തിരുവനന്തപുരം : ലോകം ഇന്ന് കബാലിപൂരം കൊണ്ടാടുന്നു. കലാസ്വാദകരെയാകെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം കബാലിയെ ആവേശിച്ചിരിക്കുന്നു. പതിവു പോലെ കേരളക്കരയും ആരവം ഒട്ടും ചോരാതെയാണ് കബാലിയെ വരവേറ്റിരിക്കുന്നത്. തലസ്ഥാന ജില്ലയില്‍ 10 തിയറ്ററുകളിലാണ് കബാലി പ്രദര്‍ശിപ്പിക്കുന്നത്. പുലര്‍ച്ചെ 5.30 ന് ആദ്യ പ്രദര്‍ശനം തുടങ്ങി. തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രം ആദ്യം കാണണമെന്നുള്ള വാശിയില്‍ ഇന്നലെ രാത്രി മുതല്‍ തിയറ്ററുകളുടെ സമീപം ആരാധകര്‍ തമ്പടിച്ചു.
കോട്ടയം ജില്ലയില്‍ ആദ്യത്തെ ഷോ തലയോലപ്പറമ്പിലെ കാര്‍ണിവല്‍ സിനിമാസില്‍ നടന്നു. നിറഞ്ഞ സദസില്‍ രാവിലെ 7.45നായിരുന്നു ആദ്യ ഷോ. കോട്ടയം ആഷയിലെ എട്ടു മണിയിലെ ഷോയുടെ ടിക്കറ്റുകള്‍ ഫാന്‍സുകാര്‍ നേരത്തെ തന്നെ കൈക്കലാക്കിയിരുന്നു. ബാക്കി ഷോകളുടെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റു പോയിരുന്നു. കോഴിക്കോട് ഫിലിം സിറ്റിയിലെ നാല് സ്ക്രീനിലും കോറണേഷന്‍, കൈരളി, രാധ എന്നീ തിയറ്ററുകളിലുമാണ് പുലര്‍ച്ചെ പ്രദര്‍ശനമുണ്ടായത്. കൈക്കുഞ്ഞുങ്ങളുമായി തിയറ്ററിലേക്ക് ഒഴുകിയെത്തിയ കുടുംബങ്ങളും തീയറ്റര്‍ ഉടമകളെ ഞെട്ടിച്ചു. ഇന്ന് പുലര്‍ച്ചെ ഉടമകളെ പോലും ഞെട്ടിക്കുന്ന തിരക്കാണ് പലയിടങ്ങളിലും കാണാന്‍ സാധിച്ചത്.
രാത്രി വൈകിയും തിയറ്ററുകള്‍ രജനി കട്ടൗട്ടറുകള്‍ കൊണ്ട് നിറയ്ക്കുന്നതിന്റെയും തോരണങ്ങളും പൂമാലകളും കൊണ്ട് അലങ്കരിക്കുന്നതിന്റെയും ധൃതിയിലായിരുന്നു ആരാധകര്‍. ഇന്നലെ തന്നെ തീയറ്ററുകളുടെ സമീപത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും ആരാധകര്‍ കയറിക്കൂടിയിരുന്നു. ദിവസങ്ങള്‍ മുമ്പ് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരും തങ്ങളുടെ ഇരിപ്പിടങ്ങള്‍ തര്‍ക്കമില്ലാതെ ഉറപ്പിക്കാന്‍ തിയറ്ററുകളുടെ സമീപം നിലയുറപ്പിച്ചു.
പുലര്‍ച്ചെ അഞ്ചോടെ പാലഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രദര്‍ശനം തുടങ്ങുന്നതിന് അല്പം മുമ്പ് തേങ്ങയുടച്ച് ആഘോഷങ്ങള്‍ തുടങ്ങി. പിന്നീട് , തിയറ്ററുകളുടെ പരിസരം കണ്ടത് ആവേശത്തിന്റെ കടലിരമ്പലായിരുന്നു. രജനിയുടെ കട്ടൗട്ടില്‍ പാലഭിഷേകം, വലിയ പൂമാലകള്‍ സ്റ്റൈല്‍ മന്നനെ വന്നു മൂടി, ഒപ്പം ചെണ്ടമേളത്തിന്റെ താളത്തില്‍ നൃത്ത ചുവടുകളുമായി ആവേശം പാരമ്യത്തിലേക്ക്.
തിയറ്ററിന്റെ ഗേറ്റ് തുറന്നതോടെ , തങ്ങളുടെ പ്രിയ താരത്തെ വലിയ സ്ക്രീനില്‍ പുതിയ സ്റ്റൈലില്‍ കാണാനുള്ള ഓട്ടം. ഷോ ആരംഭിച്ചപ്പോള്‍ പുറത്ത്് കാതടപ്പിക്കുന്ന ശബ്ദത്തില്‍ കമ്പക്കെട്ടിനു തുടക്കമായി. പുലര്‍ച്ചെ തുടങ്ങിയ ആദ്യ പ്രദര്‍ശനത്തിനു എല്ലാ തിയറ്ററുകളും നിറഞ്ഞുകവിഞ്ഞിരുന്നു. ആദ്യ ഷോ കണ്ടിറങ്ങിയവര്‍ പങ്കുവെച്ചത് രജനി ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയപ്രതീക്ഷ തന്നെ.
ടിക്കറ്റുകള്‍ക്ക് ബ്ലാക്കില്‍ 500 മുതല്‍ 1000 വരെ
തിരുവനന്തപുരം : സ്റ്റൈല്‍ മന്നന്റെ കബാലി ആദ്യ ദിനം തന്നെ കാണണമെന്ന വാശിയില്‍ ആരാധകര്‍ തിയറ്ററുകള്‍ കൈയടക്കിയപ്പോള്‍ ഇതിനെ മുതലെടുക്കാനും ചിലര്‍ രംഗത്തുണ്ട്. തലസ്ഥാനത്തെ മുഴുവന്‍ തിയറ്ററുകളിലും ബ്ലാക്കില്‍ ടിക്കറ്റുകള്‍ സജീവമാണ്. ആരാധകരുടെ ദൗര്‍ബല്യം മുതലെടുത്ത് വില്പന സജീവമാക്കിയവര്‍ ഈടാക്കുന്നത് വലിയ ടിക്കറ്റ് തുകയാണ്. ടിക്കറ്റ് വില 1000 -ല്‍ ചോദിച്ചു തുടങ്ങും കൂടുതല്‍ വാശിപിടിച്ചാല്‍ 500-ല്‍ മുന്‍ സീറ്റുകളില്‍ ഒതുങ്ങാം. ആദ്യ ദിനം ആറ് ഷോകള്‍ ഉള്ളത് ഇത്തരക്കാരുടെ കീശ വീര്‍പ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.