കൊല്ലം: എഐഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വിഷയങ്ങള്‍ ഉയര്‍ത്തിയും സംസ്ഥാന കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കുന്ന അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടും നാളെ രാവിലെ 10ന് ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ വിദ്യാഭ്യാസ അവകാശ സംരക്ഷണസംഗമം സംഘടിപ്പിക്കും. സിപിഐ സംസ്ഥാന നിര്‍വാഹകസമിതി അംഗം പി പ്രസാദ് ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, ഉന്നതവിദ്യാഭ്യാസ മേഖല വാണിജ്യവിമുക്തമാക്കുക, സര്‍വകലാശാലകളെ അഴിമതിരഹിതമാക്കുക, സംഘടനാസ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ നിയമനിര്‍മ്മാണം നടത്തുക, പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ് വര്‍ദ്ധിപ്പിക്കുക തുടങ്ങി വിവിധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വിദ്യാഭ്യാസ അവകാശ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്.
ജെഎന്‍യു ഉള്‍പ്പെടെയുള്ള വിവിധ സര്‍വകലാശാലകളിലും കലാലയങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുമ്പോള്‍ വിദ്യാര്‍ത്ഥി സംഘടനകളെ നിരോധിക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെയും വിദ്യാര്‍ത്ഥിസംഘടനകളെ നിരോധിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധത്തിന്റെ വേദിയായും വിദ്യാഭ്യാസ അവകാശസംരക്ഷണ സംഗമം മാറുമെന്ന് എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ജെ ജയശങ്കറും സെക്രട്ടറി സി ഗിരീഷും അറിയിച്ചു.