ആവശ്യങ്ങള്‍ പലത്! അടുത്തമാസം ഒന്ന് മുതല്‍ സ്വകാര്യബസുടമകളുടെ അനിശ്ചിതകാല സമരം; വിലവര്‍ധനയില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ബസ് സമരം ഇരുട്ടടിയാകും

പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അടുത്തമാസം ഒന്ന് മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നു. ഇന്നു രാവിലെ ചേര്‍ന്ന സ്വകാര്യ ബസുടമകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗമാണ് സമരത്തിന് തീരുമാനമെടുത്തത്. ഇതോടെ വിലവര്‍ധനയില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ബസ് സമരം ഇരുട്ടടിയാകും.

ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തില്‍ പ്രധാനമായും നിരക്കുവര്‍ധനതന്നെയാണ് മുന്‍പന്തിയിലുണ്ടായിരുന്നത്. ഡീസല്‍വില നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനാല്‍ നിലവിലെ പ്രതിസന്ധി രൂക്ഷമാണെന്നും ഇനിയും മുന്നോട്ടുപോകാനാവില്ലെന്നുമുള്ള നിലപാടിലാണ് ബസുടമകള്‍. ഇതിനാല്‍ ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കുക, കിലോമീറ്ററിന് 64 പൈസ എന്ന നിരക്ക് വര്‍ധിപ്പിച്ച് 72 പൈസ ആക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് മിനിമം അഞ്ചുരൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

സ്വകാര്യബസുടമകള്‍ ഇതേ ആവശ്യമുന്നയിച്ച് ഏറെ നാളായി സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. രണ്ടുതവണ സൂചനാ സമരവും നടത്തി. ഇതിനിടെ റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റി ഈ പ്രശ്‌നം സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.

ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, കേരള സ്‌റ്റേറ്റ് ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് ഓപ്പറേറ്റേഴ്‌സ്, ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം, കേരള സ്‌റ്റേറ്റ് െ്രെപവറ്റ് ബസ് ഓണേഴ്‌സ് ആന്‍ഡ് ഫെഡറേഷന്‍, ഇന്റര്‍ സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാണ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയിലുള്ളത്.

Related posts