ഇതാവണമെടാ പോലീസ്! മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഉത്തമ പോലീസുകാരന്‍; പെരുവഴിയിലായ അമ്മയ്ക്കും മകള്‍ക്കും താങ്ങായി കാഞ്ഞിരപ്പള്ളി എസ്‌ഐ

ansal_police_240317

കാഞ്ഞിരപ്പള്ളി: കാക്കിക്കുള്ളിലും മനസാക്ഷിയുള്ള ഒരു മനസുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കാഞ്ഞിരപ്പള്ളി എസ്ഐ എ.എസ്.അൻസൽ. തന്‍റെ ഒൗദ്യോഗിക കൃത്യനിർവഹണത്തിന്‍റെ ഭാഗമായി രോഗിയായ അമ്മയെയും സ്കൂൾ വിദ്യാർഥിനിയായ മകളെയും ഒറ്റമുറി വീട്ടിൽ നിന്നും അൻസൽ ഒഴിപ്പിച്ചത് മനസില്ലാ മനസോടെയാണ്. കോടതി ഉത്തരവ് നടപ്പാക്കാതെ അദ്ദേഹത്തിന് മറ്റ് നിർവാഹമില്ലായിരുന്നു.

എന്നാൽ ഉത്തരവ് നടപ്പാക്കി പൊടിതട്ടി പോകാൻ അദ്ദേഹം തയാറായില്ല. അനാഥരായ ആ അമ്മയെയും മകളെയും തന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കാൻ അൻസൽ എന്ന മനുഷ്യൻ മുന്നിട്ടിറങ്ങിയതോടെ ഒരുപാട് സുമനസുകൾ സഹായവുമായി എത്തി. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഉത്തമ പോലീസുകാരൻ എന്ന നിലയിൽ അൻസൽ ഒറ്റദിവസം കൊണ്ട് കേരള പോലീസിന്‍റെ മുഴുവൻ അഭിമാനമായി.

കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ബബിതയ്ക്കും മകൾ സൈബയ്ക്കും വീട് നഷ്ടപ്പെട്ട് പെരുവഴിയിൽ ഇറങ്ങേണ്ടിവന്നത്. രോഗിയായ ബബിതയെ എസ്ഐയും സംഘവും കിടക്കയോടെ വീട്ടിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. എസ്ഐ അൻസലിന്‍റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. ആരോരും ആശ്രയമില്ലാത്ത ആ അമ്മയും മകൾക്കും പിന്നീട് അൻസലിന്‍റെ നേതൃത്വത്തിൽ നൽകിയ സഹായം ചെറുതൊന്നുമല്ല.

വീട്ടിൽ നിന്നും ഇറക്കിവിട്ട അന്നു മുതൽ അവരുടെ എല്ലാ ആവശ്യങ്ങൾക്കും അൻസൽ ഒപ്പം നിന്നു. കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസും ജമാ അത്ത് ഭാരവാഹികളും സഹായത്തിന് എത്തിയതോടെ ബബിതയും മകളും സനാഥരായി. ഇരുവർക്കും ആദ്യഘട്ടമായി കിടക്കാൻ ഒരിടവും മകൾക്ക് പഠിക്കാൻ ആവശ്യമായ സഹായവും അൻസലിന്‍റെ നേതൃത്വത്തിൽ ചെയ്തുകഴിഞ്ഞു. മാധ്യമങ്ങളിലൂടെ ഇവരുടെ ദുരിത കഥയറിഞ്ഞ് നിരവധിയാളുകൾ സഹായഹസ്തം നീട്ടിയെന്നും എല്ലാ സുമനസുകൾക്കും നന്ദിയുണ്ടെന്നും എസ്ഐ അറിയിച്ചു. വാടക വീട്ടിൽ താമസത്തിന് എത്തുന്പോൾ മുന്നോട്ടുള്ള ജീവിതത്തിൽ കൈതാങ്ങായി തനിക്കും മകൾക്കും ഒപ്പംനിന്നവരോട് കണ്ണീരിന്‍റെ ഭാഷയിലാണ് ബബിത നന്ദി അറിയിച്ചത്.

കുടുംബത്തെ സഹായിക്കാൻ അൻസലിനൊപ്പം ആദ്യാവസാനം കൂടെ നിന്നത് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ സിപിഒമാരായ ശ്രീരാജ്, അനിൽ പ്രകാശ്, വിജയൻ, എഎസ്ഐ ജോയ് തോമസ് എന്നിവരാണ്. സിഐ ഷാജു ജോസും ഡിവൈഎസ്പി ഇമ്മാനുവേൽ പോളും ഈ കാരുണ്യപ്രവൃത്തിക്ക് എല്ലാ പിന്തുണയും നൽകി.

Related posts