പ്രമുഖനല്ലെന്ന കാരണത്താല്‍ ആരെയും ഒറ്റപ്പെടുത്തരുത്! ഷൂട്ടിംഗ് മാറ്റിവച്ച് ശ്രീജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് എത്തി; ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറല്‍

പോലീസ് കസ്റ്റഡിയില്‍ മരിച്ച അനുജന്റെ ഘാതകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി 770-ലേറെ ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുന്നില്‍ ഒറ്റയ്ക്ക് സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാന്‍ സിനിമാതാരം സന്തോഷ് പണ്ഡിറ്റ് എത്തി. ശ്രീജിത്തിനെ താന്‍ സന്ദര്‍ശിച്ച കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീജിത്ത് തന്നെയാണ് അറിയിച്ചത്. തന്റെ പുതിയ ചിത്രമായ ‘ഉരുക്കു സതീശ’ന്റെ ഷൂട്ടിംഗ് മാറ്റിവെച്ചാണ് അദ്ദേഹം ശ്രീജിത്തിനെ കാണാനെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പറഞ്ഞത്.

ശ്രീജിത്തിനെ നേരില്‍ കണ്ട് അഭിവാദ്യം അര്‍പ്പിക്കാനാണ് താന്‍ ചെന്നത് എന്ന് പറഞ്ഞ സന്തോഷ് ശ്രീജിത്തിനും അമ്മയ്ക്കും കുറേ നല്ല നിമിഷങ്ങള്‍ നല്‍കാന്‍ സാധിച്ചതായി കരുതുന്നുവെന്നും പറഞ്ഞു. അപാരമായ ക്ഷമയും സഹന ശക്തിയും കാണിക്കുന്ന ശ്രീജിത്തിനും അമ്മക്കും ഈ സമരം വിജയത്തിലെത്തിക്കാന്‍ കഴിയട്ടെയെന്നും സന്തോഷ് പണ്ഡിറ്റ് ആശംസിച്ചു. ശ്രീജിത്തിന്റെ സമരത്തെ പിന്തുണച്ച ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഫോറത്തിനും മറ്റുള്ളവര്‍ക്കും നൂറുകോടി അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ സന്തോഷ് പ്രമുഖനല്ല എന്ന കാരണത്താല്‍ ആരേയും ഒറ്റപ്പെടുത്തരുതെന്നും ഓര്‍മ്മിപ്പിച്ചു.

സാധാരണക്കാരും പാവപ്പെട്ടവരും നീതിക്കു വേണ്ടി നടത്തുന്ന എല്ലാ സമരങ്ങളിലും ഇനിയും കൂടെയുണ്ടാകുമെന്ന് ഉറപ്പു പറഞ്ഞ സന്തോഷ് പണ്ഡിറ്റ്, സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുന്ന വിപ്ലവങ്ങളല്ലെന്നും മറിച്ച് മണ്ണില്‍ ഉറച്ച കാല്‍ വെച്ച് നടത്തുന്ന ഇതുപോലുള്ള വിപ്ലവങ്ങളാണെന്നും പറഞ്ഞു. ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുകയ്യും നീട്ടിയാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നേരത്തേ നടന്‍ ടൊവിനോ തോമസ് ശ്രീജിത്തിനെ കാണാന്‍ എത്തിയതും വലിയ വാര്‍ത്തയായിരുന്നു.

Related posts