വടക്കഞ്ചേരി റോയല്‍ ജംഗ്ഷനില്‍ ഏതുസമയവും അപകടം ഉണ്ടായേക്കാം

PKD-ACCIDENTAREAവടക്കഞ്ചേരി: ദേശീയപാത റോയല്‍ ജംഗ്ഷനില്‍ ട്രാഫിക് സംവിധാനം ഏതുസമയവും അപകടഭീതിഉളവാക്കുന്ന രീതിയില്‍. നിലവിലുള്ള റോഡിലൂടെയും ആറുവരിപ്പാതയുടെ ഭാഗമായുള്ള പുതിയ റോഡിലൂടെയും തലങ്ങും വിലങ്ങും വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ കണ്ണമ്പ്ര റോഡിലേക്ക് പോകുന്ന വാഹനങ്ങളും അവിടെനിന്നു ടൗണിലേക്കുവരുന്ന വാഹനങ്ങളുമായി ആര്‍ക്കും നിയന്ത്രിക്കാനാകാത്ത വിധമാണ് വാഹനങ്ങളുടെ പോക്ക്.പോലീസും ഹോംഗാര്‍ഡും റോഡുവികസനം നടത്തുന്ന കരാര്‍ കമ്പനികളുടെ ആളുകളുമായി അരഡസനോളംപേര്‍ നിന്നാണ് ഇവിടെയിപ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നത്.

ഇതേരീതിയില്‍ ട്രാഫിക് ക്രമീകരിക്കുന്നത് പ്രായോഗികമല്ലതാനും. രാത്രിയായാല്‍ ഇതൊന്നുമില്ല. ഇവിടെ ഫ്‌ളൈഓവറും അണ്ടര്‍പാസും വരുന്നതുവരെ റോയല്‍ ജംഗ്്ഷനും തങ്കംകവലയും അപകടരഹിതമാക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് ആവശ്യം.റോയല്‍ ജംഗ്ഷനില്‍നിന്നും തൃശൂര്‍ ഭാഗത്തേക്കുപോകുന്ന വാഹനങ്ങള്‍ ഇപ്പോള്‍ ഇടത്തോട്ടുതിരിഞ്ഞ് പുതിയ റോഡിലൂടെയാണ് പോകുന്നത്. ഇതു ഒഴിവാക്കി റോയല്‍ ജംഗ്്ഷനില്‍ നിലവിലുള്ള റോഡുവഴി തന്നെ പത്തുമീറ്റര്‍ കൂടി മുന്നോട്ടുപോയി ഇടത്തോട്ടു തിരിഞ്ഞ് പുതിയ റോഡിലേക്ക് പ്രവേശിക്കാനുള്ള സൗകര്യമുണ്ടാക്കുന്നത് അപകടം കുറയ്ക്കാന്‍ സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ പഴയപോലെ ഒരു റോഡ് മാത്രം നോക്കി കണ്ണമ്പ്ര റോഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാനുമാകും.തൃശൂര്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കണ്ണമ്പ്ര റോഡുവഴി പോകുന്ന ബസുള്‍പ്പെടെ നിരവധി വാഹനങ്ങളുണ്ട്.പാലക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ റോയല്‍ ജംഗ്്ഷന്‍ എത്തുംമുമ്പേ ഇടത്തോട്ടുതിരിഞ്ഞ് പുതിയ റോഡിലൂടെ വിട്ടാല്‍ ടൗണില്‍നിന്നും  കണ്ണമ്പ്ര റോഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം ഏറെ ദുഷ്കരവും അപകടകരവുമാകും. ഇത് ജംഗ്ഷനിലെ വാഹനക്കുരുക്കിനും വഴിവയ്ക്കും.അതല്ലെങ്കില്‍ റോയല്‍ ജംഗ്്ഷനില്‍ നിലവിലുള്ള ദേശീയപാത പൂര്‍ണമായും അടച്ച് എല്ലാ വാഹനങ്ങളും പുതിയ റോഡിലൂടെ വിടാന്‍ നടപടിയുണ്ടായാല്‍ അതു സൗകര്യപ്രദമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.

Related posts