കോട്ടയം: ഇടവേളയ്ക്കുശേഷം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ബ്ലേഡ് മാഫിയ സംഘങ്ങള്‍ പിടിമുറുക്കുന്നു. ഓപ്പറേഷന്‍ കുബേര നിര്‍ജീവമായതോടെയാണു വിവിധ സ്ഥലങ്ങളില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കിയത്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊന്‍കുന്നം, പാലാ, കുമരകം, കടുത്തുരുത്തി, തലയോലപറമ്പ്, വൈക്കം തുടങ്ങിയ സ്ഥലങ്ങളിലെ കോളനികള്‍, ഉള്‍നാടന്‍ പ്രദേശങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ബ്ലേഡ് മാഫിയ പ്രവര്‍ത്തനം സജീവമാക്കിയിരിക്കുന്നത്.
പാവപ്പെട്ട കൂലി തൊഴിലാളികളാണ് സംഘത്തിന്റെ വലയില്‍പ്പെട്ടിരിക്കുന്നവരില്‍ കൂടുതല്‍. ഇവരെ കൂടാതെ വ്യാപാരികളും നിര്‍മാണ മേഖലയിലെ കോണ്‍ട്രാക്ടര്‍മാരും ബ്ലേഡ് മാഫിയയുടെ ചതിവില്‍പ്പെട്ടിട്ടുണ്ട്. വട്ടിപ്പലിശയ്ക്ക് പണം കടം വാങ്ങി കിടപ്പാടം പോലും നഷ്ടപ്പെട്ടവര്‍ ഏറെയാണ്. ഒരിക്കല്‍ ബ്ലേഡ് മാഫിയയുടെ വലയില്‍പ്പെട്ടാല്‍ പിന്നീട് ഇതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയാത്ത വിധമാണ് മാഫിയകള്‍ ഇടപാടുകാരുടെ മേല്‍ പിടിമുറുക്കിയിരിക്കുന്നത്.
1000രൂപ മുതല്‍ ലക്ഷങ്ങള്‍ വരെയുള്ള ഇടപാടുകളാണ് കൊള്ള പലിശയ്ക്ക് ഇവര്‍ നല്‍കുന്നത്. തമിഴ്‌നാട്ടില്‍നിന്നും എത്തുന്ന സംഘങ്ങളാണ് പലിശയ്ക്ക് പണം നല്‍കുന്ന പ്രവര്‍ത്തനത്തിന് വ്യാപകമായി ജില്ലയില്‍ തുടക്കമിട്ടിരിക്കുന്നത്. വസ്തുവും വീടും എഴുതി വാങ്ങി പണം നല്കുന്ന ഏര്‍പ്പാട് ഓപ്പറേഷന്‍ കുബേരയ്ക്കു ശേഷം ഏറെക്കുറെ നിലച്ചിരിക്കുകയാണ്. വാഹനങ്ങളുടെ ആര്‍സി ബുക്കും വില്‍പ്പന കരാര്‍ ഉടമ്പടിയും ഒപ്പിട്ട് വാങ്ങിയാണ് ഇപ്പോള്‍ പണം നല്കുന്നത്. വാഹനങ്ങളുടെ വില്പന നടന്നതായി മുഴുവന്‍ രേഖകളും തയാറാക്കിയാണ് പണം കടം കൊടുക്കുന്നത്.
ദിവസ പലിശയ്ക്കാണ് ഇവര്‍ പണം നല്‍കുന്നത്. 1000രൂപ ഒരാള്‍ക്ക് നല്‍കുമ്പോള്‍ 10 ദിവസംകൊണ്ട് 1250രൂപ ലഭിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഇവര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഇവര്‍ കൂടുതലായും ചെറുകിട വ്യാപാരികളെയാണ് ലക്ഷ്യമിടുന്നത്. പണം വാങ്ങിയാല്‍ പലിശയും കൂട്ടുപലിശയുമായി വാങ്ങിയ തുകയുടെ ഇരട്ടി മടക്കി നല്‍കിയാലും കടം തീരാത്ത വിധത്തിലുള്ള തന്ത്രമാണ് മാഫിയകള്‍ തയാറാക്കിയിരിക്കുന്നത്. ഇതിനിടയില്‍ ഒരു സംഘത്തിന് പലിശ നല്‍കാന്‍ മറ്റൊരു സംഘത്തിന്റെ പക്കല്‍ നിന്നും പണം കടമെടുത്ത് ഒടുവില്‍ കടക്കെണിയിലായി ജീവിതം തകര്‍ന്നവര്‍ നിരവധിയാണ്.