പത്തനംതിട്ട: ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളിലും പ്രചരണം നടത്താന്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ആര്.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന മിഷന് ഗ്രീന്‍ ശബരിമല യോഗത്തിലാണ് തീരുമാനം. അന്യസംസ്ഥാനങ്ങളില്‍ പ്രചരണം നടത്തുന്നതിന് ടൂറിസം വകുപ്പിന്റെ സഹായം തേടാനും തീരുമാനിച്ചു.
പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കുന്നതിനു നിയന്ത്രണമുള്ളതിനാല്‍ ആവശ്യത്തിനു കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. കൂടുതല്‍ വാട്ടര്‍ കൗണ്ടറുകള്‍ സ്ഥാപിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ളാഹ, കണമല എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് എക്സ്ചേഞ്ച് കൗണ്ടറുകള്‍ ഉണ്ടാവും. ഏഴു സ്ഥലങ്ങളില്‍ ചുക്ക് കാപ്പിയും വിതരണം ചെയ്യും. തീര്‍ഥാടകരില്‍ നിന്ന് പ്ലാസ്റ്റിക് വാങ്ങി പകരം തുണി സഞ്ചികള്‍ വിതരണം ചെയ്യും.
ബോധവത്കരണത്തിനായി ആറു ഭാഷകളിലുള്ള ബാനറുകള്‍, സ്റ്റിക്കര്‍, കാര്‍ഡുകള്‍ എന്നിവ തയാറാക്കും. മിഷന്‍ഗ്രീന്‍ ശബരിമലയുടെ പ്രചരണത്തിനായി ബാങ്കുകളുടെ സഹായം ജില്ലാ കളക്ടര്‍ തേടി. ദുരന്ത നിവാരണം ഡെപ്യുട്ടി കളക്ടര്‍ ജി.ബാബു, ജില്ലയിലെ വിവിധ ബാങ്ക് മേധാവികള്‍, ശുചിത്വമിഷന്, കുടുംബശ്രീ, ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.