ചൂളം വിളിച്ച് കഞ്ചാവ് ; ട്രെയിനുകളില്‍ പരിശോധനയ്ക്ക് മാര്‍ഗമില്ലാതെ എക്‌സൈസ്

tvm-trainപരവൂര്‍: അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കടത്തുമ്പോള്‍ ഇവരെ പിടികൂടാന്‍ റെയില്‍വേയുടെ നിയമങ്ങള്‍ എക്‌സൈസ് സംഘത്തിന് തടസമാകുന്നു. നിലവില്‍ ട്രെയിനില്‍ പരിശോധന നടത്തണമെങ്കില്‍ എക്‌സൈസിന് ടിക്കറ്റ് എടുത്ത് വേണം അകത്ത് കടക്കാന്‍.സംശയം തോന്നുന്നവരെ പരിശോധിക്കണമെങ്കില്‍ അത് റെയില്‍വേസ്റ്റേഷന് പുറത്ത് വച്ച് മാത്രമേ നിര്‍വാഹമുളളു. ഇതും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക്  വിലങ്ങുതടിയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍  ജില്ലയില്‍  എക്‌സൈസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ കഞ്ചാവ് സംഘത്തിലെ പ്രധാനി ഉള്‍പ്പടെ നാലുപേര്‍ എക്‌സൈസിന്റെ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് ജില്ലയിലെ കൂടുതല്‍ കഞ്ചാവ് കച്ചവടക്കാരെക്കുറിച്ചുളള വിവരം എക്‌സൈസിന് ലഭിച്ചതായാണ് സൂചന. കൊല്ലം, പരവൂര്‍, കാപ്പില്‍ തുടങ്ങിയ റെയില്‍വേസ്റ്റേഷനുകള്‍ വഴി കഞ്ചാവ് കടത്ത് നടക്കുന്നതായി മുന്‍പും സൂചനകള്‍ ഉണ്ടായിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ വഴി ട്രെയിന്‍ മാര്‍ഗമാണ് കേരളത്തില്‍ കഞ്ചാവ് എത്തുന്നത്.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും ട്രെയിനില്‍ വന്‍തോതില്‍ തേനിയില്‍ എത്തിച്ച് കേരളത്തിലെ വിവിധ ജില്ലകളിലെ കച്ചവടക്കാര്‍ക്ക് മൊത്തവില്‍പന നടത്തുകയാണ് സംഘം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സഹചര്യത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സ്പിരിറ്റ് , കഞ്ചാവ് , പാന്‍മസാല എന്നിവ കേരളത്തിലേക്കു വന്‍തോതില്‍ കടത്താന്‍ സാധ്യതയുളളതായി എക്‌സൈസും പോലീസും സമ്മതിക്കുമ്പോഴും ഇവരെ പിന്‍തുടര്‍ന്ന് പിടികൂടാന്‍ റെയില്‍വേയിലെ ചില നിയമങ്ങള്‍ എക്‌സൈസിന് തടസമാകുന്നതായാണ് സൂചന .

Related posts