തിരുവനന്തപുരം:ജില്ലയിലെ ഫ്‌ളക്‌സ് പ്രിന്റിംഗ് അച്ചടിശാലകളില്‍ ഇന്നുമുതല്‍ വ്യാപക പരിശോധന നടത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫ്‌ളക്‌സുകളും പോസ്റ്ററുകളും മാനദണ്ഡങ്ങള്‍ പാലിക്കാതെ അച്ചടിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രചാരണത്തിനായി സ്ഥാപിക്കുന്ന എല്ലാ ഫ്‌ളക്‌സുകളിലും പ്രസിദ്ധീകരിക്കുന്നയാളുടെ പേര്, കോപ്പികളുടെ എണ്ണം, അച്ചടിശാലയുടെ പേര് എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഈ വിവരങ്ങളില്ലാത്ത ഫ്‌ളക്‌സുകള്‍ സ്വകാര്യഭൂമിയില്‍ സ്ഥാപിച്ചവയാണെങ്കിലും പിടിച്ചെടുക്കും.
ഫ്‌ളക്‌സ് പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താത്ത പ്രചാരണോപാധികള്‍ അച്ചടിക്കുന്നതായി കണെ്ടത്തിയാല്‍ മുന്നറിയിപ്പില്ലാതെ സ്ഥാപനം സീല്‍ ചെയ്യും. ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സും വൈദ്യുതിയും റദ്ദാക്കി കര്‍ശന നിയമനടപടികള്‍ കൈക്കൊള്ളുമെന്നും കളക്ടര്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ അച്ചടി നടക്കുന്നതായി പരാതി ഉയര്‍ന്നതിനാലാണ് നടപടി കര്‍ശനമാക്കുന്നത്.