ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

kkd-foodവടകര : നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ഫ്രൂട്ട്‌സ് എന്നിവ പിടിച്ചെടുത്തു. ശ്രീകൃഷ്ണ ഇന്റര്‍നാഷണല്‍, മൂരാട് പാലത്തിന് സമീപത്തെ ഹോട്ടല്‍ പ്രവാസി, അറത്തില്‍ ഒന്തത്തിനടുത്തുള്ള ചായക്കട, പാലോളിപ്പാലത്തെ ചായക്കട, ബ്ലൂഡയമണ്ട് ഹോട്ടല്‍, പുതിയ സ്റ്റാന്റിലെ സ്റ്റാള്‍ നമ്പര്‍ 9 ബങ്ക് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തത്. ലേബല്‍ ഇല്ലാത്ത സാധനങ്ങള്‍ വില്‍പന നടത്തിയതിന് പുതിയ സ്റ്റാന്റിലെ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

50 മൈക്രോണില്‍ താഴെയുള്ള നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഹോട്ടല്‍ ഗീത, ഹോട്ടല്‍ താര, ടി.എസ്.നമ്പര്‍ 14 കള്ള് ഷാപ്പ്, പാലോളിപാലത്തെ ബേക്കറി എന്നിവക്കു ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കി. സ്കൂള്‍ പരിസരങ്ങളില്‍ മായം കലര്‍ത്തിയ ഭക്ഷണ വസ്തുക്കള്‍ വില്‍പന നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ജെഎന്‍എം ഹൈസ്കൂളിനടുത്തുള്ള കടകളിലും പരിശോധന നടത്തി. ഉപ്പിലിട്ട ഭക്ഷണ പദാര്‍ഥങ്ങള്‍, സിപ്പ്്അപ്പ് എന്നിവ വില്‍പന നടത്തരുതെന്ന് കട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി.

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന അറത്തില്‍ ഒന്തത്തെ ചായക്കട അടച്ചു പൂട്ടി നവീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ദിവാകരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ഷജില്‍കുമാര്‍, ജെഎച്ച്‌ഐമാരായ ലത, ബിജു, സജീവന്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Related posts