍: പുറ്റിംഗല്‍വെടിക്കെട്ട് ദുരന്തത്തിന് ഉത്തരവാദികളായ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യവുമായി സിപിഎം രംഗത്ത് . പരവൂര്‍ ടൗണ്‍ ലോക്കല്‍ കമ്മിറ്റിയോഗമാണ് ആവശ്യം ഉന്നയിച്ചത്.  വെടിക്കെട്ടിന് മൗനാനുവാദം നല്‍കിയ പോലീസിലെ ഉന്നതരുടെ പങ്ക് കണ്ടില്ലെന്ന് നടിക്കുന്നത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണെന്ന് യോഗം കുറ്റപ്പെടുത്തി. പോലീസിന്റെ സാന്നിധ്യത്തിലാണ് കമ്പം നടന്നത്. അതു കൊണ്ടാണ്  ഒരു പോലീസുകാരന്‍ വെടിക്കെട്ട് ദുരന്തത്തിലകപ്പെട്ട് മരിച്ചത്.

കമ്പത്തിന് നിരോധനമുണ്ടായിരുന്നെങ്കില്‍ അത് പത്രത്തിലുടെയോ ഉച്ചഭാഷിണിയിലൂടെയോ ജനങ്ങളെഅറിയിക്കാന്‍ പോലീസും റവന്യു അധികാരികളും തയാറാകാതിരുന്നതാണ് ഗുരുതരമായ വീഴ്ച. ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറി തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് രേഖാമൂലം നല്‍കിയിട്ട് അത് മറച്ചുവച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകാതിരിക്കാനുളള ശ്രമമാണെന്നും യോഗം അഭിപ്രായപ്പെട്ടു.ക്ഷേത്രഭാരവാഹികളെ പ്രതിക്കൂട്ടിലാക്കി പോലീസ്  ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് നീക്കമെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഎം ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.ശ്രീലാല്‍  മുന്നറിയിപ്പ് നല്‍കി.

Related posts