വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ ഹൈവേ റോഡിന്റെ സൈഡില്‍ അപകടത്തില്‍പ്പെട്ടതും ഉപയോഗ ശൂന്യമായതുമായ വാഹനങ്ങള്‍ പോലീസ് ഒത്താശയോടെ അനധികൃത പാര്‍ക്കിംഗ് നടത്തുന്നതായി ആക്ഷേപം. ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ പോലീസ് ഒത്താശയില്‍ വിലപേശി പണം വാങ്ങുന്നതായി ആക്ഷേപമുണ്ട്.റിക്കവറി വാഹനം ഉടമയും പോലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഈ അനധികൃത പാര്‍ക്കിംഗിന് പോലീസ് ഒത്താശ നല്‍കുന്നത്.
നിരവധി തവണ പാര്‍ക്കിംഗിനെതിരെ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്കാന് നാട്ടുകാര്‍ ശ്രമിച്ചെങ്കിലും പരാതി സ്വീകരിക്കുവാന്‍ പോലും സബ് ഇന്‍സ്പെക്ടര്‍ അടക്കമുള്ളവര്‍ തയ്യാറാകുന്നില്ല എന്നു അക്ഷേപമുണ്ട്. റിക്കവറി വാന്‍ ഉടമ ആക്രിവിലയില് വാങ്ങുന്ന വാഹനങ്ങള്‍ ഏകദേശം 20 എണ്ണത്തോളം വെഞ്ഞാറമൂട് തീയറ്റര്‍ ജംഗ്ഷന് മുതല്‍ മാണിക്കോട് മഹാദേവ ക്ഷേത്രം ജംഗ്ഷന്‍വരെ പാര്‍ക്ക് ചെയ്തിരിക്കുന്നത്.
കഴിഞ്ഞദിവസം കട്ടപ്പുറത്തിരിക്കുന്ന ലോറിയില്‍ നിയന്ത്രണം വിട്ടുവന്ന് ഇടിച്ച ഇന്നോവ കാര്‍ ഉടമയില്‍ നിന്നും വന്‍തുകയാണ് ആവശ്യപ്പെട്ടത്. കൊടുക്കുവാന്‍ കഴിയില്ല എന്ന് പറഞ്ഞ് കാര്‍ ഉടമ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കുവാന് ശ്രമിച്ചെങ്കിലും പരാതി സ്വീകരിക്കാന്‍ എസ്ഐ തയാറായില്ല. വൈകുന്നേരം വരെ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ നിന്നിട്ടും സംഭവ സ്ഥലം വന്നു നോക്കുന്നതിനോ കാര്‍ സംഭവ സ്ഥലത്തു നിന്നും മാറ്റുന്നതിനോ പോലീസ് തയാറായില്ല.
ഒടുവില്‍ വാഹനഉടമ ആറ്റിങ്ങല്‍ എസിപിയുമായി ബന്ധപ്പെടുവെങ്കിലും ഫലമുണ്ടായില്ല. തിരക്കേറിയ സ്റ്റേറ്റ് ഹൈവേ റോഡരികിലെ പാര്‍ക്കിംഗിനെതിരെ കണ്ണടയ്ക്കുകയാണ് പോലീസും കെഎസ്ടിപിയും അടിയന്തിരമായി ഈ പാര്‍ക്കിംഗ് ഒഴിവാക്കിയില്ലെങ്കില്‍ വന്‍ദുരന്തം പ്രതിഷേധം ശക്തമാകുകയാണ്.