എരുമേലി: തോട്ടിലൂടെ ഒഴുകിവന്ന ആമയെ കരയിലേയ്ക്ക് കയറ്റിയപ്പോള്‍ കൗതുകം തോന്നി ആമയുടെ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു നിരവധി ലൈക്കും കിട്ടി. ഇതറിഞ്ഞ് വനംവകുപ്പിലെ ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ച് എത്തിയപ്പോള്‍ ആമയെ വില്‍ക്കാനായി ശ്രമം പുരോഗമിക്കുകയായിരുന്നു. കച്ചവടക്കാരെന്ന വ്യാജേന അടുത്തുകൂടിയ വനപാലകര്‍ കച്ചവടം ഉറപ്പിച്ചതിനൊടുവില്‍ വില്‍പ്പനയ്ക്ക് ശ്രമിച്ചവരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം. പത്തനംതിട്ട ചുങ്കപ്പാറ അമ്പാട്ടുകുന്നേല്‍ റഷീദ് (55), മണിമല കരിമ്പനക്കുളം പുത്തന്‍പറമ്പില്‍ ജോര്‍ജ് കുര്യന്‍ (52) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. രണ്ട് ദിവസത്തോളം ആമയെ കൈവശം സൂക്ഷിച്ച് വില്‍ക്കാന്‍ ശ്രമിച്ചതിന് റഷീദിനെ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ പ്ലാച്ചേരി ഫോറസ്റ്റ് സംഘമാണ് രണ്ടാം പ്രതിയെ പിടികൂടിയത്.
പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന ആമയെ അടുത്ത ദിവസം വനത്തിനുള്ളില്‍ ഉചിതമായ ആവാസ സ്ഥലത്ത് തുറന്ന് വിടുമെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രതീഷ് പറഞ്ഞു. ആമയെ പിടികൂടുന്നതും വില്‍ക്കുന്നതും കുറ്റകരമാണെന്ന് അറിയില്ലായിരുന്നുവെന്ന് പ്രതികള്‍ പറഞ്ഞെന്ന് വനപാലകര്‍ പറഞ്ഞു.