മലയാളിയുടെ പ്രിയ കമന്റേറ്റര്‍ ഷൈജുവേട്ടനും അദ്ദേഹത്തിന്റെ ആ ഗോള്‍ വര്‍ണനയും വൈറലായി! ഷൈജു ദാമോദരനോടുള്ള ആരാധന വെളിപ്പെടുത്തി ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെയുള്ള പ്രമുഖര്‍

ലോകകപ്പ് പോലൊരു മത്സരം, അതും കളിയാവേശം ഏറ്റവും കൂടുതല്‍ ആരാധകരിലേയ്ക്ക് പകരാന്‍ കഴിയുന്ന ഫുട്‌ബോള്‍ മത്സരം, കാണികള്‍ക്ക് പൂര്‍ണമായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കണമെങ്കില്‍ മികച്ച കമന്ററി കൂടിയേ തീരൂ. മത്സരം വിരസമായാല്‍പ്പോലും ആ കളിയെ ഏറ്റവും മനോഹരമാക്കി ആരാധകരിലേയ്‌ക്കെത്തിക്കാന്‍ ചിലപ്പോള്‍ മികച്ച കമന്റേറ്റര്‍മാര്‍ക്ക് സാധിക്കും.

അടുത്തകാലത്തായി മലയാള കമന്റേറ്റര്‍മാരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ഷൈജു ദാമോദരന്‍. ലക്ഷക്കണക്കിന് ആരാധകരും ഷൈജുവിനുണ്ട്. ഐഎസ്എല്‍ മത്സരങ്ങളിലെ കമന്ററികളാണ് ഷൈജുവിനെ ഇത്രയും ജനപ്രിയനാക്കിയത്. ഇപ്പോള്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിലാണ് ഷൈജു കമന്ററി നടത്തുന്നത്. സോണി ഇഎസ്പിഎന്നിനുവേണ്ടിയാണ് ഷൈജു ദാമോദരന്‍ കമന്ററി ബോക്‌സില്‍ നിന്ന് മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നത്.

‘റൊണാള്‍ഡോാാാാാാാാാാ…. ഓാാാാാാാാ….നിങ്ങളിത് കാണുക ഈ ഭൂഗോളത്തില്‍ വൈ ഹി ഈസ് കോള്‍ഡ് ജീനിയസ്. എന്തു കൊണ്ടാണ് ജീനിയസ് എന്ന വിളിപേരിന് പോര്‍ച്ചുഗലിന്റെ ഈ പ്രിയപുത്രന്‍ അര്‍ഹനായതെന്ന് അടിവരയിട്ട് തെളിയിക്കുന്ന ഗോള്‍’.

ഈ കമന്ററി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മത്സരത്തിലെ ഏറ്റവും നിര്‍ണായകമായ ഗോളയായിരുന്നു ഇത്. സ്പെയിനെതിരെ ഒരു ഗോളിന് പോര്‍ച്ചുഗല്‍ പിന്നിട്ട് നില്‍ക്കുന്ന വേളയിലാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഈ ഗോള്‍.

റഷ്യയില്‍ നടക്കുന്ന ലോകകപ്പിലെ ഷൈജൂ ദാമോദരന്റെ മലയാളം കമന്ററിക്കും നിരവധി ആരാധകരാനുള്ളത്. അതില്‍ മലയാളികള്‍ മാത്രമല്ല, മറ്റു ഭാഷക്കാരമുണ്ട്. മഹീന്ദ്ര ഗ്രൂപ്പിന്റെ തലവന്‍ ആനന്ദ് മഹീന്ദ്രയും അതില്‍ ഉള്‍പ്പെടും.

പോര്‍ച്ചുഗലിന്റെ ആദ്യ മത്സരത്തിലെ ഹാട്രിക്ക് ഗോളിന്റെ മലയാളം കമന്ററിയില്‍ ത്രില്ലടിച്ച വിവരം ആനന്ദ് മഹീന്ദ്ര തന്നെയാണ് വ്യക്തമാക്കിയത്.’ എനിക്ക് ഭാഷ മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇംഗ്ലീഷിലെയും ഹിന്ദിയിലെയും അപേക്ഷിച്ച് വശ്യമായ കമന്ററിയാണ് മലയാളത്തിലുള്ളത്. അത് ഹൃദ്യമായി തോന്നിയെന്നും’ ആനന്ദ് മഹീന്ദ്ര ട്വീറ്റിലൂടെ അറിയിച്ചു.

ഗ്രൗണ്ടിനും ഗ്യാലറിക്കും തീപിടിക്കുന്ന കളിയായി ഫുട്ബോളിന്റെ ആവേശം ഒട്ടും ചോരാതെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് മലയാളി ആരാധകര്‍ ഷൈജുവേട്ടന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഷൈജു ദാമോദരന്‍.

https://youtu.be/SSh_R0BaKCc

Related posts