കൊച്ചി: പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളെ കേരളത്തിലെ പ്രധാനനഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന ഹരിത ട്രിബ്യൂണല്‍ വിധി ബാധിക്കുന്നത് സംസ്ഥാനത്തെ 600 ല്‍ അധികം കെഎസ്ആര്‍ടിസി ബസുകളെയും ആയിരക്കണക്കിന് പ്രൈവറ്റ് ബസുകളെയും. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ബസുകള്‍ 15 വര്‍ഷം വരെ ഓടിക്കാമെന്നിരിക്കെ ഇത്തരം വിധി സംസ്ഥാനത്തെ പ്രൈവറ്റ്, സര്‍ക്കാര്‍ പൊതുഗതാഗത മേഖലയെ സാരമായി ബാധിക്കും.
കേരളത്തില്‍ മൊത്തം 15000 മുകളില്‍ പ്രൈവറ്റ് ബസുകളാണ് ഉള്ളത്. ഇതില്‍ 85 ശതമാനം ബസുകളും നഗരങ്ങളെ കേന്ദ്രീകരിച്ചും അല്ലെങ്കില്‍ നഗരപ്രദേശങ്ങളിലൂടെ കടന്നുപോകുന്നവയുമാണ്. ഇതില്‍ 60 ശതമാനം വാഹനങ്ങളും പത്ത് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളവയാണ്. ഫലത്തില്‍ നഗരങ്ങളിലൂടെ കടന്നുപോകുന്ന പകുതിയിലധികം സ്വകാര്യ ബസുകളെ വിധി ബാധിക്കും. ഇന്ധനവിലവര്‍ധന കൂലിവര്‍ധനവടക്കമുള്ള പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്ന സ്വകാര്യബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ വിധി. ഈ മേഖലയില്‍ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെയും ഈ തീരുമാനം ബാധിക്കും.
സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളുടെ കാര്യത്തിലും വിധി ബാധകമാണ്. സംസ്ഥാനത്ത് ആകെയുള്ള 6000 ബസില്‍ 10 ശതമാനം ബസുകളും പത്ത് വര്‍ഷത്തിന് മുകളില്‍ പഴക്കം ചെന്നതാണ്. അതുപോലെ തന്നെ പോലീസ് വാഹനങ്ങളടക്കമുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പല ഡീസല്‍ വാഹനങ്ങള്‍ക്കും പത്ത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. അതിനാല്‍ ട്രിബ്യൂണല്‍ വിധി സര്‍ക്കാര്‍ മേഖലയെയും ശക്തമായി ബാധിക്കും. അതിനാല്‍ തന്നെ വിധി നടപ്പിലാക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ തീരുമാനം എന്തായാലും വിധിയെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് സംഘടനകള്‍.
പൊതുഗതാഗതമേഖലയ്ക്കു പുറമെ ചരക്കുഗതാഗതത്തെയും ഈ വിധി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. പത്തുവര്‍ഷത്തിനു മുകളിലുള്ള ലോറികളും മറ്റും നഗരങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കുന്നത് ചരക്കുകൂലി വര്‍ധനവടക്കമുള്ള നടപടികളിലേക്ക് നയിക്കും.
10 വര്‍ഷം പൂര്‍ത്തിയാക്കിയ ബസുകള്‍ നിരത്തിലിറക്കരുതെന്ന് പറയുന്നത് അപ്രായോഗികവും ദീര്‍ഘവീക്ഷണവുമില്ലാത്ത നടപടിയാണെന്ന് കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ബി.സത്യന്‍ പറഞ്ഞു. 25 ലക്ഷം രൂപയ്ക്ക് മുകളില്‍ മുടക്കിയാണ് സ്വകാര്യ ബസുകള്‍ നിരത്തിലിറക്കുന്നത്. 15 വര്‍ഷമെങ്കിലും ഓടിയാലെ ബസുകള്‍ക്ക് മുടക്കിയ പണം എങ്കിലും തിരികെ ലഭിക്കൂ. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഡീസല്‍ വാഹനങ്ങളില്‍നിന്നുള്ള പുക മൂലമുള്ള മലിനീകരണം രൂക്ഷമാണെന്നു ചൂണ്ടിക്കാട്ടി, ഇതു തടയണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ ലോയേഴ്‌സ് എന്‍വയോണ്‍മെന്റല്‍ അവയര്‍നസ് ഫോറം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് സ്വതന്തര്‍ കുമാര്‍, വിദഗ്ധാംഗം ബിക്രം സിംഗ് സജ്‌വാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഹെവിലൈറ്റ് മോട്ടോര്‍ ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. മുപ്പതു ദിവസത്തിനുള്ളില്‍ സര്‍ക്യൂട്ട് ബെഞ്ചിന്റെ നിര്‍ദേശം നടപ്പാക്കണം എന്നാണ് ഉത്തരവ്. ട്രാഫിക് പോലീസിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും വാഹനപരിശോധന നടത്തി ഉത്തരവ് ലംഘിച്ച് നഗരങ്ങളില്‍ പ്രവേശിക്കുന്ന വാഹനങ്ങളില്‍നിന്ന് 5000 രൂപ പിഴ ഈടാക്കണമെന്നും ഈ തുക പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.