കൊച്ചി: മഴ കനത്തതോടെ കൊച്ചിയിലെ യാത്രയും കഠിനമായി. പൊട്ടിപ്പൊളിഞ്ഞ റോഡുകളും വെള്ളക്കെട്ടും കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാകുകയാണ്. മഴ ശക്തമായി തുടരുന്നതിനാല്‍ അറ്റകുറ്റപ്പണികളും നിലച്ച മട്ടാണ്. നഗരത്തിനുള്ളില്‍ കടവന്ത്ര, കലൂര്‍, കതൃക്കടവ്, പാലാരിവട്ടം എന്നിവിടങ്ങളിലെ റോഡുകളാണു തകര്‍ന്നുകിടക്കുന്നത്. റോഡിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.
നഗരത്തിനുള്ളില്‍ മെട്രോ റെയില്‍ നിര്‍മാണം നടക്കുന്ന പ്രദേശങ്ങളിലെ റോഡുകളുടെ സ്ഥിതി ശോചനീയമാണ്. റോഡുകളുടെ മധ്യഭാഗത്ത് നിര്‍മാണസാമഗ്രികള്‍ കുന്നുകൂടിക്കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്കു പോകാന്‍ ആവശ്യത്തിനു വീതിയില്ല. മെട്രോ നിര്‍മാണം നടക്കുന്നതിനാല്‍ എംജി റോഡിലെ തിരക്കൊഴിവാക്കി യാത്ര ചെയ്യുന്നതിനു നഗരത്തിലെത്തുന്നവര്‍ തെരഞ്ഞെടുക്കുന്ന കലൂര്‍-കടവന്ത്ര റോഡ് കുണ്ടും കുഴികളുമായി തകര്‍ന്ന നിലയിലാണ്. കലൂരില്‍ നിന്നു കതൃക്കടവ് വരെയുള്ള ഭാഗത്തെ റോഡ് ഗതാഗതയോഗ്യമല്ലാതായി.
റോഡിന്റെ വശങ്ങളില് കേബിളുകള്‍ സ്ഥാപിക്കുന്നതിനായി കെഎസ്ഇബിയും കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി ജല അഥോറിറ്റിയും കുഴികളെടുത്തത് വാഹനയാത്രികര്‍ക്കും കാല്‍നടയാത്രികര്‍ക്കും ഒരുപോലെ ഭീഷണിയാണ്. കേബിളുകളും പൈപ്പുകളും സ്ഥാപിച്ചിട്ടു നാളുകളായെങ്കിലും റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ ഇരുവകുപ്പുകളിലെയും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. റോഡിന്റെ അറ്റകുറ്റപ്പണി തങ്ങളുടെ ചുമതലയല്ലെന്നാണു ഇരുവകുപ്പുകളുടെയും നിലപാട്. ജിസിഡിഎയാണ് റോഡിന്റെ നവീകരണം നടത്തേണ്ടതെന്നും ഇതിന്റെ തുക അവര്‍ക്കു കൈമാറിയിട്ടുണെ്ടന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തു റോഡുകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. പാലാരിവട്ടത്തെ സ്ഥിതിയും വ്യത്യസ്തമല്ല. മാമംഗലം മുതല്‍ കലൂര്‍ സ്റ്റേഡിയം വരെയുള്ള ഭാഗങ്ങളില്‍ ആഴ്ചകളായി റോഡുകള്‍ തകര്‍ന്നു കിടക്കുന്നത് അധികൃതര്‍ അറിഞ്ഞ മട്ടില്ല. തിരക്കേറിയ കച്ചേരിപ്പടി ജംഗ്ഷനില്‍ റോഡിലെ വലിയ കുഴികള്‍ കാല്‍നടയാത്രക്കാര്‍ക്കു വലിയ ഭീഷണിയുയര്‍ത്തുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു പെയ്ത കനത്ത മഴയില്‍ മേനക ജംഗ്ഷനിലും മാര്‍ക്കറ്റ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു.