ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി

knr-krishiമട്ടന്നൂര്‍: ചാവശേരി മണ്ണോറയില്‍ ഒന്നരയേക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് ഉത്സവം നടന്നു. കീഴൂര്‍-ചാവശേരി കൃഷി ഓഫീസര്‍ പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വിഷുവിന് വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യത്തോടെയാണ് ചാവശേരി നവഭാവന കലാകായിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറിക്ക് തുടക്കം കുറിച്ചത്.   ചാവശേരി-വെളിയമ്പ്ര റോഡില്‍ തരിശായി കിടന്ന സ്ഥലം പച്ചക്കറി നടാനായി തെരഞ്ഞെടുക്കുകയായിരുന്നു. റിട്ട. കൃഷി ഓഫീസര്‍ രവീന്ദ്രന്‍ മുണ്ടയാടന്റെ നേതൃത്വത്തില്‍ ജൈവ പച്ചക്കറിയുടെ വിത്തു പാകുകയും പച്ചക്കറിയില്‍ നൂറുമേനി വിളയിക്കുകയുമായിരുന്നു.

വിശാലമായി പരന്നുകിടക്കുന്ന സ്ഥലത്ത് വെളളരി, ചീര, പയര്‍, മത്തന്‍, കുമ്പളം, ചൂരക്ക, പടവലം, വെണ്ട, കയ്പ തുടങ്ങിയ ഇനം പച്ചക്കറിയാണ് വിളവെടുപ്പിനായത്. കൃഷിഭവന്റെ സഹായത്തോടെ നട്ടുവളര്‍ത്തിയ പച്ചക്കറിക്ക് ജൈവവളം മാത്രമാണ് ഉപയോഗിച്ചതെന്ന് രവീന്ദ്രന്‍ മുണ്ടയാടന്‍ പറഞ്ഞു. വിളവെടുപ്പ് ഉത്സവത്തില്‍ സി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കൃഷി അസിസ്റ്റന്റ് പി. മനോജ്, വയനാന്‍ ശശി, ഇ. രാഘവന്‍ നമ്പ്യാര്‍, കെ.എം. പുരുഷോത്തമന്‍, എം. ബാലന്‍, കെ. അനില്‍, കെ.കെ. പ്രദീപന്‍, പി.വി. ഇന്ദിര, ആര്‍.ടി. രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts