ജോണ്‍സണ്‍ പൂവന്തുരുത്ത്
മൂവായിരത്തോളം ആളുകള്‍ താമസിക്കുന്ന പഞ്ചായത്ത്. പലവിധ രോഗങ്ങളാല്‍ വലയുന്നവരും പ്രായമായവരും നിരവധി. കൊച്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വൈദ്യസഹായം കിട്ടണമെങ്കില്‍ വല്ലപ്പോഴുമെത്തുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ക്കായി കാത്തിരിക്കണം. അതിനിടയില്‍ ആരെങ്കിലും ഗുരുതരാവസ്ഥയിലായാല്‍ ഒന്നുകില്‍ തോളിലേറ്റി കിലോമീറ്ററുകള്‍ അകലെ വൈദ്യസഹായം കിട്ടാന്‍ സാധ്യതയുള്ളിടത്തേക്കു ചുമന്നുകൊണ്ടു പോകണം. അല്ലെങ്കില്‍ എന്നെങ്കിലും ഡോക്ടര്‍ എത്താനായി കാത്തിരിക്കണം.
ഇതു രണ്ടും സാധ്യമായില്ലെങ്കില്‍ മുന്നില്‍ മരണം മാത്രം. മുതുവാന്‍ സമുദായം കഴിയുന്ന ഇടമലക്കുടി പഞ്ചായത്തിന്റെ സ്ഥിതിയാണിത്. മെഡിക്കല്‍ ക്യാമ്പുകള്‍ പലപ്പോഴും നടക്കുന്നതോ എളുപ്പം ചെന്നെത്താവുന്ന ഏതാനും കുടികളില്‍ മാത്രം. ഉള്‍പ്രദേശങ്ങളിലെ കുടികളിലുള്ള രോഗികളെ ആരെങ്കിലുമൊക്കെ മണിക്കൂറുകള്‍ തോളിലേറ്റി ചുമന്ന് എത്തിച്ചാല്‍ ചികിത്സ ലഭിച്ചെന്നു വരും.
ഇടമലക്കുടിയില്‍ ചികിത്സ ലഭിക്കാതെ കഴിയുന്ന കൂടുതല്‍ പേരുടെ പേരു വിവരങ്ങള്‍ ദീപികയ്ക്കു ലഭിച്ചു. ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷനാണ് ഈ രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഷെഡ്ഡുകുടിയിലെ കന്നിയമ്മയെന്ന അന്‍പതുകാരി ഇതിലൊരാളാണ്. ഭര്‍ത്താവ് ചന്ദ്രബോസ് മരിച്ചു. ഇപ്പോള്‍ ആരും തിരിഞ്ഞു നോക്കുന്നില്ല. കഴുത്തില്‍ നീരുബാധിച്ച ഇവര്‍ക്കു ആശുപത്രിയില്‍ പോകാന്‍ പോലും കഴിയുന്നില്ല.
നൂറടികുടിയിലെ നാരായണന്‍ എന്ന നാല്‍പതുകാരന്‍ വീണ് അനങ്ങാന്‍ പറ്റാത്ത സ്ഥിതിയിലായിട്ടു നാലു മാസം. പക്ഷേ, ആരും സഹായിക്കാനില്ല. തമിഴ്‌നാട്ടില്‍ പോയപ്പോള്‍ വാഹനാപകടത്തില്‍ പരിക്കേറ്റു കാലിനു കമ്പിയിട്ടതാണ് ദേവരാജ് എന്ന അറുപതുകാരന്‍. ഇപ്പോള്‍ നീര്‍ക്കെട്ട് മൂലം പഴുത്തു വ്രണമായി ആരും തിരിഞ്ഞുനോക്കാതെ കിടന്ന കിടപ്പിലാണ്. ആണ്ടവന്‍കുടിയിലെ ധാരണിയുടെ ശരീരമാസകലം തൊലിപ്പുറം ചൊറിഞ്ഞുതടിക്കുന്ന രോഗം. പക്ഷേ, ചികിത്സ ലഭിച്ചിട്ടില്ല.
ഇഡ്ഢലിപാറക്കുടിയിലെ ജ്ഞാനമുത്തു(70)വിനു തളര്‍വാതം പിടിച്ചിട്ടു വര്‍ഷം രണ്ട്. പക്ഷേ, ചികിത്സ തേടാന്‍ കഴിയുന്നില്ല. ഇവിടത്തന്നെ ഗുരുസ്വാമി എന്ന യുവാവ് ഇടയ്ക്കിടെ തലകറങ്ങി വീഴുന്നു. പക്ഷേ, കാര്യമായ ചികിത്സ ലഭിച്ചിട്ടില്ല. ആണ്ടവന്‍കുടിയിലെ ചാണ്ടിയപ്പന്‍(85) നടക്കാനാവാതെ വിഷമിക്കുന്നു. മക്കളാണെങ്കില്‍ രണ്ടുപേര്‍ക്കു കാഴ്ച കുറവാണ്. ആണ്ടവന്‍കുടിയിലെ തന്നെ ധനലക്ഷ്മി(45) ഇടയ്ക്കിടെ കൈയും കാലും തളര്‍ന്നുപോകുന്ന അജ്ഞാത രോഗത്തിന്റെ പിടിയിലാണ്. എന്നാല്‍, ചികിത്സ ലഭിക്കുന്നില്ല.
പ്രഷര്‍ പെട്ടെന്നു കുറയല്‍, പോഷകക്കുറവു മൂലമുള്ള അസുഖങ്ങള്‍, പനി തുടങ്ങിയവയൊക്കെ പലരെയും അലട്ടുന്നുണ്ട്. യഥാസമയം ചികിത്സ ലഭിക്കാനുള്ള സൗകര്യമില്ല. സ്ഥിരമായ ഡോക്ടറുടെ സേവനവും കിടത്തി ചികിത്സാ സൗകര്യമുള്ള ഹെല്‍ത്ത് സെന്ററും ഇവിടെ അത്യാവശ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായംകൂടി തേടുകയാണെങ്കില്‍ ഇടമലക്കുടിയിലുള്ളവര്‍ക്കു ഫലപ്രദമായ ചികിത്സ ലഭ്യമാക്കാന്‍ കഴിയും.