ഐഎസ് ഭീകരരുടെ ലൈംഗിക അടിമ; അതിക്രൂരമായ പീഡനം ! ഐഎസ് പിടിയില്‍ നിന്ന് രക്ഷപെട്ട യസീദി പെണ്‍കുട്ടികള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പുരസ്കാരം

ISബ്രസല്‍സ്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ലൈംഗിക അടിമത്വത്തില്‍നിന്നു രക്ഷപ്പെട്ട യസീദി പെണ്‍കുട്ടികളായ നാഡിയ മുറാദ് ബസീക്കും ലാമിയ അജി ബാഷറിനും യൂറോപ്യന്‍ യൂണിയന്റെ സഖറോവ് പുരസ്കാരം. സോവ്യറ്റ് ശാസ്ത്രജ്ഞനായ ആന്ദ്രേ സഖാറോവിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ മനുഷ്യാവകാശപ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ ഏറ്റവും വലിയ പുരസ്കാരമാണിത്. ഐഎസ് പിടിയില്‍നിന്ന് രക്ഷപ്പെട്ട ഇവര്‍ യസീദി സമൂത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ്.

ഇറാക്ക് നഗരമായ സിന്‍ജാറിനടുത്തുള്ള കോച്ചോ ഗ്രാമവാസിയായ നാഡിയ പത്തൊന്‍പതാമത്തെ വയസിലാണ് ഐഎസ് പിടിയിലാകുന്നത്. അതിക്രൂരമായ പീഡനത്തിനിരയായ ഇവര്‍ക്കു പിന്നീട് രക്ഷപ്പെടാന്‍ സാധിച്ചെങ്കിലും അമ്മയെയും ആറു സഹോദരന്‍മാരെയും നഷ്ടപ്പെട്ടിരുന്നു. പിന്നീട് അഭിഭാഷകയായ നാഡിയ യസീദികളുടെ ദുരവസ്ഥകള്‍ക്കെതിരെ പോരാടുകയാണ്. കോച്ചോ ഗ്രാമവാസിയായ ലാമിയ പതിനാറാമത്തെ വയസിലാണ് ഐഎസ് ഭീകരരുടെ ലൈംഗിക അടിമയായത്. 20 മാസത്തിനു ശേഷമാണ് ഐഎസ് പിടിയില്‍നിന്നു രക്ഷപ്പെട്ടത്.

യൂറോപ്യന്‍ പാര്‍ലമെന്റിലെ ലിബറല്‍ ആല്‍ഡെ വിഭാഗമാണ് ഇരുവരേയും പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തത്. ഇത്തരം ക്രൂരതകള്‍ക്കു സാക്ഷ്യം വഹിക്കുകയും അതിനെതിരേ പോരാടുകയും ചെയ്യുന്ന ഇവര്‍ക്കു പരിപൂര്‍ണ പിന്തുണ നല്‍കുമെന്നു യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷൂള്‍സ് പറഞ്ഞു. ക്രിമിയയിലെ ടാട്ടര്‍ പ്രവര്‍ത്തകന്‍ മുസ്തഫ ജെമിലേവ്, നാടുകടത്തപ്പെട്ട ടര്‍ക്കിഷ് പത്രപ്രവര്‍ത്തകന്‍ കാന്‍ ഡുന്‍ഡര്‍ എന്നിവരും പു രസ്കാരത്തിനര്‍ഹരായി.

Related posts