അഞ്ചല്‍: ടൗണില്‍ ജനത്തിരക്കേറിയ ഭാഗത്ത് തടിപ്പെട്ടിയ്ക്കുള്ളില്‍ വില്പനക്കായി സൂക്ഷിച്ചിരുന്ന പാന്‍മസാല ശേഖരവുമായി അന്യസംസ്ഥാനക്കാരനായ യുവാവ് പോലീസിന്റെ പിടിയിലായി. ബീഹാര്‍ സ്വദേശി ഷമീറി(23) ആണ് അറസ്റ്റി ലായത്.ഇന്നലെ വൈകുന്നേരം അഞ്ചോടെ അഞ്ചല്‍ ടൗണില്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന്റെ പ്രവേശന കവാടത്തിന് മുന്നിലാണ് സംഭവം. റെയിഞ്ചോഫീസിന്റെ പ്രവേശനകവാടത്തിന് തൊട്ടുമുന്നിലുള്ള ഫുട്പാത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ തള്ളിയിരുന്ന വലിയ തടിപ്പെട്ടിക്കുള്ളിലാണ് ഇയാള്‍ പാന്‍മസാല ശേഖരം സൂക്ഷിച്ചിരുന്നത്.
ഇതിന് സമീപം ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ കാല്‍നടയാത്രികര്‍ ഇതുവഴി കടന്നുപോകില്ല. ഇത് വ്യക്തമായി മനസിലാക്കിയാണ് ഷമീര്‍ ഇവിടെ പാന്‍ മസാല ശേഖരം സൂക്ഷിച്ചത്.രാത്രികാലങ്ങളില്‍ ഇവിടെയെത്തി കച്ചവടത്തിന് ആവശ്യമുള്ളവ എതിര്‍വശത്തെ മാടക്കടയിലേക്ക് എടുത്തുകൊണ്ടുപോവുകയാണയിരുന്നു ഇയാള്‍ ചെയ്തിരുന്നത്.
ഓപ്പറേഷന്‍ പിങ്കിന്റെ ഭാഗമായി അഞ്ചല്‍ പോലീസ് ഇന്നലെ ടൗണിലും വിവിധ സ്കൂളുകള്‍ക്കുസമീപമുള്ള കടകളിലും പരിശോധന നടത്തിയിരുന്നു. പരിശോധനാ വിവരമറിഞ്ഞ് ജംഗ്ഷനിലെ മാടക്കടയില്‍നിന്നും സാധനങ്ങള്‍ എടുത്തുമാറ്റാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പോലീസ് ഇവിടെ എത്തിയത്. ഷെമീറിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ പോലീസ് നടത്തിയ തെരച്ചിലിലാണ് വന്‍ പാന്‍മസാല ശേഖരം കണെ്ടടുത്തത്.
തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആയിരത്തോളം പാന്‍മസാല പായ്ക്കറ്റുകളാണ് ഇവിടെനിന്നും പോലീസ് കണെ്ടടുത്തത്.തെങ്കാശിയില്‍ നിന്നും ആര്യങ്കാവ് ചെക്ക്‌പോസ്റ്റുവഴിയാണ് വിതരണക്കാര്‍ ഇയാള്‍ക്ക് പാന്‍മസാലകള്‍ എത്തിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളും സ്കൂള്‍ വിദ്യാര്‍ഥികളുമാണ് ഷെമീറില്‍ നിന്നും പാന്‍മസാലകള്‍ വാങ്ങി ഉപയോഗിച്ചിരുന്നത്.ആര്‍ഒ ജംഗ്ഷനിലെ ഓട്ടോ-ടാക്‌സി സ്റ്റാന്റിനോട് ചേര്‍ന്നാണ് പാന്‍മസാല സൂക്ഷിച്ചിരുന്നത്. ഇതിന് എതിര്‍വശത്തായാണ് പുനലൂര്‍ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ്. മാത്രമല്ല ടൗണിലെ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനും തൊട്ടടുത്താണ്.
ടൗണിലെ ഏറ്റവും ജനത്തിരക്കേറിയ ഭാഗത്ത് അധികൃതരുടേയും നാട്ടുകാരുടേയും കണ്ണുവെട്ടിച്ച് പാന്‍മസാല ശേഖരം സൂക്ഷിച്ചിരുന്നത് എല്ലാവരേയും ഞെട്ടിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അഞ്ചല്‍ എസ്‌ഐ എസ് സതീഷ്കുമാര്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.