ബെഡ് വിത്ത് ആക്ടിംഗ് മലയാള സിനിമയില്‍ പതിവ്! പാക്കേജ് സംവിധാനം രണ്ടു തവണ വാഗ്ദാനം ചെയ്യപ്പെട്ടു; ചലച്ചിത്ര നാടക നടി ഹിമ ശങ്കര്‍ വെളിപ്പെടുത്തുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനുശേഷം നിരവവധി നടീനടന്മാര്‍ ചില തുറന്നു പറച്ചിലുകളുമായി രംഗത്തെത്തിയിരുന്നു. അതിലൊന്നായിരുന്നു മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന രീതിയില്‍ നടി പാര്‍വതി നടത്തിയ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ ബെഡ് വിത്ത് ആക്ടിംഗ് എന്നറിയപ്പെടുന്ന പാക്കേജ് സംവിധാനം മലയാള സിനിമയിലുണ്ടെന്നു തന്നെ തുറന്നടിച്ചുകൊണ്ട് ചലച്ചിത്രനാടക നടി ഹിമ ശങ്കര്‍ രംഗത്തെത്തിയിരിക്കുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്നു പറഞ്ഞു സിനിമാ മേഖലയില്‍നിന്നു ചിലര്‍ തന്നെ വിളിച്ചിട്ടുണ്ടെന്ന് ഹിമ പറഞ്ഞു. സിനിമിയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചു.

ബെഡ് വിത്ത് ആക്ടിംഗ് എന്നായിരുന്നു മറുപടിയെന്നും ഹിമ പറയുന്നു. ഇത്തരത്തില്‍ തന്നെ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്ല. ഒരു ആക്ടിവിസ്റ്റ് മുഖമുള്ളതുകൊണ്ടാകാം ഇപ്പോള്‍ അത്തരക്കാരുടെ ശല്യം ഇല്ലാത്തത്. ആണ്‍ മേല്‍ക്കായ്മാ മനോഭാവം മലയാള സിനിമയിലുമുണ്ട്. സ്ത്രീകള്‍ സ്വന്തം അഭിപ്രായം തുറന്നു പറയണമെന്ന് സമൂഹത്തില്‍ എല്ലാവരും പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അഭിപ്രായം തുറന്നു പറയുന്ന സ്ത്രീകളെ പഴി പറയുന്നതും ഇതേ സമൂഹം തന്നെയാണെന്നു ഹിമ പറഞ്ഞു. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നടി ഈ തുറന്നു പറച്ചില്‍ നടത്തിയത്. ഏതായാലും പഴയ കാലത്തില്‍ നിന്ന് വ്യത്യസ്തമായി നടിമാര്‍ തങ്ങള്‍ക്കു നേരിടേണ്ടിവന്നിട്ടുള്ള ദുരനുഭവങ്ങള്‍ തുറന്നു പറയാന്‍ തയാറാവുന്നതിനാല്‍ നാണം കെട്ടിട്ടെങ്കിലും ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്നവരുടെ എണ്ണം കുറയുമെന്നു വേണം കരുതാന്‍.

Related posts