കടുത്തുരുത്തി: പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പെട്രോള്‍ പമ്പിലെ ജീവനക്കാരനെ ചവിട്ടി വീഴ്ത്തിയ ശേഷം പണം കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4.15 ഓടെ നമ്പ്യാകുളത്തെ പഴയ പെട്രോള്‍ പമ്പിലാണ് സംഭവം. 49,555 രൂപ നഷ്ടപെട്ടതായി പമ്പുടമ മാത്യു ജോസഫ് പറഞ്ഞു. ബൈക്കിലെത്തിയ സംഘത്തില്‍ ഒരാളാണ് പമ്പിലേക്ക് നടന്നു വന്നത്.
പണം സൂക്ഷിച്ചിരുന്ന ചെറിയ ഇരുമ്പ് മേശയില്‍ തല വച്ച് മയങ്ങുകയായിരുന്ന ജീവനക്കാരന് രാജു ജോസഫ് (48)നെ ചവുട്ടി വീഴ്ത്തിയ ശേഷം മേശയുള്പെടെ എടുത്ത് കൊണ്ട് ഇയാള്‍ ഓടൂകയായിരുന്നു. ഈ സമയം പമ്പിന് സമീപത്തെ മരത്തിന് പിന്നിലായി നിര്‍ത്തിയിട്ടിരുന്ന ബൈക്കുമായി രണ്ടാമന് പാഞ്ഞെത്തി ഇരുവരും മേശയുമായി കടക്കുകയായിരുന്നു.
ഈ സമയം പമ്പിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന് സദാശിവന് (56) അകത്തായിരുന്നു. മോഷ്ടാക്കള്‍ കവര്‍ന്ന ഇരുമ്പ് മേശ പിന്നീട് വേദഗിരി കോട്ടയ്ക്കപ്പുറം പള്ളിക്ക് സമീപത്തെ റബര്‍ തോട്ടത്തില്‍ പണമെടുത്ത ശേഷം ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തി. രാത്രി ഒമ്പതിന് ശേഷമുള്ള കളക്ഷന്‍ തുകയാണ് നഷ്ടപെട്ടത്. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.