തൃക്കാരിയൂരുകാരുടെ പ്രേമത്തില്‍ മനം നിറഞ്ഞ് കരിവീരന്മാര്‍; കുളിപ്പിച്ച് കുറിയും ചാര്‍ത്തി ഇഷ്ടപ്പെട്ട ഭക്ഷണവും നല്‍കി കൊണ്ടുനടക്കുന്നത് കൂടപ്പിറപ്പിനേപ്പോലെ

aaa600കോതമംഗലം: സ്‌നേഹിച്ചാല്‍ തിരിച്ചു സ്‌നേഹിക്കുന്ന കാര്യത്തില്‍ ആനകളെ കഴിഞ്ഞേ മനുഷ്യന്മാര്‍ക്കു പോലും സ്ഥാനമുള്ളൂ. ആ സ്‌നേഹം ഇപ്പോള്‍ അനുഭവിച്ചറിയുകയാണ് തൃക്കാക്കരിയൂരുകാര്‍. കുളിപ്പിച്ച് കുറിയുമിട്ട് വയറുനിറയെ ഇഷ്ടമുള്ള ഭക്ഷണം നല്‍കി ,സ്വന്തം കൂടപ്പിറപ്പുകളോടെന്നപോലെ പരിചരിച്ച് കൊണ്ടുനടക്കുന്ന ഇവിടുത്തുകാരോട് കരിവീരന്മാര്‍ക്കുള്ളതും കളങ്കമില്ലാത്ത സേന്ഹം തന്നെ.  മദപ്പാടുള്ളപ്പോള്‍ പോലും ഗജരാജന്‍ നായരമ്പലം രാജശേഖരന്‍ ഇവരോട് കാണിക്കുന്ന അടുപ്പവും അനുസരണശീലവും ഇതിന് ദൃഷ്ടാന്തമാണ്. മദപ്പാടിന്റെ സമയത്ത്  പാപ്പാന്‍ വിനോദ് അടുത്തുവന്നാല്‍ പോലും അത്ര സൗഹൃദം കാണിക്കാത്ത  ഈ ഗജവീരന്‍ നാട്ടുകാരായ ‘ചങ്ങാതിമാര്‍ ‘ആരെങ്കിലും സമീപത്തെത്തിയാല്‍ അനുസരണയുള്ള കുഞ്ഞാടായി മാറുന്ന അസാധാരണ കാഴ്ച ഒന്നുകാണേണ്ടതു തന്നെയാണ്.

ഒരു ദശകത്തോളമായി തങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹത്തിനും പരിഗനയ്ക്കും വിലയിടാനാവില്ലങ്കിലും കഴിഞ്ഞ ദിവസം ഗജസഹസ്രാധിപതി പട്ടം എന്നപേരില്‍ ബഹുമതി കണ്ഠത്തില്‍ ചാര്‍ത്തി ഗ്രാമവാസികള്‍ രാജശേഖരനോടുള്ള ആദരവും കടപ്പാടും ഒന്നൂകുടി അരക്കിട്ടുറപ്പിച്ചു. നാട് ഏറെ ആഹ്‌ളാദത്തോടെയാണ് ഈ മൂഹൂര്‍ത്തത്തെ നെഞ്ചേറ്റിയത്. തൃക്കാരിയൂര്‍ ക്ഷേത്രനടയില്‍ രാജശേഖരന്‍ തലയുയര്‍ത്തി പട്ടം ഏറ്റുവാങ്ങുമ്പോള്‍ ആനന്ദനിര്‍വൃതിയുടെ നിറവിലായിയിരുന്നു ആരാധകവൃന്ദം. തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട് രാജശേഖരന്റെ പാപ്പാനായ തൃക്കാരിയൂര്‍ വിനോദിനെയും ആനപ്രേമി സംഘം ആദരിച്ചു.

തൃക്കാരിയൂര്‍ ആനപ്രേമി സംഘത്തിന് നായരമ്പലം രാജശേഖരനോട് വൈകാരികമായ ഒരു അടുപ്പമാണുള്ളത. നായരമ്പലം എന്‍ എസ എസ് കരയോഗത്തിന്റെ ആനയാണെങ്കിലും വര്‍ഷത്തിലെ പകുതി സമയവും രാജശേഖരന്‍ തൃക്കാരിയൂരിലുണ്ട്. നാടുവിട്ടാലും ഇവിടുത്തെ ആനപ്രേമി സംഘത്തിലെ അംഗങ്ങള്‍ മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും രാജശേഖരനെ തളയ്ക്കുന്നിടത്തെത്തി സന്ദര്‍ശിക്കാറുണ്ട്. രാജൂട്ടന്‍ എന്നാണ് സ്‌നേഹപൂര്‍വം ഇവര്‍ രാജശേഖരനെ വിളിക്കുന്നത്. ഇവിടെ രാജശേഖരന് പാപ്പാന്റെ ആവശ്യമില്ല.ആനപ്രേമി സംഘത്തിലെ ഏതൊരംഗം വിചാരിച്ചാലും നായരമ്പലം രാജശേഖരനെ അനായാസമായി മെയ്ക്കാന്‍ പറ്റും. അത്രക്കുണ്ട് രാജശേഖരനും ഈ നാടുമായുള്ള വൈകാരികമായ അടുപ്പം.
mrthp
തൃക്കരിയൂരപ്പന്റെ അനുഗ്രഹവും വാങ്ങി തന്റെ പതിഴോം വയസില്‍ ആനപണിക്ക് ഇറങ്ങിയതാണ് വിനോദ്. കുറഞ്ഞ കാലം കൊണ്ട് തന്റെ കൊച്ചച്ഛന്‍ കൊച്ചുനാരായണന്‍ നായരുടെയും കക്കടാശേരി ഗണേശന്റെയും ശിക്ഷണത്തില്‍ നല്ലൊരു ആനക്കാരനായി. ആന തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റായി തൊഴിലാളി സംഘടനാപ്രവര്‍ത്തന രംഗത്തും വിനോദ് സജീവമാണ്. പാണ്ട്യാര്‍പിള്ളി അര്‍ജുന്റെ പാപ്പാനായിട്ടാണ് തുടക്കം. പിന്നെ പിന്നയങ്ങോട്ട് കൂരിയില്‍ രാജേന്ദ്രന്‍,എം ആന്‍ഡ് എസ് ശങ്കരന്‍ കുട്ടി,ആച്ചേരി രാമചന്ദ്രന്‍,പട്ടിമറ്റം രാമന്‍കുട്ടി,പട്ടിമറ്റം സുനില്‍,ചെറായി പ്രസാദ്,കാളകുത്തന്‍ സജീവന്‍,അരുണ്‍ രാജേന്ദ്രന്‍, കൊച്ചമ്പലം ദേവസേനന്‍,കുത്തുകുഴി കേശവന്‍,പെരുവാരം ജഗനാഥന്‍ ,മൂത്തകുന്നം പത്മനാഭന്‍,കരിയത്ത് മഹാദേവന്‍,അരുണ്‍ ശിവനാരയണന്‍,പേരണ്ടൂര്‍ ഗണപതി തുടങ്ങി നിരവധി ആനകളുടെയും പാപ്പാനായി.വിനോദ്് ,താന്‍ പാപ്പാനായിരുന്ന എല്ലാ ആനകളെയും തൃക്കാരിയൂരില്‍ കൊണ്ടുവരിക പതിവായിരുന്നു.ഇങ്ങനെ വിനോദിനൊപ്പം ഈ നാട്ടുകാര്‍ ആനകളെയും സ്‌നേഹിച്ചു തുടങ്ങി.

ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആനപ്രേമി സംഘത്തിന്റെ അംഗബലം വര്‍ദ്ധിച്ചു.ഇക്കൂട്ടര്‍ ചരിത്രാവശേഷിപ്പുകള്‍ നിറഞ്ഞ ഗ്രാമത്തില്‍ പടര്‍ന്ന് പന്തലിച്ചു എന്ന് പറയുന്നതാവും ഉചിതം.ആദി ചേര തലസ്ഥാനമെന്നാണ് ചരിത്ര രേഖകളില്‍ തൃക്കാരിയൂരിനെ വിശേഷിപ്പിക്കുന്നത്.തൃക്കാരിയൂര്‍ വിനോദ് അഴിക്കുന്ന ആനകള്‍ തൃക്കരിയൂരപ്പന്റെ മണ്ണില്‍ ഏത്തുന്നത് മുതല്‍ തങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവിടുത്തെ കൊച്ച് കുട്ടികള്‍ക്ക് പോലും മനഃപാഠമാണ്.ആനയെ നീരില്‍ കെട്ടുന്നത് മുതല്‍ അഴിക്കുന്നത് വരെ തൃക്കരിയൂരിലെ ആനപ്രേമികളുടെ പരിചരണവും സാമീപ്യവും ഇവിടെ വരുന്ന ആര്‍ക്കും കാണാനാവും.ഇതില്‍ സ്ത്രീ പുരുഷ വ്യത്യാസമോ പ്രായവ്യത്യാസമോ ഇല്ല എന്നതും ശ്രദ്ധേയമാണ്. ആനയുമായി നാട്ടിലെത്തിയാല്‍ പിന്നെ വിനോദിന്റെ ചുമതലകള്‍ പലതും അവര്‍ അവകാശം പോലെ ഏറ്റെടുക്കും. കാഴ്ചയിലെ കൗതുകത്തിനപ്പുറം കരയിലേ ഈ ഭീമനോട് ഇവിടുത്തുകാര്‍ക്കുള്ള സ്നേഹവും ബഹുമാനവും വാക്കുകളാല്‍ വര്‍ണ്ണിക്കുക അസാധ്യമാണ്. ഒരു നാടിന്റെ മഹത്തായ പാരമ്പര്യത്തിന്റെ കാഴ്ചകള്‍ കണ്ടറിയുക തന്നെ വേണം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS