വെള്ളം 142 അടി എത്തിക്കണം! പ്രളയത്തിനിടെ തമിഴ്നാടിന്‍റെ കുത്തിത്തിരിപ്പ്; മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂട്ടുന്നു

ഇടുക്കി: കനത്ത മഴയിൽ കേരളം മുങ്ങുന്പോൾ കുത്തിത്തിരിപ്പുമായി തമിഴ്നാടിന്‍റെ നീക്കം. മുല്ലപ്പെരിയാറിൽ അതിവേഗം ജലനിരപ്പ് ഉയരുന്പോൾ വെള്ളം തുറന്നുവിടാൻ തമിഴ്നാട് വിസമ്മതിക്കുകയാണ്.

സുപ്രീംകോടതി ഉത്തരവിന്‍റെ പിൻബലത്തിൽ ജലനിരപ്പ് 142 അടിയിൽ എത്തിക്കാനാണ് തമിഴ്നാട് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ഇതിനായി അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിടുന്നത് തമിഴ്നാട് നിർത്തിവച്ചു.

1,393 ക്യുമെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിലേക്ക് സെക്കൻഡിൽ ഒഴുകിയെത്തുന്നത്. എന്നാൽ തുറന്നുവിടുന്നത് നാമമാത്ര വെള്ളം മാത്രമാണ്. ഇത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തമിഴ്നാട് വെള്ളം ഒഴുക്കിക്കൊണ്ടുപോയിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. സ്ഥിതി അതീവ ഗൗരവകരമായ സാഹചര്യത്തിലാണ് തമിഴ്നാടിന്‍റെ ഇത്തരത്തിലുള്ള നടപടിയെന്നതാണ് ശ്രദ്ധേയം.

ഇന്ന് പുലർച്ചെ ജലനിരപ്പ് വൻതോതിൽ ഉയർന്നതോടെയാണ് മുല്ലപ്പെരിയാറിന്‍റെ ഷട്ടറുകൾ അധികൃതർ ഉയർത്തിയത്. എന്നാൽ വളരെ പെട്ടന്ന് തന്നെ അധികൃതർ ഷട്ടർ താഴ്ത്തുകയും ചെയ്തു. ഏത് വിധേനയും ജലനിരപ്പ് 142 അടിയിൽ എത്തിക്കാനാണ് തമിഴ്നാടിന്‍റെ ശ്രമം.

Related posts