ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ മുന്നറിയിപ്പ്. ഏതു സമയവും പ്രധാനമന്ത്രി നരേന്ദ്ര മോദി താങ്കള്‍ക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്ന് കേജരിവാള്‍ ട്വിറ്ററിലൂടെ സിസോദിയയ്ക്ക് മുന്നറിയിപ്പ് നല്കി. പുതുതായി നിര്‍മ്മിച്ച കോളജ് കെട്ടിടം സിസോദിയ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയായിരുന്നു കേജരിവാളിന്റെ ട്വീറ്റ്.
കോളജ് കെട്ടിടം ഉണ്ടാക്കാനുള്ള അധികാരം ഇല്ലെന്നുകാണിച്ച് മോദീജി താങ്കള്‍ക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടേക്കും. കരുതിയിരുന്നോളൂ-കേജരിവാള്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. ദീന്‍ ദയാല്‍ ഉപാധ്യയുടെ പേരിലുള്ള കോളജിന്റെ പുതിയ കെട്ടിടം ധ്വാരക സെക്ടര്‍ 4ല്‍ ആണ്. ഇതിന്റെ ഉദ്ഘാടനത്തിനുശേഷം പിഡബ്ല്യുഡി എന്‍ജിനിയര്‍ക്ക് നന്ദി അറിയിച്ചും ഫയലുകള്‍ തയാറാക്കി വക്കണമെന്ന നിര്‍ദേശം നല്കിയും സിസോദിയ ട്വിറ്ററില്‍ സന്ദേശം കുറിച്ചിരുന്നു.