പരവൂര്‍: സര്‍വൈശ്വര്യ പ്രദായിനിയും ഇഷ്ടവരദായിനിയുമായ പുറ്റിംഗല്‍ ഭഗവതിക്ക് ആയിരങ്ങള്‍ ആത്മസമര്‍പ്പണത്തിന്റെ പൊങ്കാല നൈവേദ്യമര്‍പ്പിച്ച് സായൂജ്യമടഞ്ഞു.പുറ്റിംഗല്‍ മീനഭരണി ഉത്സവത്തിന്റെ തുടക്കം കുറിച്ചാണ് ഇന്നലെ സമൂഹ പൊങ്കാല നടന്നത്. കടുത്ത ചൂടിലും പൊങ്കാല അര്‍പ്പിക്കാനെത്തിയവരുടെ അഭൂതപൂര്‍വമായ തിരക്കാണ് ഇക്കുറി അനുഭവപ്പെട്ടത്.പുലര്‍ച്ചെ മുതലേ ക്ഷേത്രപരിസരമാകെ പൊങ്കാലക്കലങ്ങള്‍ കൊണ്ട് നിറഞ്ഞു. പോലീസ് സ്റ്റേഷന്, പോസ്റ്റ്ഓഫീസ്, കോട്ടപ്പുറം ഹൈസ്കൂള്‍ ജംഗ്ഷന് വരെ ഇത്തവണ പൊങ്കാല അടുപ്പുകള്‍ നീണ്ടു.
രാവിലെ 7.30നാണ് പൊങ്കാല സമര്‍പ്പണം ആരംഭിച്ചത്. പന്തളം കൊട്ടാരത്തിലെ മകം തിരുനാള്‍ കേരളവര്‍മ വലിയ കോയിക്കല്‍ തമ്പുരാന് പൊങ്കാലയ്ക്ക് ഭദ്രദീപം തെളിച്ചു.ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരി, മേല്‍ശാന്തി ഇടുക്കി കിഴക്കേമഠം ബിനു ശാന്തി എന്നിവര്‍ പൊങ്കാല ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഒമ്പതിന് തീര്‍ഥം തളിച്ചതോടെ പൊങ്കാല സമര്‍പ്പണത്തിന് സമാപനമായി.
പൊങ്കാല അര്പ്പിക്കനെത്തിയവര്ക്ക് വിപുലമായ സൗകര്യങ്ങളാണ് വിവിധ സംഘടനകള്‍ ഏര്‍പ്പെടുത്തിയിരുന്നത്. നഗരസഭയുടെ ആഭിമുഖ്യത്തില്‍ ടാങ്കറുകളില്‍ ജലവിതരണം നടത്തി.വിവിധ സംഘടനകള്‍ സൗജന്യമായി പ്രഭാത ഭക്ഷണവും കുടിവെള്ളവും ശീതളപാനീയവുമൊക്കെ നല്കി. പൊങ്കാല അര്‍പ്പിച്ച് മടങ്ങിയവര്‍ക്ക് എല്ലാ ഭാഗത്തേയ്ക്കും സൗജന്യ വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.