തുണയായത് സോഷ്യല്‍മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍! സ്‌കൂളില്‍ കംപ്യൂട്ടറില്ലാത്തതിനാല്‍ കംപ്യൂട്ടര്‍ സ്‌ക്രീന്‍ ബോര്‍ഡില്‍ വരച്ച് പഠിപ്പിച്ചിരുന്ന അധ്യാപകന് അഭിനന്ദനങ്ങളും സമ്മാനങ്ങളുമായി ലോകം

സമൂഹമാധ്യമങ്ങള്‍ ഇടപെട്ട് നേടിയെടുത്ത ഒട്ടേറെ കാര്യങ്ങളുണ്ട് ഈ ആധുനിക ലോകത്തില്‍. അത്തരത്തില്‍ സോഷ്യല്‍മീഡിയ ഇടപെട്ടതിന്റെ ഫലമായുണ്ടായ ഒരു നേട്ടമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. റിച്ചാര്‍ഡ് അപ്പ്യാ അകോതോ എന്ന ഘാനയിലെ അധ്യാപകന്‍ പോസ്റ്റ് ചെയ്ത ഒറ്റ ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ആദ്യമായി കംപ്യൂട്ടര്‍ കാണാനും സ്വന്തമാക്കാനും നിമിത്തമായി.

സ്‌കൂളില്‍ കുട്ടികളെ കംപ്യൂട്ടര്‍ പഠിപ്പിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് റിച്ചാര്‍ഡ് അപ്പ്യാ അകോതോ പോസ്റ്റ് ചെയ്തത്. സ്‌കൂളില്‍ കംപ്യൂട്ടറില്ലാത്തതുകൊണ്ട് കംപ്യൂട്ടര്‍ സ്‌ക്രീന്‍ ബോര്‍ഡില്‍ വരച്ചാണ് അധ്യാപകന്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്നത്. ഇത്തരത്തിലുള്ള ഒരു ഫോട്ടോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഐടി കമ്പനിയാണ് സഹായവുമായി രംഗത്തെത്തിയത്.

ഈ അധ്യാപകന്‍ മൈക്രോ സോഫ്റ്റ് വേര്‍ഡ് ബ്ലാക്ക് ബോര്‍ഡില്‍ എഴുതി പഠിപ്പിക്കുന്ന ചിത്രമാണ് വൈറലായത്. വേര്‍ഡിന്റെ പേജ് ചിത്രമാക്കി വരച്ച് പഠിപ്പിക്കുന്ന ചിത്രം പ്രചരിച്ചതോടെ എന്‍ഐഐടി ഘാന എന്ന ഇന്ത്യന്‍ ഉപസ്ഥാപനമാണ് സ്‌കൂളിന് കമ്പ്യൂട്ടറുകളുമായി എത്തിയത്. അഞ്ച് കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും പുസ്തകങ്ങളും ഈ കമ്പനി സ്‌കൂളിനായി നല്‍കി. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച അവിടുത്തെ വിദ്യാര്‍ഥികളോടുള്ള അധ്യാപകരുടെ സമര്‍പ്പണത്തിന്റെ ചിത്രത്തില്‍ ആകൃഷ്ടരായാണ് തങ്ങള്‍ സ്‌കൂളിലേക്ക് കമ്പ്യൂട്ടറുകളുമായി എത്തിയതെന്ന് എന്‍.ഐ.ഐ.ടി സെന്റര്‍ മാനേജര്‍ ആശിഷ് കുമാര്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സ്‌കൂളിനും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പിന്തുണയുമായി ആളുകള്‍ എത്തുന്നുണ്ട്.

Related posts