സൂര്യ ടിവിയിലെ ‘കുട്ടിപ്പട്ടാള’ത്തിന് മൂക്കുകയറിട്ടത് സാമൂഹികപ്രവര്‍ത്തകന്റെ ഇടപെടല്‍, കുട്ടികളെക്കൊണ്ട് ദ്വയാര്‍ഥ പ്രകടനം നടത്തിച്ച അവതാരകയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷനും

k 2സൂര്യ ടിവിയില്‍ ഏറ്റവുമധികം റേറ്റിംഗ് ഉണ്ടായിരുന്ന പരിപാടികളിലൊന്നായിരുന്നു ‘കുട്ടിപ്പട്ടാളം’. ചെറിയ കുട്ടികളെ ചാനല്‍ സ്റ്റുഡിയോയില്‍ കൊണ്ടുവന്നിരുത്തി അവരോട് ഓരോ കാര്യങ്ങള്‍ ചോദിക്കുകയും അവരുടെ നിഷ്കളങ്ക മറുപടിയുമായിരുന്നു പരിപാടിയുടെ ജീവശ്വാസം. എന്നാല്‍, കുറച്ചു എപ്പിസോഡുകള്‍ പിന്നിട്ടതോടെ അവതാരക കുട്ടികളോട് ദ്വയാര്‍ഥ പ്രയോഗത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുക പതിവായി. ഇതോടെ പരിപാടിക്കെതിരേ വിമര്‍ശനവും ശക്തമായി. സാമൂഹ്യപ്രവര്‍ത്തകനായ ഹാഷിം കൊളമ്പന്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് പരിപാടിക്കു കര്‍ട്ടന്‍ വീഴുന്നത്.

അമ്മയും അമ്മമ്മയും കള്ളു കുടിക്കാറുണ്ടോ.. അമ്മമ്മ എത്ര ഗ്ലാസ് കുടിക്കും, കുട്ടിയും കുടിക്കാറുണ്ടോ തുടങ്ങി അച്ഛനോ അമ്മയോ മുകളില്‍, കിടപ്പറയിലെ കാര്യങ്ങള്‍ വരെ കൊച്ചു കുട്ടികളെ കൊണ്ട് പറയിപ്പിക്കുന്നതിനെതിരേ മനുഷ്യാവകാശ കമ്മീഷനും പരാതി ലഭിച്ചിരുന്നു. കമീഷന്‍ ചാനലുകാരോട് അവരുടെ സിഡി ഹാജരാക്കാന്‍ പറയുകയും ചെയ്തു. അവര്‍ ഹാജരാക്കിയ സിഡിയില്‍ പോലും ഗുണപരമായ ഒന്നുമില്ലെന്നും കുട്ടികളുടെ മാനസിക നിലയെ നെഗറ്റീവ് ആയി ബാധിക്കുന്ന ചിലത് ഉണ്ടെന്നും മനസിലാക്കിയ കമ്മീഷന്‍ പരിപാടിയിലെ അസഭ്യമായവ ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

പരിപാടി കാണുന്ന കുട്ടികളെ ഇത്തരം കാര്യങ്ങള്‍ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തിയ കമ്മീഷന്‍ മോശം പരാമര്‍ശങ്ങള്‍ ഒഴിവാക്കി പരിപാടി അവതരിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, പരിപാടിയുടെ സംപ്രേക്ഷണം നിര്‍ത്തുകയാണെന്ന് ചാനല്‍ രേഖാമൂലം കമ്മീഷനെ അറിയിച്ചു. കുട്ടിപ്പട്ടാളത്തിന്റെ അവതാരകയായ നടി സുബി സുരേഷിനെതിരേ സോഷ്യല്‍മീഡിയയില്‍ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. പലപ്പോഴും കേട്ടാല്‍ അറയ്ക്കുന്ന അശ്ലീല ചോദ്യങ്ങളാണ് ഇവര്‍ കുട്ടികളോട് ചോദിക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു.

Related posts