മൃതദേഹത്തിന്റെ കാലും കൈയ്യും ചവിട്ടിയൊടിച്ചു കമ്പില്‍ കെട്ടി ചുമന്നുകൊണ്ടുപോയി, ഒഡീഷയില്‍നിന്ന് നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

odissaaaaaആംബുലന്‍സ് വിളിക്കാന്‍ പണം ഇല്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോയ ഭര്‍ത്താവിന്റെ വാര്‍ത്ത വന്നിട്ട് ഒരു ദിവസമേയായുള്ളു. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി ഒഡീഷയില്‍നിന്ന്. പണമില്ലാത്തതാണ് ഭാര്യയുടെ മൃതദേഹം ചുമക്കാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചതെങ്കില്‍ ഇവിടെ പണി കുറയ്ക്കാനാണ് തൊഴിലാളികള്‍ മനുഷത്വം മരവിച്ച രീതി തെരഞ്ഞെടുത്തത്. മൃതദേഹം ചവിട്ടി ഒടിച്ച് പൊതികെട്ടി തോളിലേറ്റികൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഒഡീഷയിലെ ദരിദ്ര ജില്ലകളിലൊന്നായ ബാലസോര്‍ ജില്ലയിലാണ് സംഭവം. ഇവിടത്തെ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മരിച്ച സാലാമണി ബാരിക് എന്ന 76 കാരിയായ വിധവയുടെ മൃതദേഹത്തോടാണ് തൊഴിലാളികളുടെ അനാദരവ്. ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികള്‍ രണ്ടായി ഒടിച്ച് പൊതിഞ്ഞുകെട്ടി റെയില്‍വേ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.

കമ്മ്യൂണിറ്റി സെന്ററില്‍ ആംബുലന്‍സ് സൗകര്യമില്ലായിരുന്നു. അതിനാല്‍ നഗരത്തിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകണമായിരുന്നു. മൃതദേഹം തീവണ്ടിയില്‍ നഗരത്തിലെത്തിക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. മൃതദേഹം റെയില്‍വേ സ്‌റ്റേഷനിലത്തെിക്കാന്‍ പൊലീസ് ആശുപത്രിയിലെ സീപ്പര്‍ തൊഴിലാളികളെ ചുമതലപ്പെടുത്തുകയും ചെയ്തു. ചുമക്കുന്നതിനുള്ള സൗകര്യത്തിന് വേണ്ടി ശവശരീരം ഇടുപ്പുഭാഗത്തുനിന്ന് ചവിട്ടി ഒടിച്ച് രണ്ടായി മടക്കി പ്ലാസ്റ്റിക് കവറില്‍ പൊതിയുകയായിരുന്നു. പൊതിഞ്ഞുകെട്ടിയ മൃതദേഹം മുളയില്‍ കെട്ടി രണ്ടുപേര്‍ ചുമന്ന് നിരത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ചാനലിലൂടെ പറുത്തുവന്നിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂയെന്ന് മരിച്ച സ്ത്രീയുടെ മകന്‍ രബീന്ദ്ര ബാരിക് പറഞ്ഞു. ഓട്ടോറിക്ഷ വാടകക്കെടുത്ത് മൃതദേഹം കൊണ്ടുപോകാനുള്ള പണമില്ലായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Related posts