പോത്താനിക്കാട്: പരുന്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥനു പരിക്ക്. തെക്കേപുന്നമറ്റം തെക്കേക്കുന്നേല്‍ ജോര്‍ജ് മാത്യു (48) വിനാണ് പരുന്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതോടെ സ്വന്തം പുരയിടത്തിലൂടെ നടന്നുവരുന്നതിനിടെ താഴ്ന്നു പറന്നുവന്ന പരുന്ത് കര്‍ഷകനായ ജോര്‍ജിന്റെ മുതുകില്‍ കൊത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
അപ്രതീക്ഷിതമായ ആക്രമണത്തില്‍ പരിക്കേറ്റ ജോര്‍ജ് ഓടി വീട്ടില്‍ കയറിയതിനാല്‍ കൂടുതല്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. നാലുദിവസം മുമ്പ് മൂവാറ്റുപുഴ തൃക്കളത്തൂരില്‍ കഴുതക്കോട്ടില് ഗോപിയുടെ അഞ്ചുവയസുകാരനായ മകനെ വീട്ടില്‍ കയറി പരുന്ത് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്നു നാട്ടുകാര്‍ പരുന്തിനെ പിടികൂടി വനപാലകരെ ഏല്‍പ്പിച്ചു. വനപാലകര്‍ പിന്നീട് വനത്തില്‍ കൊണ്ടുപോയി പരുന്തിനെ തുറന്നുവിടുകയായിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണ മനുഷ്യരെ പരുന്ത് ആക്രമിച്ചത് നാട്ടുകാര്‍ക്കിടയില്‍ ഭീതിക്ക് കാരണമായിട്ടുണ്ട്. ആക്രമണ സ്വഭാവമുള്ള പരുന്ത് വിദ്യാര്‍ഥികളെ ഉള്‍പ്പെടെ തുടര്‍ന്നും ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മനുഷ്യരെ ആക്രമിക്കുന്ന പരുന്തിനെ അടിന്തരമായി പിടികൂടി കൂട്ടില്‍ അടയ്ക്കുകയോ ഫലപ്രദമായ മറ്റുമാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.