ഛോട്ടാമുംബൈയിലെ നടേശന്റെ ഓര്‍മകളുമായി നടി വിജയകുമാരി

klm-vijayakumariസന്തോഷ ്പ്രിയന്‍
കൊല്ലം: ഛോട്ടാമുംബൈയിലെ നടേശന്‍ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ  അമ്മയായി അഭിനയിച്ച നടി വിജയകുമാരി ഒ.മാധവന്‍, കലാഭവന്‍മണിയുടെ  ഓര്‍മകളിലൂടെ വേദന പങ്കുവയ്ക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ബെന്നി പി.നായരമ്പലം തിരക്കഥയെഴുതി 2007ല്‍ പുറത്തിറങ്ങിയ ഛോട്ടാമുംബൈയില്‍ കലാഭവന്‍മണിക്കൊപ്പം വ്യത്യസ്ത കഥാപാത്രത്തെയാണ് വിജയകുമാരി അവതരിപ്പിച്ചത്. വീട്ടില്‍ അടച്ചിട്ട ഭ്രാന്തിയായ മാതാവിനോട് മകന്‍ കാണിയ്ക്കുന്ന ക്രൂരതകളാണ് രണ്ടുപേരും മികച്ചതാക്കിയത്. എറണാകുളം മട്ടാഞ്ചേരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍  സ്വന്തം മകനെപോലെ സ്‌നേഹവാത്സല്യത്തോടെയാണ് മണി പെരുമാറിയതെന്ന് വിജയകുമാരി ഓര്‍ക്കുന്നു. ഒരു നടന്റെ ജാടയോ ഗൗരവമോ കാട്ടാതെ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറാന്‍ പഠിച്ച കലാകാരനായിരുന്നു മണി.

ഓരോ ഷോട്ടും കഴിഞ്ഞ് ഓടി അടുത്തുവന്ന് തമാശകളും മിമിക്രിയും കാട്ടി സെറ്റിലുള്ളവരെ രസിപ്പിക്കുന്നത് മണിയുടെ ്പ്രത്യേകതയാണ്. സ്വന്തം അമ്മയോട് തമാശയും കളിയും ചിരിയും കാട്ടുന്നതുപോലെയായിരുന്നു തന്നോടും കലാഭവന്‍മണി ചെയ്തിരുന്നത്. കലാഭവന്‍മണിയുമായി ഈയൊരു ചിത്രത്തില്‍ മാത്രമേ വിജയകുമാരി ഒരുമിച്ച് അഭിനയിച്ചിട്ടുള്ളുവെങ്കിലും ഒരുപാട് പടങ്ങളില്‍ ഒന്നിച്ച അനുഭവമാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും വിജയകുമാരി അനുസ്മരിക്കുന്നു.

ഈ സിനിമയില്‍ ദുഷ്ടനായ കഥാപാത്രത്തെ   മണി മികവുറ്റതാക്കി. കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ കഥ പറയുന്ന ഛോട്ടാമുംബൈയില്‍ പോലീസ് ഓഫീസറുടെ വേഷമാണ് കലാഭവന്‍മണി ചെയ്തത്. മോഹന്‍ലാലിന്റെ പ്രതിനായകനായാണ് മണി ഈ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രം ഹിറ്റാവുകയും ചെയ്തു.മണിയുടെ വേര്‍പാട് അറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്ന് വിജയകുമാരി വേദനയോടെ പറയുന്നു. ചലച്ചിത്രലോകത്തിന് ഈ വേര്‍പാട് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. മണിയ്ക്ക് പകരം മണി മാത്രമേ ഉള്ളുവെന്നും വിജയകുമാരി പറഞ്ഞു.

Related posts