മാവേലി എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിനായി ഓടിക്കാനുളള തീരുമാനം നടപ്പിലാക്കണം

trainകൊല്ലം :  പകല്‍ സമയം തിരുവനന്തപുരത്ത് സ്റ്റേ ചെയ്യുന്ന മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസിന്റെ  റേക്ക് ഉപയോഗിച്ച് തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയില്‍ പാസഞ്ചര്‍ ട്രെയിനായി ഓടിക്കുന്നതിനായി തിരുവനന്തപുരം ഡിവിഷന്‍ എടുത്ത തീരുമാനം ഉടനടി നടപ്പില്‍ വരുത്തണമെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍  കൊല്ലം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രാവിലെ 6.40ന് തിരുവനന്തപുരത്ത് നിന്നും തിരിക്കുന്ന മധുര – പുനലൂര്‍ കഴിഞ്ഞാല്‍ ഉച്ചയ്ക്ക് 2.50ന് മാത്രമാണ് കൊല്ലത്തിനും തിരുവനന്തപുരത്തിനുമിടയില്‍ എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തുന്ന ട്രെയിന്‍ (നാഗര്‍കോവില്‍ – കോട്ടയം പാസഞ്ചര്‍) .

അതുപോലെ രാവിലെ 9.10ന് കൊല്ലത്ത് നിന്നും കന്യാകുമാരിയിലേക്ക് പുറപ്പെടുന്ന മെമ്മു കഴിഞ്ഞാല്‍ കൊല്ലത്ത് നിന്നും ഉച്ചകഴിഞ്ഞ് 3.15ന് മാത്രമാണ് തിരുവനന്തപുരം ഭാഗത്തേക്കുളള പാസഞ്ചര്‍ ട്രെയിന്‍.കന്യാകുമാരി – മുംബൈ ജയന്തി ജനതയുടെ സമയമാറ്റംമൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പുതിയ പാസഞ്ചര്‍ സര്‍വീസ് പ്രയോജനകരമാണെന്നിരിക്കെ തിരുവനന്തപുരം ഡിവിഷന്‍ കൈക്കൊണ്ട തീരുമാനം അടിയന്തിരമായി നടപ്പില്‍ വരുത്തി യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി.പി. ദിപുലാല്‍ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് പരവൂര്‍ സജീബ് ഉദ്ഘാടനം ചെയ്തു. ജെ. ഗോപകുമാര്‍, ചിതറ അരുണ്‍ ശങ്കര്‍, എം.എസ്. വിശാല്‍, രാജേഷ്.വി. ആര്‍, അര്‍ജ്ജുന്‍.എം.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts