സെലസ്റ്റന്രാജ്
പാറശാല: മറ്റൊരു അധ്യാപക ദിനംകൂടി കടന്നു പോകുമ്പോള്‍ ഇരുട്ടില്‍ നിന്നും കുരുന്നുകള്‍ക്ക് വെളിച്ചം പകര്‍ന്നു നല്‍കുകയാണ് പാറശാല സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായ സൈമണ്‍ മാഷ്. ജോലിയില്‍ പ്രവേശിച്ചിട്ട് മൂന്നു വര്‍ഷമേ ആയുള്ളൂവെങ്കിലും സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും മറ്റ് അധ്യാപകര്‍ക്കും പ്രിയങ്കരനാണ് ഇദ്ദേഹം. അകക്കണ്ണിലൂടെ വിദ്യാര്‍ഥികളെയും അവരുടെ മനസ്സിനേയും കാണാന്‍ കഴിയുന്നുവെന്നാണ് സൈമണ്‍ മാഷ് പറയുന്നത്. അമരവിളക്കു സമീപം, ആറയൂര്‍, ഡിവൈന്‍ കോട്ടേജില്‍ സൈമണ്‍ രണ്ടരവയസ്സിനു ശേഷം കാഴ്ച നഷ്ടപ്പെടുകയായിരുന്നു. വര്‍ക്കല സ്പെഷ്യല്‍ സ്കൂളിലും കോട്ടയം കുടമാളൂരിലെ ഗവണ്മെന്റ് ഹൈസ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സൈമണ്‍ പ്രീ-ഡിഗ്രി നാട്ടകം ഗവണ്മെന്റ് കോളജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നും ബിരുദകരസ്ഥമാക്കുകയും ചെയ്തു.
ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം 10 വര്‍ഷം വെള്ളയമ്പലത്ത് പബ്ലിക് എസ്ടിസി ബൂത്തും ഫോട്ടോസ്റ്റാറ്റ് കടയും നടത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അതിനുള്ള സൗകര്യം ഒരുക്കികൊടുത്തതത്രെ. തുടര്‍ന്ന് 2007-08 വര്‍ഷത്തില്‍ നാലാഞ്ചിറ മാര്‍ തെയോഫിലസ് കോളജില്‍ നിന്നും അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി. 2013 ല്‍ സെക്കണ്ടറി സ്കൂളില്‍ നിയമിതനായി.മുന്നിലുള്ള പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ജീവിക്കുക എന്നതാണ് നമ്മള് ചെയ്യേണ്ടതെന്നും അതാണ് തന്നെ അധ്യാപകനാക്കിയതെന്നും സൈമണ്‍ മാഷ് പറയുന്നു. സ്വന്തം കാര്യങ്ങളെല്ലാം പരസഹായമില്ലാതെ സ്വന്തമായും ചെയ്യുന്നുണ്ട്.
വിദ്യാര്‍ഥികള്‍ക്കാവശ്യമായ നോട്ടുകള്‍ ഭാര്യയുടെ സഹായത്തോടെ തയ്യാറാക്കുകയും ക്ലാസിലെ വിദ്യാര്‍ഥികളെ കൊണ്ട് ബോര്‍ഡില്‍ എഴുതിപ്പിച്ച് മറ്റു വിദ്യാര്‍ഥികള്‍ എഴുതി എടുക്കാറാണ് ചെയ്യുന്നത്. മാഷിന് കാഴ്ചയില്ലെങ്കിലും അതു മുതലെടുത്ത് വിദ്യാര്‍ഥികള്‍ കുസൃതികള്‍ കാണിക്കാറില്ലെന്നും വളരെ സ്നേഹത്തോടും ബഹുമാനത്തോടുമാണ് കുട്ടികളും മറ്റ് അധ്യാപകരും പെരുമാറുന്നത്. മാഷിനു രണ്ടു പെണ്മക്കളാണ്. മൂത്തമകന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡിഫാം ഇളയ മകന് അച്ഛന്റെ സ്കൂളില്‍ തന്നെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്.നമ്മളും സമൂഹത്തിന്റെ ഭാഗം തന്നെയാണെന്നും സമൂഹത്തിന്റെ പിന്തുണ പലപ്പോഴും ലഭിക്കാറില്ലെന്നും പിന്തുണ ലഭിക്കണമെന്നും സ്കൂളില്‍ നിന്നും എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്നും സൈമണ്‍ മാഷ് പറയുന്നു.