സംരക്ഷണഭിത്തിയില്ല; അപകടഭീഷണിയുമായി കടുത്തുരുത്തി- ആപ്പുഴ തീരദേശ റോഡ്

ktm-roadകടുത്തുരുത്തി: അധികൃതരുടെ അവഗണന കടുത്തുരുത്തി-ആപ്പൂഴ തീരദേശ റോഡ് തകര്‍ന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന റോഡില്‍ അറ്റക്കുറ്റ പണികള്‍ നടത്താത്തതും കാലവര്‍ഷത്തില്‍ വലിയതോട് കരകവിഞ്ഞൊഴുകി മെറ്റലും മറ്റും കുത്തിയൊഴുകി നശിച്ചതുമാണ് റോഡിന്റെ തകര്‍ച്ചയ്ക്കു വഴി വച്ചത്. പതിറ്റാണ്ടുകളായി ആരും തിരിഞ്ഞു നോക്കാതെ കിടന്ന റോഡ് മോന്‍സ് ജോസഫ് എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെയാണ് പിഡബ്യൂഡിയെ കൊണ്ട് ഏറ്റെടുത്ത് ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കിയത്. മൂന്നര കിലോമീറ്ററോളം ദൂരം വരുന്ന റോഡ് പടിഞ്ഞാറന്‍ പ്രദേശങ്ങളായ ആയാംകുടി, ആപ്പുഴ, എരുമത്തുരുത്ത്, എഴുമാന്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്തുരുത്തി പട്ടണവുമായി ബന്ധപെടാന്‍ സഹായിക്കുന്ന എളുപ്പമാര്‍ഗമാണ്.

വാലാച്ചിറ റെയില്‍വേ ഗേറ്റ് വഴിയുള്ള കടുത്തുരുത്തി-കല്ലറ റൂട്ടില്‍ ഗതാഗതപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണിത്. വാലാച്ചിറ റെയില്‍വേ ഗേറ്റ് പണിമുടക്കുമ്പോളും ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളുമടക്കം ഉപയോഗിക്കുന്നതും ഇതേ വഴി തന്നെയാണ്. നൂറുകണക്കിന് വാഹനങ്ങളും വിദ്യാര്‍ഥികളടക്കം നിരവധി കാല്‍നടയാത്രക്കാരും കടന്നു പോകൂന്ന വഴിയാണ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്നത്. റോഡിന്റെ പലഭാഗത്തും വലിയ കുഴികള്‍ രൂപപെട്ടിരിക്കുകയാണ്. റെയില്‍വേ മേല്‍പാലത്തിന്റെ അടിഭാഗത്തുകൂടി റോഡ് കടന്നുപോകുന്ന ഭാഗം പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. ഓട്ടോറിക്ഷകള്‍ ഇതുവഴി വരാന്‍ മടിക്കുന്നത് നാട്ടുകാര്‍ക്ക് ഏറേ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്.

ഇതിന് പുറമെയാണ് റോഡിന്റെ രണ്ടുവശങ്ങളിലും കാട് മൂടി കിടക്കന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍.  എതിരെ വരുന്ന വാഹനങ്ങള്‍ കാണാനാവാത്ത വിധമാണ് റോഡില്‍ പലയിടത്തും കാട് മൂടിയിരിക്കുന്നത്. ഇതു പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. രണ്ട് വാഹനങ്ങള്‍ എതിര്‍ദിശയില്‍ നിന്നെത്തിയാല്‍ സൈഡ് നല്‍കണമെങ്കില്‍ പലപ്പോഴും ഏതെങ്കിലും ഒരു വാഹനം മീറ്ററുകളോളം ദൂരം പുറകോട്ട് പോകേണ്ടി വരും. റോഡിന് സംരക്ഷണഭിത്തിയില്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വാഹനങ്ങള്‍ തോട്ടിലേക്ക് മറിഞ്ഞ് നിരവധി അപകടങ്ങള്‍ ഈ വഴിയില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ആയാംകുടി സ്വദേശിയായ യുവാവ് മരിച്ച സംഭവവും ഉണ്ടായിരുന്നു. പ്രദേശത്തെ ഒട്ടുമിക്ക റോഡുകളും റീ ടാറിംഗ് നടത്തി മുഖം മിനുക്കിയപ്പോളും തീരദേശ റോഡ് അവഗണിക്കപെടുകയായിരുന്നു.

Related posts