ഷാപ്പില്‍നിന്നു പകര്‍ന്നു കിട്ടുന്ന നന്മ..! ; വരുമാനത്തിന്റെ ഒരു ഭാഗം കാന്‍സര്‍ രോഗികള്‍ക്ക്, ബിനോയ് മാതൃകയാകുന്നത് ഇങ്ങനെ

ജിബിന്‍ കുര്യന്‍

rd copy

കോട്ടയം: ഷാപ്പില്‍നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കാമോ? ഈ ചോദ്യത്തിന് ഒറ്റനോട്ടത്തില്‍ എല്ലാവരും നല്‍കുന്ന മറുപടി കാര്യമായൊന്നുമില്ല എന്നതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എങ്കില്‍ അടുത്ത ചോദ്യം, ഒരു ഷാപ്പു തൊഴിലാളിയില്‍നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കാമോ? ഈ ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം ആലോചിച്ചിട്ടേ ആരും ഉത്തരം പറയൂ. എന്നാല്‍, കോട്ടയം പൂവന്തുരുത്ത് സ്വദേശിയായ പുതുപ്പറമ്പില്‍ ബിനോയി മണിയെ പരിചയപ്പെട്ടാല്‍ നിങ്ങളുടെ ഉത്തരത്തിനു സംശയിക്കേണ്ടതില്ല, ഒരു ഷാപ്പു തൊഴിലാളികളില്‍നിന്നും നന്മകള്‍ പ്രതീക്ഷിക്കാം.

ഷാപ്പിലെ ജോലിയിലൂടെ കിട്ടുന്ന വരുമാനത്തിന്റെ ഗണ്യമായൊരു ഭാഗം പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി നീക്കിവച്ചിരിക്കുകയാണ് ഈ യുവാവ്. സ്വന്തം അധ്വാനത്തിന്റെ പങ്കു മാത്രമല്ല, ഈ രോഗികള്‍ക്ക് ഭക്ഷണമൊരുക്കി കൊടുക്കാന്‍ വേണ്ടി പരിചയക്കാരുടെയും ബന്ധുക്കളുടെയുമൊക്കെ നന്മ നിറഞ്ഞ  മനസുകളെ ഒരുമിപ്പിക്കുകയാണ് അദ്ദേഹം.
കോട്ടയം ചന്തയിലെ ഷാപ്പിലെ സപ്ലൈയറാണ് ബിനോയി എല്ലാ ബുധനാഴ്ചകളിലും തിരക്കിലാണ്. തനിക്കു ലഭിക്കുന്ന തുശ്ചമായ വരുമാനവും സുമനസുകളോടു വാങ്ങിയ തുകയും ചേര്‍ത്തുവച്ച് എല്ല ബുധനാഴ്ചയും കോട്ടയം മെഡിക്കല്‍ കോളജ് കാന്‍സര്‍ രോഗികള്‍ക്കു ഉച്ചഭക്ഷണം നല്‍കുകയാണ് ഇദ്ദേഹം. ഞായറാഴ്ചയും ജോലി ചെയ്തിട്ടാണ് രോഗികള്‍ക്കായി ബുധനാഴ്ച അദ്ദേഹം സമയം കണെ്ടത്തുന്നത്.

എട്ടു മാസങ്ങള്‍ക്കു മുമ്പു കാന്‍സര്‍ വാര്‍ഡില്‍ അഞ്ചു പൊതിച്ചോറുമായെത്തിയ ബിനോയിക്ക് ഇപ്പോള്‍ 120ലധികം പൊതിച്ചോറുകള്‍ കരുതണം. മീനും മോരും തോരനും അച്ചാറുമൊക്കെയുള്ള നല്ല ഒന്നാംതരം ഊണാണ് രോഗികള്‍ക്ക് ഒരുക്കി നല്‍കുന്നത്. ഭക്ഷണ പൊതി കാണുമ്പോള്‍ തന്നെ കഴിക്കാനിരിക്കുന്നയാളുടെ മനസ്  നിറയണമെന്നും കൊടുക്കുമ്പോള്‍ അതു മഹനീയമായിരിക്കണമെന്നും നിര്‍ബന്ധമുള്ളയാളാണു ബിനോയി.

ഈ ഭക്ഷണപ്പൊതിയില്‍ മീന്‍ ഇടം പിടിച്ചതിനും ഒരു കഥയുണ്ട്. ഒരു ദിവസം മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡില്‍നിന്ന് ഒരു രോഗി പുറത്തെ ഹോട്ടലിലേക്കു പോകുന്നു. ദിവസവും ആശുപത്രിയില്‍ കിട്ടുന്ന പച്ചക്കറി ഭക്ഷണം കഴിച്ചു മടുത്തെന്നായിരുന്നു രോഗിയുടെ സങ്കടം. പിന്നീടു ബിനോയി ഒന്നും ചിന്തിച്ചില്ല ഭക്ഷണ പൊതിയില്‍ മീന്‍ കറികൂടി വച്ചു തുടങ്ങി. ജോലി ചെയ്യുന്ന ഷാപ്പില്‍നിന്നായിരുന്നു അഞ്ചു പൊതികള്‍ ആദ്യം നല്‍കിയത്. പിന്നീടു കൂടിവന്നു. ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നു കണ്ടപ്പോള്‍ ഷാപ്പ് മാനേജര്‍ വില കുറച്ചു ഭക്ഷണപ്പൊതി നല്‍കാന്‍ തയാറായി.

ഇതോടെ ഭക്ഷണപ്പൊതികള്‍ നാല്‍പതും അന്‍പതുമായി ഉയര്‍ന്നു. ഇപ്പോള്‍ വീട്ടില്‍ സ്വയം പാചകം ചെയ്യുന്ന ഭക്ഷണമാണു രോഗികള്‍ക്ക് എത്തിച്ചു നല്‍കുന്നത്. ആഴ്ചയില്‍  ഒരു ദിവസത്തെ ഭക്ഷണത്തിന് 6,000 രൂപയാണു ചെലവ്. 1,500 രൂപ മീന്‍ വിഭവങ്ങള്‍ക്കു തന്നെയാകും. സ്വന്തം വയറു മുറുക്കിയുടത്തു മറ്റുള്ളവരെ ഊട്ടാന്‍ ഇറങ്ങിയപ്പോള്‍ പരിഹസിച്ചവര്‍ ഏറെയായിരുന്നുവെന്നു ബിനോയി പറയുന്നു. സ്വത്ത് നഷ്ടപ്പെടുത്തിയവനെന്നും വിഭ്രാന്തിയാണെന്നും പരിഹസിച്ച ഒരുപാടു പേരുണ്ടായിരുന്നു. ഇപ്പോള്‍ പരിഹസിച്ചവര്‍ പോലും ബിനോയിയുടെ കാരുണ്യസ്പര്‍ശത്തില്‍ പങ്കുചേരുന്നു.

ഭാര്യ ഷൈനിയും മക്കളായ അമൃതയും അദൈ്വതുമാണു ജീവകാരുണ്യ വഴിയില്‍ ബിനോയിയുടെ താങ്ങും തണലും. ബുധനാഴ്ച ദിവങ്ങളില്‍ പുലര്‍ച്ചെ രണ്ടു മുതല്‍ ബിനോയിയും ഷൈനിയും ജോലി ആരംഭിക്കും. ഭക്ഷണം വാഹനത്തില്‍ മെഡിക്കല്‍ കോളജിലെത്തിച്ചു വിതരണം നടത്തുന്നതുവരെ ഷൈനി ബിനോയിക്കൊപ്പമുണ്ടാകും.സഹജീവികളോടും കരുണയുണ്ടാകണമെന്നു ബിനോയിക്കു തോന്നിയതു സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലെ ഒരു സംഭവത്തെത്തുടര്‍ന്നാണ്. പള്ളം സിഎംഎസ് ഹൈസ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സഹപാഠിയായ സന്തോഷിന്റെ ഉച്ചഭക്ഷണം അബദ്ധത്തില്‍ കൈതട്ടി താഴെ പോയി.

ചോറു പോയില്ലെങ്കിലും അതിലെ മുട്ടക്കറി താഴെ പോയതു സന്തോഷിനെ ഏറെ വിഷമിപ്പിച്ചു. മുട്ട പോയതോടെ ഭക്ഷണം കഴിക്കാതെ സന്തോഷ് ഉപേക്ഷിച്ച പൊതിച്ചോര്‍ ബിനോയി എടുത്തു സ്കൂള്‍ ഗേറ്റിനു സമീപം ഭിക്ഷയാചിച്ചുകൊണ്ടിരിക്കുന്ന കാലില്ലാത്ത മനുഷ്യനു നല്‍കി.ആയാള്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നതു കണ്ടപ്പോള്‍ ഭക്ഷണത്തിന്റെ വില തിരിച്ചറിഞ്ഞു.

16 വര്‍ഷം മുമ്പാണു ബിസിനസ് ലാഭത്തില്‍നിന്നു കിട്ടിയ പണം ഉപയോഗിച്ച്  കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയില്‍ അരി നല്‍കി ഈ രംഗത്തേക്ക് എത്തിച്ചേര്‍ന്നത്. ബിസിനസ് പൊളിഞ്ഞു കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴാണ് ഒടുവില്‍ ഷാപ്പില്‍ സപ്ലൈയര്‍ ജോലിയിലെത്തിയത്.

സാമ്പത്തിക പ്രതിസന്ധി മൂലം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന വാഹനത്തിന്റെ തിരിച്ചടവ് മുടങ്ങല്‍ ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ ഈ യുവാവിനു മുന്നിലുണ്ട്. എങ്കിലും കഴിയുന്ന കാലത്തോളം സ്‌നേഹസ്പര്‍ശം തുടരണമെന്നാണ് ബിനോയിയുടെ തീരുമാനം. ഇതിനു സുമനസുകളുടെ സഹായവും  ഭക്ഷണം നല്‍കുമ്പോല്‍ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന കാന്‍സര്‍ രോഗികളും അവരുടെ കൂട്ടിരിപ്പുകാരുടെയും പ്രാര്‍ഥനയും തനിക്കൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്  ഈ ചെറുപ്പക്കാരന്‍.

 ബിനോയി മണി: 9961002627

Related posts