ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ മെഡല്‍ തിളക്കവുമായി മേരി ടീച്ചര്‍

EKM-MERY-TEACHERതഴുവംകുന്ന്: പ്രായമേശാത്ത മത്സരാവേശവും വിജയപാരമ്പര്യവുമായി  മേരി ടീച്ചര്‍. കഴിഞ്ഞ നാലുമുതല്‍ എട്ടുവരെ സിംഗപ്പൂരില്‍ നടന്ന 19-ാമത് ഏഷ്യന്‍ മാസ്റ്റേഴ്‌സ്  അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീച്ചര്‍  4 100 റിലേയില്‍ സ്വര്‍ണവും  സ്റ്റിപ്പിള്‍ ചെയ്‌സില്‍ വെങ്കലവും നേടിയാണ് വിജയക്കുതിപ്പ് തുടരുന്നത്.  70 വയസിനു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ മത്സരിച്ച് ടീച്ചര്‍ ഈ നേട്ടം കൈവരിച്ചുവെന്നതും പ്രത്യേകതയാണ്.  മത്സരത്തില്‍ ഇന്ത്യക്കായിരുന്നു ഓവറോള്‍ കിരീടം.

കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്,വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് എച്ച്എസ്, മുതലക്കോടം ഹൈസ്കൂള്‍, ബിടിഎ വാഴക്കുളം, ഏഴല്ലൂര്‍ യുപിഎസ്  എന്നിവിടങ്ങളില്‍ സേവനം ചെയ്തശേഷം വിരമിച്ച ടീച്ചറിന് വിശ്രമജീവിതം കായികനേട്ടങ്ങളുടെ കാലയളവായി മാറിയിരിക്കുകയാണ്.1963-ല്‍  പട്യാലയില്‍നിന്നു ഖോഖോയിലും  കബഡിയിലും പരിശീലനവും തുടര്‍ന്നു നടന്ന നരവധി പങ്കെടുത്ത് മെഡലുകളും നേടിയിട്ടുണ്ട്. ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹൈസ്കൂളിലെ കായികാധ്യാപകനായ അനീഷ് തോമസാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

ജീവിതശൈലി രോഗങ്ങളില്‍നിന്നു മുക്തിനേടി ക്രമവും ചിട്ടയുമാര്‍ന്ന ജീവിതരീതി സ്വായത്തമാക്കി ഉന്മേഷത്തോടെ  മുന്നേറുന്ന ടീച്ചറിന്  വാര്‍ധക്യമെന്നത് രണ്ടാം യുവത്വമാണെന്ന് കായികരംഗത്തെ നേട്ടങ്ങള്‍ തെളിയിക്കുന്നു. കല്ലൂര്‍ക്കാട് ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന  ജോസഫ് കളപ്പുരയ്ക്കലിന്റെ മകന്‍ പരേതനായ കെ.ജെ. ജോസഫിന്റെ (ഷാജിസാര്‍)ഭാര്യയും  കൊഴുവനാല്‍ വടയാറ്റുകുന്നേല്‍ കുടുംബാംഗവുമാണ്. മക്കള്‍: അരുണ്‍ വിജോയ് ജോസ് (ഓസ്‌ട്രേലിയ), എബി ജോസ് (പൂനെ). ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോക മാസ്‌റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍  യോഗ്യത നേടിയിട്ടുള്ള മേരി ടീച്ചര്‍ ഇവിടെയും മെഡല്‍ നേടാനുള്ള കഠിന ശ്രമത്തിലാണ്.

Related posts