അവധി ദിനങ്ങള്‍ ആഘോഷിച്ച് ജനങ്ങള്‍; കോട്ടയത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വന്‍തിരക്ക്

KTM-VAGAMONകോട്ടയം: ഓണത്തിനുശേഷം അടുത്തടുത്ത് അവധി ദിവസങ്ങള്‍ എത്തിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമണ്‍, കുമരകം, ഇല്ലിക്കകല്ല് എന്നിവിടങ്ങളിലാണ് സഞ്ചാരികള്‍ കൂട്ടത്തോടെ എത്തിയത്. ശനിയാഴ്ച മുതലാണു വാഗമണ്ണില്‍ തിരക്ക് തുടങ്ങിയത്. മഹാനവമി ദിവസമായ തിങ്കളാഴ്ചയാണു വാഗമണ്ണില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വലിയ ടൂറിസ്റ്റ് ബസുകളിലും ട്രാവലറുകളിലും എത്തിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.

പലരും മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും നാട്ടുകാരും നന്നേ പാടുപെട്ടു. മൊട്ടക്കുന്നിന്റെ താഴ് ഭാഗത്തുനിന്നും പൈന്‍മരക്കാടു വരെയുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ഇവിടങ്ങളില്‍ പോലീസിന്റെ സാന്നിധ്യം കുറവായിരുന്നു. വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ലഭിക്കാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണമായത്. മൊട്ടക്കുന്നിലും പൈന്‍മരക്കാട്ടിലുമാണ് ആളുകള്‍ കൂടുതലും തങ്ങിയത്.

വാഗമണ്ണില്ലെ എല്ലാ റിസോര്‍ട്ടുകളും നേരത്തെ തന്നെ ആളുകള്‍ ബുക്കു ചെയ്തിരുന്നു. ഹോം സ്‌റ്റേകളിലും ആളുകളുടെ തിരക്കായിരുന്നു. ആയിരക്കണക്കിനാളുകള്‍ കൂട്ടത്തോടെ എത്തിയതോടെ ഹോട്ടലുകളിലും മറ്റും ഭക്ഷണവും തീര്‍ന്നു. പലര്‍ക്കും ഭക്ഷണം കിട്ടാതെ വന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വികസിക്കാത്ത ഇവിടെ പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സൗകര്യങ്ങള്‍ കുറവാണ്. ടൂറിസം വകുപ്പിന്റെ കെട്ടിടങ്ങള്‍ കാടുപിടിച്ചു കിടക്കുകയാണ്. ടൂറിസം വികസനരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇതു നല്‍കുവാന്‍ ടൂറിസം വകുപ്പ് തയാറായിട്ടില്ല.

വാഗമണ്ണിന്റെ സമീപപ്രദേശങ്ങളായ ഇലവീഴാപൂഞ്ചിറ, പരുത്തുംപാറ, പാഞ്ചാലിമേട്, കാഞ്ഞാര്‍, അറക്കുളം, ഇല്ലിക്കകല്ല്, മാര്‍മല തുടങ്ങിയ സ്ഥലങ്ങളിലും രണ്ടു ദിവസമായി സഞ്ചാരികളുടെ തിരക്കാണ്. കുമരകത്ത് ശനിയാഴ്ച മുതല്‍ ഒരൊറ്റ ഹൗസ് ബോട്ടു പോലും കിട്ടാത്ത അവസ്ഥയായിരുന്നു. എല്ലാം ആഴ്ചകള്‍ക്കു മുമ്പേ ബുക്കു ചെയ്തിരുന്നു. റിസോര്‍ട്ടുകളും ബുക്കിംഗ് ആയിരുന്നു. അവധി ദിവസം മുതലാക്കി ഹൗസ് ബോട്ടുകള്‍ ചാര്‍ജ് 1000 രൂപ വരെ വര്‍ധിപ്പിച്ചു. കായല്‍ സൗന്ദര്യം ആസ്വദിക്കാനും കരിമീന്‍ ഉള്‍പ്പെടെയുള്ള നാടന്‍ വിഭവങ്ങള്‍ ഭക്ഷിക്കാനുമായി അന്യസംസ്ഥാനത്തു നിന്നുവരെ ആളുകള്‍ എത്തിയിരുന്നു.

ജില്ലയില്‍നിന്നും മൂന്നാറിലേക്കും അതിരപ്പിള്ളിയിലേക്കും പോയ സഞ്ചാരികളും ഗതാഗതക്കുരുക്കില്‍ കുടുങ്ങി. വെള്ളിയാഴ്ച രാത്രി മുതല്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹമായിരുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മണിക്കൂറുകളോളമാണു വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിയത്. രാത്രിയിലും കുരുക്ക് തുടര്‍ന്നു. അങ്കമാലിയില്‍- അതിരപ്പിള്ളി റൂട്ടില്‍ ഏഴാറ്റുമുഖത്ത് തിങ്കളാഴ്ച വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഏഴാറ്റുമുഖം പ്രകൃതിഗ്രാമം സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികള്‍ ഇടുങ്ങിയ റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനം പാര്‍ക്ക് ചെയ്തതാണ് ഇവിടെ ഗതാഗതക്കുരുക്കുണ്ടാകാന്‍ പ്രധാന കാരണം. നാലുമണിക്കൂറിലേറെ ഈ ഭാഗത്ത് ഗതാഗതതടസമുണ്ടായതായി സഞ്ചാരികള്‍ പറഞ്ഞു. അതിരപ്പിള്ളിയിലും അഭൂതപൂര്‍വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

Related posts