Set us Home Page

ഹവായിയില്‍ ഉടലെടുത്തിരിക്കുന്നത് ലാവാപ്രവാഹങ്ങളുടെ സ്വഭാവം മാറുന്ന അപൂര്‍വ പ്രതിഭാസം ! ദിവസവും കത്തിത്തീരുന്നത് നിരവധി വീടുകള്‍; ദ്വീപിന്റെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമാകുന്ന സംഭവങ്ങള്‍ ഇങ്ങനെ…

പഹൊവ: ഹവായ് ദ്വീപ് നിവാസികളെ കൂടുതല്‍ ഭീതിയിലാക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്യ കിലോയ അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് പുറന്തള്ളപ്പെടുന്ന ലാവയുടെ സ്വഭാവം മാറിയതാണ് നാട്ടുകാരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുന്നത്.അഗ്നി പര്‍വതത്തില്‍ നിന്ന് പുറപ്പെടുന്ന ലാവ നേരത്തെ കെട്ടിക്കിടന്നിരുന്ന ഭൂഗര്‍ഭ ലാവയുമായി ചേര്‍ന്നാണ് കൂടുതല്‍ ചൂടേറിയതായി മാറിയത്.

ഇതോടൊപ്പം ഇവയുടെ ദ്രവസ്വഭാവവും കൂടി. 1955 മുതല്‍ ഭൂമിക്കടിയില്‍ പുറത്തേക്കു വരാനാകാതെ കെട്ടിക്കിടന്നിരുന്ന ലാവയുമായി പുതുതായി രൂപപ്പെട്ട ലാവ ചേര്‍ന്നതാണു പ്രശ്‌നം രൂക്ഷമാക്കിയത്. അതിനിടെ പല വിള്ളലുകളില്‍ നിന്നുള്ള ലാവാ പ്രവാഹം കൂടിച്ചേരുന്നതും ഭീഷണിയായിട്ടുണ്ട്.

നാശനഷ്ടങ്ങളും വര്‍ദ്ധിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ടാണ് ഒരു വിള്ളലില്‍ നിന്ന് അപ്രതീക്ഷിതമായി ലാവ പുറത്തേക്കു ചാടിയത്. ഇത് റോഡിലൂടെ ഉരുകിയൊലിച്ചെത്തിയതോടെ നാലു വീടുകള്‍ കൂടി കത്തി നശിച്ചു. ഇതിനിടയില്‍ ഒറ്റപ്പെട്ടു പോയ താമസക്കാരെ ഹെലികോപ്ടറിലെത്തിയാണു രക്ഷപ്പെടുത്തിയത്.

റോഡിലുണ്ടായ ചെറിയ തോതിലുള്ള ലാവാപ്രവാഹം ഭീഷണിയാകില്ലെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പെട്ടെന്ന് ഇത് ശക്തി പ്രാപിച്ചതോടെ കുടുങ്ങിപ്പോയ മൂന്നു പേരെയാണു രക്ഷിച്ചത്. ഇതുവരെ നാല്‍പതോളം വീടുകളാണ് ലാവയില്‍ കത്തിക്കരിഞ്ഞത്. രണ്ടായിരം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

ലാവാ പ്രവാഹം എന്ന് അവസാനിക്കുമെന്നു പോലും ഇപ്പോള്‍ പറയാനാകാത്ത് സ്ഥിതിയാണ്. പല വിള്ളലുകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന ലാവാപ്രവാഹം ഒരുമിച്ചു ചേരുന്നതും ഭീഷണിയാകുന്നുണ്ട്. ആകെയുള്ള 22 വിള്ളലുകളില്‍ രണ്ടെണ്ണത്തില്‍ നിന്നൊഴുകുന്ന ലാവ കഴിഞ്ഞ ദിവസം ഒരുമിച്ചു ചേര്‍ന്നു.

മണിക്കൂറില്‍ 274 മീറ്റര്‍ വേഗതയില്‍ വന്‍തോതിലാണ് ഇതിന്റെ സഞ്ചാരമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ ഗവേഷകര്‍ വ്യക്തമാക്കി. ദ്വീപിന്റെ തെക്കുകിഴക്കന്‍ ഭാഗത്തേക്കാണു ലാവ ഒഴുകുന്നത്.

നിലവില്‍ കടലില്‍ നിന്ന് രണ്ടു കിലോമീറ്ററിനടുത്താണ് ലാവയെന്നും ഗവേഷകര്‍ അറിയിച്ചു. ചില വിള്ളലുകളില്‍ നിന്ന് 100 മീറ്റര്‍ ഉയരത്തിലേക്കു വരെ ലാവ ചീറ്റിത്തെറിക്കുന്നതായി ആകാശ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ദ്വീപിലെ പ്രധാന ഹൈവേയെയും ലാവാ പ്രവാഹം ബാധിക്കുകയാണെങ്കില്‍ കൂടുതല്‍ പേരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റേണ്ടി വരും. നിലവില്‍ ഹൈവേ 137ന്റെ ഒരു മൈല്‍ മാത്രം അകലെയാണ് ലാവാ പ്രവാഹം.

ഏറ്റവും പുതിയ പൊട്ടിത്തെറിയില്‍ വെള്ളിയാഴ്ച രാത്രി 3048 മീറ്റര്‍ ഉയരത്തിലേക്കാണ് അഗ്‌നിപര്‍വതത്തില്‍ നിന്നു ചാരവും പുകയും ഉയര്‍ന്നത്. അടുത്ത കാലത്തുണ്ടായതില്‍ ഏറ്റവും ശക്തമായ പൊട്ടിത്തെറിയായിരുന്നു അത്. എന്തായാലും സുന്ദരമായ ഹവായ് ദ്വീപിന്റെ പലഭാഗങ്ങളും ഇപ്പോള്‍ ചാരമായിക്കഴിഞ്ഞു.

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS