കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ സ്ത്രീയും വിദ്യാര്‍ഥികളായ കുട്ടികളും പിടിയില്‍ ; കച്ചവടം നടത്തിയിരുന്നത് കുട്ടികളെ ഉപയോഗിച്ച്

arrestപാലാ : വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ സ്ത്രീയും വിദ്യാര്‍ത്ഥി ഉള്‍പ്പടെ രണ്ട് കുട്ടികളും പാലാ എക്‌സൈസ് പിടിയില്‍. പുലിയന്നൂര്‍ തെക്കുമുറി രാജീവ് ഗാന്ധി കോളനിയില്‍ താമസിക്കുന്ന കോതക്കുന്നേല്‍ മിനി മനോജ് (43), പതിനാറുകാരനായ സ്കൂള്‍ വിദ്യാര്‍ത്ഥി, സുഹൃത്തായ 17-കാരന്‍ എന്നിവരെയാണ് പിടികൂടിയത്. മിനിയുടെ വീടിന് മുറ്റത്തായി മൂന്നു കഞ്ചാവ് ചെടികളാണ് വളര്‍ത്തിയിരുന്നത്. മുളക് ചെടികള്‍ക്കൊപ്പമാണ് ഇവ നിന്നിരുന്നത്. ചെടികളുടെ ചുവട്ടില്‍ 24 പൊതികളിലായി കുഴിച്ചിട്ടിരുന്ന 54 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.

ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ മിനി കുറച്ചുനാളുകളായി കഞ്ചാവ് വില്പന രംഗത്തുണ്ടെന്ന് പറയപ്പെടുന്നു. മിനിയുടെ മകന്റെ സുഹൃത്തുക്കളാണ് പിടിയിലായ കൗമാരക്കാര്‍. ഇവരെ ഉപയോഗിച്ചാണ് കച്ചവടം നടത്തിയിരുന്നതെന്ന് അധികൃതര്‍ പറയുന്നു. എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അസി. എക്‌സൈസ് കമ്മീഷണര്‍ സുല്‍ഫിക്കറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

എക്‌സൈസ് സര്‍ക്കിള്‍ ഓ. പ്രസാദ്, പ്രിവെന്റീവ് ഓഫീസര്‍മാരായ ബിനീഷ് സുകുമാര്‍, ബാബു മാത്യു, സിവില്‍ ഓഫീസര്‍മാരായ വിപിന്‍ രാജേന്ദ്രന്‍, ഹാഷിം എസ്., വി.എ. തന്‍സീര്‍, വി.കെ. മുരളീധരന്‍, സോജി മാത്യു, വനിതാ ഓഫീസര്‍മാരായ ഷിയാമോള്‍, സജനി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. മിനിയെ കോട്ടയം ജില്ലാ ജയിലിലേക്കും കുട്ടികളെ ജുവനൈല്‍ ഹോമിലേക്കും മാറ്റി.

Related posts