കമ്പിയില്ലാ കമ്പി പറയുന്നു..!കമ്പ്യൂട്ടറും മൊബൈലും വരുന്നതിന് മുമ്പ് അന്ന് ഞാനും ന്യൂജന്‍

postoffice-lനെടുങ്കണ്ടം: സാധാരണക്കാര്‍ ബന്ധുക്കള്‍ മരിച്ചതുള്‍പ്പെടെയുള്ള അത്യാവശ്യ സന്ദേശങ്ങള്‍ കൈമാറിയിരുന്ന കമ്പിയില്ലാകമ്പി എന്ന ടെലഗ്രാഫ് സംവിധാനത്തിന്റെ പ്രൗഡിയെല്ലാം നഷ്ടപ്പെട്ട് പോസ്‌റ്റോഫീസുകളുടെ മൂലയില്‍ തള്ളപ്പെട്ടിട്ട് മൂന്നാണ്ടുകഴിഞ്ഞു. ഇന്നത്തെ യുവ തലമുറയ്ക്ക് കേട്ടുകേഴ്വി പോലുമില്ലാത്ത കമ്പിയില്ലാകമ്പി ഔദ്യോഗികമായി നിര്‍ത്താലാക്കിയത് 2013 ജൂലൈയിലാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഹൈടെക് ആയതോടെയാണ് കമ്പിയില്ലാ കമ്പിയുടെ പ്രതാപം മങ്ങിത്തുടങ്ങിയത്.സര്‍വപ്രതാപത്തോടെ വാണിരുന്ന ടെലഗ്രാഫ് പുതിയ സാങ്കേതിക വിദ്യകളും വാര്‍ത്താ വിനിമയ സംവിധാനങ്ങളും എത്തിയതോടെ പോസ്‌റ്റോഫീസുകളുടെ മൂലകളിലേക്ക് ഒതുക്കപ്പെട്ടു.

2013 ജൂലൈ 14 ഞായറാഴ്ച അര്‍ധരാത്രി തപാല്‍ വകുപ്പ് ഔദ്യോഗികമായി ഈ സംവിധാനം അവസാനിപ്പിച്ചതോടെ സര്‍വ പ്രതാപങ്ങളും നശിച്ച് തപാല്‍ ഓഫീസുകളില്‍ കാഴ്ചവസ്തുവായി മാറിയിരിക്കുകയാണ് ടെലഗ്രാഫ് മെഷീനുകള്‍. സാമുവല്‍ ഫിന്‍ ലിബ്രിസ് മോര്‍സ് 1844 മെയ് 24–നാണ് അക്ഷരങ്ങളെ കുറിക്കുന്ന വൈദ്യുത സംവേദന സംവിധാനം കണ്ടുപിടിച്ചത്. പിന്നീടിങ്ങോട്ട് ലോകത്തിന്റെതന്നെ വാര്‍ത്താ വിനിമയ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായി ഇതു മാറി.

ടെലഫോണും ടെലിവിഷനും ഇല്ലാതിരുന്ന കാലത്ത് ഇതിലൂടെയാണ് കുഞ്ഞുങ്ങളുടെ ജനനംമുതല്‍ കല്ല്യാണംവരെ അറിയിച്ചുകൊണ്ടുള്ള ശുഭസൂചകമായ വാര്‍ത്തകള്‍മുതല്‍ മരണവിവരങ്ങള്‍ അടക്കമുള്ള അത്യാവശ്യ സന്ദേശങ്ങള്‍ കമ്പിതപാല്‍ വാഹകര്‍ മുഖേന ജനങ്ങള്‍ക്ക് എത്തിച്ചുനല്‍കിയിരുന്നത്. അതിനാല്‍തന്നെ ഒരുകാലത്ത് ടെലഗ്രാം വരുന്നു എന്നുകേള്‍ക്കുമ്പോള്‍തന്നെ മരണയറിപ്പായിരിക്കുമെന്ന് കരുതി പോസ്റ്റുമാനെ കണ്ടയുടനെ സ്ത്രീകള്‍ ബോധംകെട്ടുവീണ ചരിത്രവും ഉണ്ടായിട്ടുണ്ട്.

ടെലഗ്രാഫ് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന രണ്ടു ശബ്ദങ്ങളായ ’കട്ട്, കട്’ എന്നീ മോഴ്‌സ് കോഡുകളെ ഇംഗ്ലീഷ് അക്ഷരങ്ങളായി മാറ്റിയെടുക്കലാണ് പരിശീലനം ലഭിച്ച തപാല്‍ ജീവനക്കാര്‍ ചെയ്തിരുന്നത്. കട് കട്ട് – എ യും, കട്ട് കട് – എന്‍ ഉം, കട്ട് കട് കട്ട് കട് – സി യും എന്നിങ്ങനെ എല്ലാ ഇംഗ്ലീഷ് അക്ഷരമാലകള്‍ക്കും ഇത്തരത്തിലുള്ള മോഴ്‌സ് കോഡുകള്‍ ഉണ്ടായിരുന്നു.

അതുപോലെ അഞ്ചില്‍ കൂടുതലുള്ള മോഴ്‌സ് കോഡുകളാണ് അക്കങ്ങളായി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ വേഗത്തില്‍ ലഭിക്കുന്ന മോഴ്‌സ് കോഡുകളെ ഇതില്‍ പരിശീലനം ലഭിച്ച ആളുകള്‍ അക്ഷരത്തിലാക്കി എടുക്കും. രാജ്യത്ത് എവിടെനിന്നും അയയ്ക്കുന്ന സന്ദേശങ്ങള്‍ സാധാരണ ഒരു മണിക്കൂറിനുള്ളില്‍ അതാത് പോസ്‌റ്റോഫീസുകളില്‍ ലഭിക്കുമായിരുന്നു. ഈ സന്ദേശങ്ങളാണ് കമ്പി തപാല്‍ വാഹകര്‍ മുഖേന ആളുകളില്‍ എത്തിച്ചിരുന്നത്. എക്‌സ് ഡബ്ല്യു, ഡബിള്‍ എക്‌സ്, ഓര്‍ഡിനറി, എക്‌സ്പ്രസ് എന്നി വിഭാഗങ്ങളിലാണ് സന്ദേശം അയച്ചിരുന്നത്.

ഡബിള്‍ എക്‌സ് വിഭാഗം മരിച്ച ആളുകളുടെ വിവരങ്ങള്‍ അറിയിക്കുന്നതിനുവേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇതിനായി പത്തു വാക്കുകള്‍ക്കുവരെ മൂന്നര രൂപയും മറ്റ് സന്ദേശങ്ങള്‍ അയക്കുന്നതിനായി ഓര്‍ഡിനറി വിഭാഗത്തിന് പത്തുവാക്കുകള്‍ക്ക് മൂന്നര രൂപയും അതിനുമുകളില്‍ വരുന്ന ഓരോ വാക്കിനും 50 പൈസയും ഈടാക്കിയിരുന്നു. കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ എക്‌സ്പ്രസ് വിഭാഗത്തിന് ഏഴുരൂപയും പത്തുവാക്കിന് മുകളില്‍ വരുന്ന ഓരോ വാക്കിനും ഒരുരൂപ വീതവുമാണ് അയക്കുന്ന ആളില്‍നിന്നും തപാല്‍ വകുപ്പ് ഈടാക്കിയിരുന്നത്.

എന്നാല്‍ ഇവയെക്കാള്‍ എല്ലാം പ്രധാന്യമേറിയ എക്‌സ് ഡബ്ല്യു എന്ന ഒരു വിഭാഗത്തില്‍ കാലാവസ്ഥയെ സംബന്ധിക്കുന്ന കാര്യങ്ങളും അടിയന്തിര വിഷയങ്ങള്‍ കൈമാറാനുമാണ് ഉപയോഗിച്ചിരുന്നത്. ഡാമുകള്‍ തുറന്നുവിടുമ്പോഴും പ്രകൃതി ദുരന്തങ്ങള്‍, അത്യാഹിത സംഭവങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടാകുമ്പോഴുമെല്ലാം എത്രയുംവേഗത്തില്‍ നിര്‍ദേശങ്ങള്‍ കൈമാറാനാണ് ഈ വിഭാഗം പ്രയോജനപ്പെടുത്തിയിരുന്നത്. ടെലഗ്രാഫുകളുടെ മോഴ്‌സ് കോഡുകള്‍ പ്രത്യേകം വലിച്ചിട്ടുള്ള ലൈനുകള്‍വഴിയാണ് കടത്തിവിട്ടിരുന്നത്. ഈ ലൈനുകള്‍ ടെലഫോണ്‍ പോസ്റ്റുകള്‍ വഴിയാണ് കൂടുതലും കടന്നുപോയിരുന്നത്.

ഇത്തരത്തില്‍ ഒരുകാലത്ത് ജനങ്ങളുടെ എല്ലാമായിരുന്ന പ്രിയപ്പട്ട ടെലഗ്രാഫ് പിന്നീട് ടെലഫോണ്‍, മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവ ഈ മേഖല കൈയടക്കിയതോടെ തനിയെ കാലയവനികയ്ക്കുള്ളിലേക്ക് മറയുകയായിരുന്നു.

Related posts